നിത്യോപയോഗത്തിന് കൃഷി ചെയ്യുന്ന പച്ചക്കറികളില്‍ കീടബാധയേല്‍ക്കാതിരിക്കാന്‍ വിഷം തളിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പച്ചക്കറി വിളയില്‍ വിഷം നേരിട്ട് കുത്തിവയ്ക്കുന്ന ഏതാനും ചെറുപ്പക്കാരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

പ്രചരണം

വിളകളിലേയ്ക്ക് നേരിട്ട് കുത്തിവയ്പ് നൽകി പച്ചക്കറി കൃഷി ചെയ്യാൻ ശ്രമിക്കുന്ന ചിലരെ ഈ വീഡിയോയിൽ കാണാം. വീഡിയോ ചിത്രീകരിക്കുന്നയാള്‍ ഈ കർഷകരോട് എന്തു മരുന്നാണ്, എന്തിനാണ് തളിക്കുന്നത് എന്നു ചോദിച്ചപ്പോൾ അവർ വളരെ പ്രക്ഷുബ്ധരായി പ്രതികരിക്കുന്നത് കാണാം. വീഡിയോയുടെ ഒപ്പം മുന്നറിയിപ്പ് സന്ദേശമുണ്ട്: “വിഷം തളിക്കലല്ല, നേരിട്ട് സിറിഞ്ച് വച്ച് കുത്തി കയറ്റുകയാണ്.... 🤔 🙄 😳

കഴുകിയതു കൊണ്ടൊന്നും ഒരു കാര്യവുമില്ല .....😥

FB postarchived link

എന്നാല്‍ ഇത് യഥാര്‍ത്ഥ സംഭവമല്ലെന്നും ചിത്രീകരിച്ച വീഡിയോ ആണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഫെയ്‌സ്ബുക്കിലും യൂട്യൂബിലും വ്യത്യസ്ത കീവേഡുകൾ ഉപയോഗിച്ച് വീഡിയോയുടെ വിശദാംശങ്ങള്‍ തിരഞ്ഞ് ഞങ്ങൾ അന്വേഷണം ആരംഭിച്ചു. ഇതേ വീഡിയോ 2023 സെപ്‌റ്റംബർ 2-ന് ഫെയ്‌സ്ബുക്കിൽ അപ്‌ലോഡ് ചെയ്‌തതായി കണ്ടെത്തി. ഫാത്തിമ ബൊണാറ്റോ എന്ന ഒരു ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. അടിക്കുറിപ്പ് ഇങ്ങനെ: “പച്ചക്കറി വളര്‍ത്തുന്ന മരുന്ന് പ്രയോഗിച്ച് നിങ്ങൾ നിങ്ങളുടെ ആരോഗ്യവുമായി കളിക്കുകയാണ്. നിരാകരണം:-സുഹൃത്തുക്കളേ, ഈ വീഡിയോ ബോധവൽക്കരണത്തിന് വേണ്ടി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, ദയവായി വീഡിയോ ഗൗരവമായി എടുക്കരുത്. നന്ദി"

ഈ വീഡിയോ 3 മിനിറ്റ് 41 സെക്കൻഡ് ആണ്. വൈറലായ പ്രചരണങ്ങളില്‍ ഈ വീഡിയോ ഭാഗികമായി മാത്രമേ കാണിച്ചിട്ടുള്ളൂ.

വീഡിയോയുടെ 4 മിനിറ്റ് 11 സെക്കൻഡ് ദൈർഘ്യമുള്ള മറ്റൊരു പതിപ്പ് ഞങ്ങൾ കണ്ടെത്തി. അതിൽ 2 മിനിറ്റ് 21 സെക്കൻഡ് ടൈംസ്റ്റാമ്പിൽ നമുക്ക് സ്ക്രീനിൽ ഒരു ഡിസ്ക്ലൈമര്‍ കാണാൻ കഴിയും –

" ഇത് തികച്ചും സാങ്കൽപ്പികമാണ്, വീഡിയോയിലെ എല്ലാ സംഭവങ്ങളും സ്ക്രിപ്റ്റ് ചെയ്തതും ഇതിനായി മാത്രം നിർമ്മിച്ചതുമാണ്. അവബോധം എന്ന ഉദ്ദേശമല്ലാതെ ഈ വീഡിയോ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയോ ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങളെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നില്ല. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തിയുമായോ അല്ലെങ്കിൽ ഏതെങ്കിലും യഥാർത്ഥ സംഭവവുമായോ ഉള്ള സാമ്യം തികച്ചും യാദൃശ്ചികമാണ്.”

തുടര്‍ന്ന് ഈ പേജിന്‍റെ അഡ്മിനായ അജയ് വർമ്മയെ ഞങ്ങൾ ബന്ധപ്പെട്ടു. സമൂഹത്തിൽ അവബോധം പ്രചരിപ്പിക്കുന്നതിനായാണ് വീഡിയോകൾ ചിത്രീകരിക്കുന്നതെന്ന് ഞങ്ങളോട് പറഞ്ഞു. വീഡിയോയിൽ കാണുന്ന അഭിനേതാക്കളായ പർമാനന്ദ്, സുശീൽ, പങ്കജ് എന്നിവരാണ് വീഡിയോ റെക്കോർഡ് ചെയ്തത്. സമൂഹത്തിൽ അവബോധം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം ഈ വീഡിയോകൾ നിർമ്മിക്കുന്നത്.

ബോധവൽക്കരണം എന്ന് ഡിസ്ക്ലൈമര്‍ നല്‍കി മറ്റ് നിരവധി വീഡിയോകൾ ഈ പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിൽ വൈറലായ വീഡിയോയിൽ കാണുന്ന അതേ അഭിനേതാക്കളെ നമുക്ക് കാണാൻ കഴിയും. ഈ അഭിനേതാക്കളുടെ മുഖ സാമ്യത്തിന്‍റെ ചിത്രം നിങ്ങൾക്ക് ചുവടെ കാണാം.

നിഗമനം

വിളകളില്‍ വിഷം നേരിട്ട് കുത്തിവയ്ക്കുന്ന വീഡിയോ യഥാർത്ഥമല്ല, സ്ക്രിപ്റ്റ് ചെയ്തതാണ്. ഇത് യഥാര്‍ത്ഥ സംഭവമാണെന്ന് തെറ്റിദ്ധരിച്ച് പലരും പങ്കുവയ്ക്കുകയാണ്. ബോധവൽക്കരണം നടത്തുന്നതിനായി ചിത്രീകരിച്ച ഈ വീഡിയോയില്‍ നിന്നും ഡിസ്ക്ലൈമര്‍ ഉള്ള ഭാഗം നീക്കം ചെയ്യുകയും ഇത് യഥാർത്ഥ സംഭവമായി പ്രചരിപ്പിക്കുകയും ചെയ്യുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പച്ചക്കറികളില്‍ വിഷം നേരിട്ട് കുത്തിവയ്ക്കുന്നു... പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് ദൃശ്യങ്ങളാണ്...

Written By: Vasuki S

Result: MISLEADING