കേരളത്തിലും ഹമാസ് ശക്തി പ്രാപിക്കുന്നുവെന്നും പിന്തുണച്ച് പരസ്യമായി പ്രകടനം നടത്തുന്നുവെന്നും ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് കണ്ണു മാത്രം പുറത്തുകാണുന്ന തരത്തില്‍ തലയും മുഖവും വെളുത്ത തുണിയാല്‍ മറച്ച് കൈയ്യുറ ധരിച്ച കൈകളില്‍ വ്യാജ ആയുധങ്ങളുമായി പൊതുനിരത്തിലൂടെ മാര്‍ച്ച് ചെയ്യുന്ന ഒരു സംഘം ചെറുപ്പക്കാരുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇവരില്‍ പലരുടേയും കൈയ്യില്‍ പലസ്തീന്‍ പതാകയുണ്ട്. ഇവര്‍ കേരളത്തിലെ ഹമാസ് ഘടകത്തിന്‍റെ അംഗലാണെന്നും ആലപ്പുഴയിലെ കായംകുളത്ത് നടത്തിയ റോഡ്ഷോ ആണിതെന്നും ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അവിലും മലരും കുന്തിരിക്കത്തിനും ശേഷം ഈ കേരളം എങ്ങോട്ട് ???

റോം കീഴടക്കുമെന്നും ലോകം മുഴുവൻ ഇസ്ലാമിന് കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രഖ്യാപിച്ച ഹമാസ് എന്ന ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനത്തിൻ്റെ വേഷവിധാനങ്ങളോടെ ഡമ്മി തോക്കുകൾ ഉൾപ്പെടെ പാലസ്തീൻ പതാകയുമായി പട്ടാപ്പകൽ ചൂണ്ടുവിരൽ മാത്രം ഉയർത്തിയുള്ള ISIS മുദ്ര കാട്ടിക്കൊണ്ട് നടുറോഡിൽ സുഡാപ്പി കുഞ്ഞുങ്ങളുടെ പ്രകടനം !

ടിപ്പുസുൽത്താൻ ഫാൻസ് എന്ന SDPI അനുകൂല ഇൻസ്റ്റഗ്രാം അക്കൗണ്ട് ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് , കായംകുളം MSM ( milad E Sharif memorial ) കോളേജിൽ നിന്നാണ് എന്ന് സ്ഥിരീകരിക്കാത്ത വാർത്ത ചില പ്രതികരണങ്ങളിൽ കാണുന്നുണ്ട്.

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇതിൽ പോലീസ് എന്ത് നടപടി എടുക്കും എന്നാണ് കാണേണ്ടത്, ദുർഗ്ഗാവാഹിനി എന്ന ഹിന്ദു സംഘടനയുടെ ഒരു റാലിയിൽ പെൺകുട്ടികൾ മരത്തടിയിൽ ഉണ്ടാക്കിയ വാളുകൾ ഉപയോഗിച്ചതിന് പോലീസ് സ്വയമേധയാ കേസെടുത്തിരുന്നു..... ഇതിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയാൻ താല്പര്യമുണ്ട് !

കുട്ടികളുടെ തമാശയല്ലേ ഫാൻസി ഡ്രസ്സ് അല്ലേ കയ്യിലിരിക്കുന്നത് കളിത്തോക്കല്ലേ എന്നൊക്കെ ചോദിച്ചുകൊണ്ട് ന്യായീകരണ തൊഴിലാളികൾ രംഗത്തെത്തുമായിരിക്കും ....... നാളെ താലിബാന്റെ ഡ്രസ്സ് കോഡിലും ISIS -ൻ്റെ ഡ്രസ്സ് കോഡിലും ഇവിടെ യന്ത്രത്തോക്കുകളുടെ ഡമ്മികളുമായി പ്രകടനം നടന്നേക്കാം ....... പക്ഷേ ഈ ഭീകര സംഘടനകളെ ഒക്കെ ആരാധിക്കുന്ന ആ യുവാക്കളുടെ മനസ്സ് മാത്രം നാം കാണാതെ പോകരുത് !

...casa...”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. കായംകുളം എം‌എസ്‌എം കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ആദ്യവാരം കോളേജ് ആര്‍ട്ട്ഡേയോട് അനുബന്ധിച്ച് പലസ്തീന്‍ അനുകൂല പ്രകടനം നടത്തിയ ദൃശ്യങ്ങളാണിത്.

വസ്തുത ഇതാണ്

കായംകുളത്ത് ഹമാസ് അനുകൂല പ്രകടനം നടന്നിരുന്നോ എന്നു ഞങ്ങള്‍ ആദ്യം തിരഞ്ഞു. എന്നാല്‍ ഇങ്ങനെയൊരു പ്രകടനം നടന്നതായി മാധ്യമ വാര്‍ത്തകള്‍ ഒന്നും കാണാന്‍ സാധിച്ചില്ല. ഇങ്ങനെയൊരു പ്രകടനം നടന്നിരുന്നു എങ്കില്‍ തീര്‍ച്ചയായും അത് വാര്‍ത്തയാകുമായിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ കായംകുളം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവിടെ നിന്നും എസ്‌ഐ അറിയിച്ചത് ഇങ്ങനെയാണ്: “ഹമാസ് അനുകൂല പ്രകടനത്തിന്‍റെ ദൃശ്യങ്ങളാണിത് എന്നത് തെറ്റായ പ്രചരണമാണ്. എം‌എസ്‌എം കോളേജിലെ കുട്ടികള്‍ ആര്‍ട്ട്ഡേയുടെ ഭാഗമായി പലസ്റ്റിനെ അനുകൂലിച്ച് നടത്തിയ പ്രകടനം മാത്രമാണിത്. ഇതേപോലെ നോര്‍ത്ത് ഇന്ത്യയിലെ പോപ്പുലറായ പല വേഷത്തിലും ഇതേ ദിവസം കുട്ടികള്‍ പ്രകടനം നടത്തിയിരുന്നു. ഞങ്ങളോട് കേരള പോലിസിന്‍റെ തന്നെ ക്രംബ്രാഞ്ചില്‍ നിന്നും പ്രചരണത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ അവര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്കിയിരുന്നു. കുട്ടികളുടെ പലസ്തീന്‍ അനുകൂല പ്രകടനത്തിന് വര്‍ഗീയ ആംഗിളുകള്‍ നല്‍കി പ്രചരണം നടത്തുകയാണ്.”

തുടര്‍ന്ന് ഞങ്ങള്‍ എം‌എസ്‌എം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എ മുഹമ്മദ് താഹയുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞതിങ്ങനെ: “പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണിത്. മാര്‍ച്ച് ആദ്യവാരം അതായത് 4,5,6,7 തീയതികളില്‍ കോളേജ് ആര്‍ട്ട്ഡേ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ചില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ഇത് മാത്രമല്ല, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഘോഷങ്ങളും വിഷയങ്ങളും തീമാക്കി കുട്ടികള്‍ പല അവതരണങ്ങളും നടത്തിയിരുന്നു. അതില്‍ നിന്നും പലസ്തീന്‍ പിന്തുണ പ്രകടനം നടത്തിയ ഈ കുട്ടികളുടെ ദൃശ്യങ്ങള്‍ മാത്രമെടുത്ത് വര്‍ഗീയ തലങ്ങള്‍ നല്‍കി പ്രചരണം നടത്തുകയാണ്. മറ്റ് അവതരണങ്ങളുടെ വീഡിയോകള്‍ കണ്ടാല്‍ അത് മനസ്സിലാക്കാവുന്നതാണ്.”

അദ്ദേഹം അയച്ചു തന്നെ ആര്‍ട്ട്ഡേ ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ താഴെ കാണാം:

കായംകുളത്ത് നടന്ന ഹമാസ് കേരള ഘടകത്തിന്‍റെ പ്രകടനം എന്ന പേരില്‍ പ്രചരിക്കുന്നത് കായംകുളം എം‌എസ്‌എം കോളേജില്‍ ആര്‍ട്ട് ഡേ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പലസ്തീന്‍ അനുകൂല മാര്‍ച്ചില്‍ നിന്നുള്ള ദൃശ്യങ്ങളാണ്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ആര്‍ട്ട്ഡേ ആഘോഷത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശ്രദ്ധിക്കുക:

archived link

പലസ്തീന്‍ പതാകയും ഹമാസ് പതാകയും രണ്ടാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം താഴെ കാണാം:

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. കായംകുളത്ത് നടന്ന ഹമാസ് കേരള ഘടകത്തിന്‍റെ പ്രകടനം എന്ന പേരില്‍ പ്രചരിക്കുന്നത് കായംകുളം എം‌എസ്‌എം കോളേജില്‍ ആര്‍ട്ട് ഡേ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പലസ്തീന്‍ അനുകൂല മാര്‍ച്ചില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. കായംകുളം പോലീസും എം‌എസ്‌എം കോളേജ് പ്രിന്‍സിപ്പലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കോളേജ് വിദ്യാര്‍ത്ഥികളുടെ പാലസ്തീന്‍ അനുകൂല പ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഹമാസ് കേരള ഘടകം മാര്‍ച്ച് എന്നു വ്യാജ പ്രചരണം...

Fact Check By: Vasuki S

Result: False