
കുന്നംകുളം പോലിസ് സ്റ്റേഷനില്‍ 2023 ഏപ്രിലിൽ നടന്ന ക്രൂരമായ ലോക്കപ്പ് മർദനത്തിന്‍റെ ദൃശ്യങ്ങള്‍ ഈയടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന് മുന്നിലെത്തുകയുണ്ടായി. ലോക്കപ്പിനുള്ളിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുജിത്ത് കടുത്ത ശാരീരിക പീഡനത്തിന് ഇരയായിട്ടും കാരണക്കാരായ പോലീസുകാര്‍ക്കെതിരെ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല എന്ന പ്രതിഷേധം ഉയരുന്നതിനിടെ കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നും പോലിസ് ഭീകര വാഴ്ചയുടെ പല സംഭവങ്ങളും പുറത്തു വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ മകന്‍ മരിച്ചു കിടക്കുമ്പോള്‍ പിതാവിനെ പോലിസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ആശുപത്രിയിലെ സ്‌ട്രെച്ചറില്‍ ഒരാള്‍ കിടക്കുന്നതും സമീപത്ത് നിന്നിരുന്ന വ്യക്തി പൊലീസുകാരോട് കയര്‍ത്തു സംസാരിക്കുന്നതും അയാള്‍ പൊലീസുകാരനെ പിടിച്ചു തല്ലുന്നതും മറ്റൊരു പൊലീസുകാരന്‍ ഇയാളെ മര്‍ദ്ദിക്കുന്നതും ദൃഷ്യങ്ങളില്‍ കാണാം.
കേരളത്തിലെ പോലിസ് ഗുണ്ടായിസമാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ആശുപത്രിയിൽ സ്വന്തം മകൻ മരിച്ചു കിടക്കുന്ന സ്ഥലത്ത് പോലും ആ പിതാവിനോട് പോലീസുകാർ ചെയ്യുന്ന തെമ്മാടിത്തരം കണ്ടോ. പോലീസുകാരോട് എന്തെങ്കിലും കയർത്തു സംസാരിച്ചെങ്കിൽ പോലും അയാളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ പരിഗണിക്കാൻ പോലും അവന്മാർ തയ്യാറായില്ല.
കേരളം മറ്റൊരു ബംഗാളവുമോ”
എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് കേരളാ പോലീസുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി 2025 ജൂണ്‍ 4ന് ഇടിവി ഭാരത് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചു. ഗുജറാത്തിലെ പാട്ടി ടൗണ്‍(Patdi Town) ഗവണ്‍മെന്‍റ് ആശുപത്രിയില്‍ നടന്ന സംഭവമാണിത്.
പ്രദേശത്തെ ഒരു അധ്യാപകനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നതിനാല്‍ ചികിത്സ കിട്ടാതെ അദ്ദേഹം മരിച്ചു. തുടര്‍ന്ന് രോഷാകുലരായ ബന്ധുക്കള്‍ സംഘര്‍ഷമുണ്ടാക്കി. ആശുപത്രി അധികൃതര്‍ പോലിസിനെ വിളിച്ചു വരുത്തി. സ്ഥലത്തെത്തിയ പൊലീസും മരിച്ചയാളുടെ ബന്ധുക്കളും തമ്മില്‍ നടന്ന തര്‍ക്കത്തിനിടെയാണ് പൊലീസ് ബന്ധുക്കളില്‍ ഒരാളെ മര്‍ദ്ദിച്ചു.
വീഡിയോ വൈറലായതോടെ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് ടൈംസ് നൗ നല്‍കിയ വാര്‍ത്തയില്‍ പറയുന്നു. ഡിഐജി പാണ്ഡ്യ സംഭവത്തില്‍ സമഗ്രമായ അന്വേഷണവും കുറ്റക്കാരായ പൊലീസുകര്‍ക്കെതിരെ കര്‍ശന നടപടിയും പ്രഖ്യാപിച്ചിരുന്നു.
അഹമ്മദാബാദിലെ കഗ്ദാബിത്(Kagdabit) സ്വദേശിയായ ഭവേഷ് നദ്വര്‍ലാലിനാണ് പൊലീസ് മര്‍ദ്ദനമേറ്റതെന്ന് ഗുജറാത്തി മാധ്യമം സന്ദേശ് ജൂണ്‍ 2ന് നല്‍കിയ വാര്‍ത്തയില്‍ പറയുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. സമാന വാര്‍ത്ത മറ്റ് മാധ്യമങ്ങളും കൊടുത്തിരുന്നു.
പ്രചരിക്കുന്ന വീഡിയോ കേരളത്തിലേതല്ലെന്ന് വ്യക്തമാക്കി സ്‌റ്റേറ്റ് പൊലീസ് മീഡിയ സെന്‍റര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്:
നിഗമനം
മകന്‍റെ മൃതദേഹത്തിനരികില്‍ നിന്ന പിതാവിനെ കേരള പൊലീസ് മര്‍ദ്ദിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ 2025 ജൂണില്‍ ഗുജറാത്തില്‍ നടന്ന സംഭവത്തിന്‍റെതാണ്. കേരള പോലീസുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കേരള പോലീസില്‍ നിന്നും പൊതുജനം നേരിടുന്ന അതിക്രമം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ ഗുജറാത്തിലേത്… സത്യമറിയൂ…
Fact Check By: Vasuki SResult: False
