ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ തമ്മിലടിക്കുന്ന വീഡിയോയാണോ ഇത്?

രാഷ്ട്രീയം | Politics

വിവരണം

പേര് ആo ആദ്മി.നടക്കുന്നത് വളരെ രസകരം.കേരള നിയമസഭ യെ വെല്ലും.നോക്കൂ…എംഎൽഎ മാർ തമ്മിൽ അടി.😂😂😂😂😂🤔🤔പാവം കേജൂ അണ്ണൻ എങ്ങനേ ഭരിക്കും?? എന്ന പേരില്‍ ഒരു വീഡിയോ സമൂമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു യോഗത്തിനിടയില്‍ രണ്ടു പേര്‍ തമ്മിലടിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഇവര്‍ ആം ആദ്‌മി പാര്‍ട്ടി നേതാക്കളാണെന്നതാണ് പോസ്റ്റിലെ അവകാശവാദം. നരേന്ദ്ര മോദി എന്ന ഗ്രൂപ്പില്‍ നരസിംഹ നായര്‍ എന്ന വ്യക്തിയും ഇതെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ വീഡിയോയില്‍ കാണുന്നത് ആം ആദ്‌മി പാര്‍ട്ടിയുടെ നേതാക്കള്‍ തമ്മിലടിക്കുന്നത് തന്നെയാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

കുറച്ച് നാളുകള്‍ക്ക് മുന്‍പ് മറ്റൊരു തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയായിരുന്നു ഇത്. പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി ബിജെപി എംപിയും എംഎല്‍എയും തമ്മിലടിച്ചു എന്ന തലക്കെട്ട് നല്‍കിയായിരുന്നു പ്രചരണം. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്നും യഥാര്‍ഥ്യം എന്താണെന്ന് വിശദമായി വ്യക്തമാക്കി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം തന്നെ വസ്‌തുത അന്വേഷണം നടത്തിയിരുന്നു.  ഫാക്‌ട് ക്രെസെന്‍ഡോയുടെ ജനുവരി രണ്ടിലെ വസ്‌തുത അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം വീഡിയോയിലുള്ളവര്‍ ആം ആദ്‌മി പാര്‍ട്ടി നേതാക്കളല്ല. അതെ സമയം ഇവര്‍ ബിജെപിയുടെ എംഎപിയും എംഎല്‍എയും ആണെങ്കിലും ഇവര്‍ തമ്മിലടിച്ചത് പൗരത്വ ഭേദഗതി ബില്ലിന്‍റെ പേരിലുമായിരുന്നില്ല.  ഉത്തര്‍ പ്രദേശിലെ സന്ത് കബിര്‍ എംപി ശരദ് ത്രിപാദിയും എംഎല്‍എയായ രാകേഷ് സിങ് ബഗേലും തമ്മിലുണ്ടായ സംഘട്ടനത്തിന്‍റെ വീഡിയോയാണ് പ്രചരിക്കുന്നത്. പ്രദേശിക റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം സ്ഥാപിച്ച ശിലാഫലകത്തില്‍ എന്തുകൊണ്ട് എംപിയുടെ പേരില്ല എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ശരദ് ത്രിപാദി ചെരുപ്പുകൊണ്ട് എംഎല്‍എയെ മര്‍ദ്ദിക്കാന്‍ കാരണമായത്. എംപിയുടെ അടികൊണ്ട എംഎല്‍എയും തിരികെ അടിക്കുന്നത് വീഡിയോയില്‍ കാണാം. മാത്രമല്ല ഈ സംഭവം നടക്കുന്നത് 2019 മാര്‍ച്ചിലാണ്. അതായത് ഒരു മുന്‍പ്. എഎന്‍ഐ ന്യൂസ് ഏജെന്‍സിയും നിരവധി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും വിഷയവുമായി ബന്ധപ്പെട്ട് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ റിപ്പോര്‍ട്ട്- 

എഎൻഐ യൂട്യൂബ് ചാനലില്‍ മുന്‍പ് പങ്കുവെച്ച യഥാര്‍ഥ സംഭവത്തിന്‍റെ വീഡിയോ-

നിഗമനം

വീഡിയോയിലുള്ള നേതാക്കള്‍ ആം ആദ്‌മി പാര്‍ട്ടി പ്രതിനിധികളല്ലെന്നും ഇവര്‍ ബിജെപിയുടെ എംപിയും എംഎല്‍എയും ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ തമ്മിലടിക്കുന്ന വീഡിയോയാണോ ഇത്?

Fact Check By: Dewin Carlos 

Result: False