
വിവരണം
മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ എത്രത്തോളം മനുഷ്യ ശരീരത്തില്‍ ദൂഷ്യമുണ്ടാക്കുന്നുണ്ടെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൊബൈല്‍ കയ്യിലുണ്ടെങ്കില്‍ എന്ത് സംഭവിക്കുമെന്ന തലക്കെട്ട് നല്‍കിയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഒരു ആള്‍ക്കൂട്ടത്തിന് മുന്നില്‍ പൂര്‍ണ്ണ ആരോഗ്യവാനായ ഒരു വ്യക്തിയെ നിര്‍ത്തി അദ്ദേഹത്തിന്‍റെ കൈ ഒരു വശത്തേക്ക് നീട്ടി നില്‍ക്കാന്‍ പറയുകയാണ് അവതരിപ്പിക്കുന്ന യുവാവ്. ശേഷം താന്‍ കൈ താഴേക്ക് താഴ്ത്താന്‍ ശ്രമിക്കുമ്പോള്‍ ഇതിനെ പ്രതിരോധിക്കും വിധം ശക്തിയായി മുകളിലേക്ക് കൈ ഉയര്‍ത്തണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ കൈ താഴ്ത്താന്‍ ശ്രമിക്കുമെങ്കിലും താഴ്ത്താന്‍ കഴിയാത്ത വിധം ശരീരത്തിന്‍റെ ആരോഗ്യം വീഡിയോയില്‍ കാണിക്കുന്നു. ഇതിനുശേഷം ഇതെ വ്യക്തിയോട് മൊബൈല്‍ ഫോണ്‍ ഒരു കയ്യില്‍ പിടിച്ച ശേഷമോ പോക്കറ്റില്‍ ഇട്ടോ നിന്നിട്ട് ഇതെ പോലെ വീണ്ടും കൈ അകത്താന്‍ പറയുന്നു. ഇത്തവണം യുവാവ് ഈ വ്യക്തിയുടെ കൈ വളരെ എളുപത്തില്‍ ബലം കൊടുക്കാതെ തന്നെ ഒരു വിരല്‍ കൊണ്ട് താഴ്ത്തുന്നതാണ് വീഡിയോ. ഇത് മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ സരീരത്തിലുണ്ടാക്കുന്ന മാറ്റത്തെ വ്യക്തമാക്കുന്നതാണെന്നാണ് വീഡിയോയിലെ അവകാശവാദം. 2019 മുതല്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. 2020 ജനുവരി 12ന് ബാലചന്ദ്രന്‍ എഎല്‍പിവൈ എന്ന പേരിലുള്ള പ്രൊഫൈലില്‍ ഇതെ വീഡിയോ വീണ്ടും പങ്കുവെച്ചിട്ടുണ്ട്. ഇതാണ് പ്രചരിക്കുന്ന വീഡിയോ-
യഥാര്‍ത്ഥത്തില്‍ മനുഷ്യ ശരീരത്തില്‍ മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെ ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ള ഒരു പരീക്ഷണമാണോ ഇത്? വീഡിയോയില്‍ കാണുന്നത് പോലെ ഒരാളുടെ ബലത്തെ പോലും മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ സ്വാധീനിക്കുന്നുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ശാസ്ത്രീയമായ രീതിയില്‍ തന്നെയുള്ള ഒരു പരീക്ഷണമാണോ ഇത് എന്ന് അറിയാന്‍ കോളജ് അധ്യാപകനും ശാസ്ത്ര പ്രഭാഷകനുമായ അരവിന്ദുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-
തികച്ചും അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഈ വീഡിയോയിലൂടെ. ഏതൊരു വ്യക്തിക്കും എത്ര ആരോഗ്യവാനാണെങ്കിലും ഒരു വ്യക്തിയുടെ കൈ ഒരു നിശ്ചിത സമയത്തോളെ ബലം കൊടുത്താന്‍ എളുപ്പത്തില്‍ താഴ്ത്താന്‍ സാധിക്കും അത് ഇനി മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സാധ്യമാണ്. മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ എത്തരത്തിലാണ് മനുഷ്യശരീരത്തെ ദോഷമായി ബാധിക്കുന്നത് എന്ന് സംബന്ധിച്ച് ഇപ്പോഴും പഠനങ്ങള്‍ പുരോഗമിക്കുകയാണ്. അല്ലാതെ ഇത്തരത്തിലുള്ള വീഡിയോകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് തന്നെ ചെയ്ത് നോക്കാന്‍ സാധിക്കുന്ന പരീക്ഷണമാണ് വീഡിയോയിലുള്ളത്. ഏതൊരു വ്യക്തിയുടെ കയ്യും നിങ്ങള്‍ക്ക് എളുപ്പത്തില്‍ പിടിച്ച് താഴ്ത്താന്‍ സധിക്കും. സംശയമുള്ളവര്‍ സ്വന്തമായി പരീക്ഷിച്ചു നോക്കി സ്ഥിരീകരിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
യൂട്യൂബിലും ശാസ്ത്രലോകം എന്ന പേരില്‍ ബൈജു രാജ് എന്ന യൂട്യൂബ് ചാനലില്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ഇതെ വീഡിയോയിലെ അശാസ്ത്രീയതയെ തുറന്ന് കാട്ടിയുള്ള വീഡിയോ പങ്കുവെച്ചതായും കണ്ടെത്താന്‍ കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ പിന്നില്‍ മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന സ്റ്റിക്കര്‍ കച്ചവടമാണ് ലക്ഷ്യമെന്നും വീഡിയോയുടെ ബാക്കി ഭാഗം ഉള്‍പ്പെടുത്തി യൂട്യൂബര്‍ വിവരിക്കുന്നുണ്ട്.
ബൈജു രാജിന്‍റെ ശാസ്ത്രലോകം എന്ന ചാനലില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ-
നിഗമനം
തികച്ചും അശാസ്ത്രീയമായ ഒരു പരീക്ഷണമാണ് വീഡിയോയിലൂടെ പ്രചരിക്കുന്നത്. മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന പേരില്‍ വില്‍ക്കുന്ന ഒരു സ്റ്റിക്കറിന്‍റെ മാര്‍ക്കറ്റിങ് മാത്രമാണ് ഈ വീഡിയോയുടെ ലക്ഷ്യമെന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ശരീരത്തിലുണ്ടാക്കുന്ന മാറ്റം ഈ പരീക്ഷണത്തിലൂടെ കണ്ടെത്താന്‍ കഴിയുമോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False
