കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയങ്ങളിലൊന്ന് റോഡുകളിലെ കുഴികളെ കുറിച്ചായിരുന്നു. ഈയിടെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍റെ പുതിയ സിനിമ ‘ന്നാ താന്‍ കേസുകൊട്’ അതിന്‍റെ പരസ്യ വാചകമായി ഉപയോഗിച്ചത് ‘റോഡിൽ കുഴികൾ ഉണ്ടെങ്കിലും എല്ലാവരും സിനിമ കാണാൻ എത്തണം’ എന്നതായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളുണ്ട്. ഇതിനിടെ റോഡിലെ കുഴികള്‍ നിറഞ്ഞ റോഡിന്‍റെ ശോചനീയാവസ്ഥ അറിയിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം

കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ അതിസാഹസികമായി ബൈക്ക് യാത്ര നടത്തുന്ന യാത്രികന്‍ ഹെല്‍മെറ്റില്‍ പിടിപ്പിച്ച ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. റോഡിൽ അവിടെവിടെയായി പ്രതിഷേധസൂചകമായി വാഴ നട്ടിരിക്കുന്നതും കാണാം. ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതാണ് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:

“No.1 കേരളം😂💥

മരുമോൻ പൊളിയല്ലേ🤣💥

കേരളത്തിലെ ഹൈടെക് റോഡ്🙄

#99വാഴകൾ😁”

FB postarchived link

എന്നാൽ വീഡിയോ കേരളത്തിലെതല്ല. ദൃശ്യങ്ങൾക്ക് ഇന്ത്യയുമായി തന്നെ യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

വീഡിയോ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോ ഇന്തോനേഷ്യയിലേതാണ് എന്ന് സൂചിപ്പിക്കുന്ന ചില റിപ്പോർട്ടുകൾ ലഭിച്ചു.

വീഡിയോയുടെ തുടക്കത്തിൽ തന്നെ കെട്ടിടത്തിൽ ‘ബലായ് ദേശ’ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഈ ഇന്തോനേഷ്യന്‍ വാക്കിന്‍റെ അർത്ഥം വില്ലേജ് ഹാള്‍ എന്നാണ്. വൈറല്‍ വീഡിയോയില്‍ നിന്നുള്ള കീ ഫ്രെയിമുകള്‍ ഉള്‍പ്പെടുത്തി ഇന്തോനേഷ്യന്‍ മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത ഞങ്ങൾക്ക് ലഭിച്ചു 2021 നവംബർ 11നാണ് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്.

വാർത്തയിൽ VIRALGES എന്ന ഇൻസ്റ്റഗ്രാം പേജിന് ക്രെഡിറ്റ് നൽകിയിട്ടുണ്ട്. ഞങ്ങൾ ഈ പേജിൽ തിരഞ്ഞപ്പോൾ ഇതേ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു.

റോഡിന്‍റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ കുഴികളിൽ വാഴനട്ടതാണ് എന്ന് വാർത്തയിൽ നിന്ന് വ്യക്തമാകുന്നു. ഈ ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല എന്ന് ഉറപ്പാണ്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങൾ കേരളത്തിൽനിന്നുള്ളതല്ല. 2021 മുതല്‍ ഇന്തോനേഷ്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായ ദൃശ്യങ്ങളാണ് കേരളത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:റോഡിലെ കുഴികളില്‍ വാഴ നട്ടിരിക്കുന്ന ഈ ദൃശ്യങ്ങള്‍ കേരളത്തിലേതല്ല... സത്യമറിയൂ...

Fact Check By: Vasuki S

Result: False