സിനിമ താരം മമ്മൂട്ടിയുടെ ടര്‍ബോ സിനിമ പ്രദര്‍ശിപ്പിക്കുന്ന അപ്സര തീയറ്ററില്‍ ബോംബ്‌ ഭീഷണിയെ തുടര്‍ന്ന് പ്രേക്ഷകരെ പുറത്ത് ഇറക്കി പോലീസ് അന്വേഷണം നടന്നിരുന്നു. ഈ സംഭവത്തിന്‍റെ വീഡിയോ പങ്കുവെച്ച്, സംഭവം ആവേശത്തില്‍ പ്രേക്ഷകര്‍ “അള്ളാഹു അക്ബര്‍” വിളിച്ചതു കൊണ്ടാണ് ഉണ്ടായത് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.

പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് ശരിക്കും സംഭവിച്ചത് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സിനിമ തീയറ്ററില്‍ പോലീസ് പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “Turbo സിനിമയ്ക് ആവേശം കേറി മമ്മൂട്ടിയെ കാണിച്ച സീനിൽ "അള്ളാഹു അക്ബർ" വിളിച്ചു ആരാധകൻ..... ചിതറി ഓടി സിനിമ കാണാൻ വന്നവർ. ഉടൻ തന്നെ ബോംബ് സ്‌ക്വാടും പോലീസും തീയേറ്ററിൽ എത്തി സെർച്ച്‌ തുടങ്ങി 😂😂

#കോഴിക്കോട് #അപ്സര 🔥🔥

എന്നാല്‍ ശരിക്കും കോഴിക്കോട് അപ്സര തീയറ്ററില്‍ പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നതാണോ സംഭവിച്ചത്? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പരിശോധിച്ചു. മാതൃഭൂമി നല്‍കിയ വാര്‍ത്ത‍ പ്രകാരം 26 മെയ്‌ 2024ന് കോഴിക്കോട് ലിങ്ക് റോഡിലെ മാജിക്‌ ഫ്രെയിംസ് അപ്സര തീയറ്ററിന്‍റെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് ബോംബിന്‍റെ വ്യാജ ഭീഷണി ലഭിച്ചത്. തുടര്‍ന്ന് തീയറ്റര്‍ ഭാരവാഹികള്‍ ടൌണ്‍ സ്റ്റേഷനിലേക്ക് വിവരം അറിയിച്ചതിന് പിന്നാലെ പോലീസ് ബോംബ്‌ സ്ക്വാഡുമായി തീയറ്ററില്‍ എത്തി പരിശോധിച്ചു. പക്ഷെ അവര്‍ക്ക് ബോംബ്‌ ഒന്നും കിട്ടിയില്ല.

വാര്‍ത്ത‍ വായിക്കാന്‍ - Mathrubhumi | Archived Link

വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ കോഴിക്കോട് ടൌണ്‍ സ്റ്റേഷനുമായി ബന്ധപെട്ടു. SHO ബിജു പ്രസാദ് ഞങ്ങളുടെ പ്രതിനിധിയിനോട് സംഭവത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “തീര്‍ത്തൂം വ്യാജ വാര്‍ത്തയാണിത്. അപ്സര തീയറ്ററില്‍ നിന്ന് ഞങ്ങള്‍ക്ക് ബോംബ്‌ ഭീഷണിയുടെ വാര്‍ത്ത‍ ലഭിച്ചയുടനെ ഞങ്ങള്‍ ബോംബ്‌ സ്ക്വാഡുമായി തീയറ്ററില്‍ എത്തി പരിശോധിച്ചു. പക്ഷെ അവിടെ ഒരു ബോംബ്‌ കണ്ടെത്തിയില്ല. “അള്ളാഹു അക്ബ൪” എന്ന മുദ്രാവാക്യം ഉന്നയിച്ചു എന്നതൊക്കെ തീര്‍ത്തൂം വ്യാജ പ്രചരണമാണ്. ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.

പിന്നീട് ഞങ്ങള്‍ മാജിക്‌ ഫ്രെയിംസ് അപ്സര തീയറ്ററുമായി ബന്ധപെട്ടു. “ഞങ്ങളുടെ തിയേറ്റർ തന്നെയാണ് വീഡിയോയിലുള്ളത്. മതപരമായ മുദ്രാവാക്യം വിളിച്ചു എന്നതൊക്കെ പൂർണ്ണമായും വ്യാജ പ്രചാരണങ്ങൾ മാത്രമാണ്. സിനിമക്കെതിരെയുള്ള നെഗറ്റിവ് ക്യാംപയിൻ മാത്രമാണത്. ബോംബ് ഭീഷണിയുടെ സന്ദേശം വ്യാജമാണെന്ന് തോന്നിയെങ്കിലും ഞങ്ങൾ ലഭിച്ചയുടൻ തന്നെ പോലീസിലറിയിക്കുകയും അവിടെ നിന്ന് ബോംബ് സ്‌ക്വാഡ് വന്നു പരിശോധന നടത്തുകയും ചെയ്തു. പത്തനംതിട്ടയിൽ നിന്നുള്ളയാളാണ് വ്യാജ ഭീഷണി സന്ദേശം അയച്ചത്. പോലീസ് ഇയാളെ പിടികൂടി. ഇപ്പോൾ യാതൊരു പ്രശ്നങ്ങളുമില്ലാതെ സിനിമാ പ്രദർശനം നടക്കുന്നുണ്ട്” — മാജിക് ഫ്രയിംസില്‍ ജീവനക്കാരനായ രാജേഷ് അറിയിച്ചു.

നിഗമനം

കോഴിക്കോട് അപ്സര തീയറ്ററില്‍ ലഭിച്ച ബോംബ്‌ ഭീഷണിയുടെ വാര്‍ത്തയെ തുടര്‍ന്ന് പോലീസ് തീയറ്ററില്‍ പരിശോധന നടത്തുന്ന വീഡിയോ തീയറ്ററില്‍ പ്രേക്ഷകന്‍ “അള്ളാഹു അക്ബര്‍” വിളിച്ചതിനെ തുടര്‍ന്നാണ്‌ ബോംബ്‌ സ്ക്വാഡും പോലീസും തീയറ്ററില്‍ എത്തിയത് എന്ന് തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:കോഴിക്കോട് അപ്സര തീയേറ്ററില്‍ ടര്‍ബോ സിനിമ പ്രദര്‍ശനത്തിനിടെ ബോംബ്‌ ഭീഷണി ലഭിച്ച സംഭവവുമായി ബന്ധപെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം...

Written By: Mukundan K

Result: Misleading