ന്യൂസിലാന്‍ഡില്‍ ഹിന്ദുക്കള്‍ക്ക് എതിരെ പ്രതിഷേധം..? വീഡിയോയുടെ സത്യമിതാണ്…

False പ്രാദേശികം | Local രാഷ്ട്രീയം | Politics

ന്യൂസിലാൻഡിൽ  ഹിന്ദുക്കള്‍ക്ക് എതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന്‍റെ  ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ  പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ഇത് ന്യൂസിലാന്‍ഡ് ആണ്, ഇന്ത്യയല്ല എന്ന് ഇംഗ്ലീഷില്‍ എഴുതിയ ബാനര്‍ പിടിച്ചുകൊണ്ട് ഒരു സംഘം ചെറുപ്പക്കാര്‍ മുദ്രാവാക്യങ്ങളും വിളിച്ച് മുന്നോട്ടു നീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം.  ന്യൂസിലാന്‍ഡില്‍ ഹിന്ദുക്കൾക്കെതിരെ പ്രതിഷേധം നടക്കുന്നു എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ശ്രീരാമന്റെ ആയുധപ്പുര തിരിക്കി ഉറങ്ങിയ സങ്കികളെ തടഞ്ഞു …

സങ്കികളെ ഓടിച്ചിട്ട് ഇരിക്കുന്ന രംഗം 

സങ്കികൾ കാരണം ജീവിക്കാൻ വേണ്ടി പോയ കേരളത്തിലെ ജനങ്ങളെയും ബാധിച്ചരിക്കുകയാ ണ് പ്രശ്നങ്ങൾ… ശ്രീ രാമൻ ആയുധങ്ങാൾ സൂക്ഷിച്ച രാജ്യങ്ങളാണ് ആസ്ട്രേലിയായും ന്യൂസിലാൻഡും എന്നാണ് രാമാണയത്തിൽ പറയുന്നത് 🥰എവിടെ പോയാലും മാർഗ്ഗ തടസ്സം ഉണ്ടാകുക രഥ യാത്ര നദികളിൽ ഗണപതിയുടെ പ്രതിമ ഒഴിക്കി വിട്ട് മലിന മാക്കുക അങ്ങനെ നീളുന്ന രാമ രാമ രാജ്യത്തിന്റെ അണികളുടെ പ്രവർത്തനം…”

FB postarchived link

എന്നാൽ വീഡിയോ ഹിന്ദുക്കൾക്കെതിരായ പ്രതിഷേധത്തിന്‍റെതല്ലെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ്

സൗത്ത് ഓക്ക്‌ലാൻഡിൽ ഇക്കഴിഞ്ഞ ഡിസംബർ 20ന് സിഖ് മതസ്ഥരുടെ നഗര കീർത്തനം എന്ന പരിപാടിക്കെതിരെ നടന്ന പ്രതിഷേധമാണിത്.

‘ഇത് ന്യൂസിലാൻഡ് ആണ് ഇന്ത്യ അല്ല’ എന്ന എഴുത്ത് ഗൂഗിളിൽ തിരഞ്ഞപ്പോൾ പ്രതിഷേധവുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ ലഭ്യമായി. 2025 ഡിസംബർ 20ന് സിഖ് മതസ്ഥരുടെ പരേഡ് നടക്കുമ്പോഴാണ് സൗത്ത് ഓക്ക്‌ലൻഡിൽ ഈ പ്രതിഷേധം നടന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പറയുന്നു.

ഓക്ക്‌ലൻഡിലെ പ്രാന്തപ്രദേശമായ മനുരേവയിൽ നാനാക്‌സർ സിഖ് ക്ഷേത്രം സംഘടിപ്പിച്ച ‘നഗര കീർത്തനം’ ഘോഷയാത്രയ്ക്കിടെയാണ് പ്രാദേശികരായ പ്രതിഷേധക്കാർ വഴി തടഞ്ഞതെന്ന് ദി ട്രൈബ്യൂൺ അറിയിക്കുന്നു. പ്രചരിക്കുന്ന വീഡിയോകളിൽ പെന്തക്കോസ്റ്റൽ പ്രസംഗകനായ ബ്രയാൻ തമാകിയും ഡെസ്റ്റിനി ചർച്ചുമായി ബന്ധമുള്ള ന്യൂസിലൻഡിലെ ട്രൂ പാട്രിയൻസ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു ഗ്രൂപ്പിലെ അംഗങ്ങളുമാണ് പ്രതിഷേധം നടത്തിയത്. പരമ്പരാഗതമായ മാവോറി ഹക്ക അവതരിപ്പിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് ഇവർ പ്രതിഷേധിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിഷേധ ദൃശ്യങ്ങളുടെ  വീഡിയോ റിപ്പോർട്ട് ടൈംസ് ഓഫ് ഇന്ത്യയുടെ  യൂട്യൂബ് പേജിൽ കാണാം. 

സിഖ് ‘നഗര കീർത്തനം’ നടക്കുന്നതിനിടെയാണ് പ്രതിഷേധം നടന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ മണി കൺട്രോൾഇന്ത്യ ടുഡേടൈംസ് നൌ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്രൈസ്തവ മുദ്രാവാക്യങ്ങളും ഹക്ക നൃത്തവുമായി സിഖ് മതസ്ഥരെ തടഞ്ഞ പ്രതിഷേധകരെ പൊലീസ് ഇടപെട്ട് തടഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ശിരോമണി അകാലിദൾ പ്രസിഡൻ്റ് സുഖ്ബീർ സിംഗ് ബാദലും ഉൾപ്പെടെയുള്ളവർ പ്രതിഷേധം അറിയിച്ചതായും ഈ റിപ്പോർട്ടിലുണ്ട്. 

നിഗമനം 

ഹിന്ദുമതസ്ഥരുടെ ചടങ്ങുകൾക്കെതിരെ ന്യൂസിലാൻഡൂകാര്‍ പ്രതിഷേധിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിഖ് മതസ്ഥരുടെ നഗര കീർത്തനം ചടങ്ങിനെതിരെ നടന്ന പ്രതിഷേധത്തിന്‍റെതാണ്. ഹിന്ദുക്കള്‍ക്ക് എതിരെ ന്യൂസിലാന്‍ഡില്‍ പ്രതിഷേധം ഉണ്ടായിട്ടില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ന്യൂസിലാന്‍ഡില്‍ ഹിന്ദുക്കള്‍ക്ക് എതിരെ പ്രതിഷേധം..? വീഡിയോയുടെ സത്യമിതാണ്…

Fact Check By: Vasuki S 

Result: False