ഇരുന്നൂറിലധികം ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകളിലേക്ക് ഹമാസ് തീവ്രവാദികളെ എത്തിക്കാനുള്ള സാധ്യതക്കായി ഇസ്രായേൽ സൈന്യം ഗാസയിൽ തങ്ങളുടെ കര ആക്രമണം മയപ്പെടുത്തിയിരിക്കുകയാണെന്ന് സൈനിക വിദഗ്ധർ പറഞ്ഞതായാണ് യുദ്ധവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വാര്‍ത്തകള്‍ വരുന്നത്. മെഡിറ്ററേനിയൻ എൻക്ലേവിൽ കഴിഞ്ഞ മൂന്നാഴ്ചയായി നടക്കുന്ന അശ്രാന്തമായ വ്യോമാക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഗാസയിലെ കര യുദ്ധത്തിന്‍റെ ആദ്യ ദിവസങ്ങള്‍. ഇസ്രയേലി സുരക്ഷാ സ്രോതസ്സുകളുടെ വിലയിരുത്തലനുസരിച്ച്, ഒരേസമയം, ബന്ദികളാക്കിയവരുടെ മോചനത്തിന് സാധ്യത തേടുമ്പോള്‍ ഇസ്രായേൽ കരസേനയുടെ മുഴുവൻ ശക്തിയും ഹമാസ് നേതൃത്വത്തെ തകർക്കാൻ ലക്ഷ്യമിടുകയും ചെയ്യുന്നു.

ഇസ്രയേലി പട്ടാളക്കാർ ഹിസ്ബുള്ള പോരാളികളുടെ കയ്യിൽ അകപ്പെട്ട ദൃശ്യങ്ങൾ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

പ്രചരണം

ടാങ്കറിൽ സഞ്ചരിക്കുകയായിരുന്നു പട്ടാളക്കാർ എതിർ രാജ്യത്തെ പട്ടാള ക്കാരുടെ അടുത്ത് കീഴടങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോ കാണുന്നത്. നിലവിലെ ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തില്‍ നിന്നുള്ളതാണ് വീഡിയോ എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കൺകുളിർക്കെ കണ്ടോളു, ഇസ്രായേലി പട്ടാളക്കാർ ഹിസ്ബുല്ല പോരാളികളുടെ കയ്യിലമർന്നത്,,❤️💪✌️🤞”

FB postarchived link

ഒരു കൊല്ലം പഴക്കമുള്ളതാണ് വീഡിയോ എന്നും നിലവിലെ ഇസ്രായേൽ സംഘര്‍ഷവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2022 ഒക്ടോബർ മുതൽ ഇതേ വീഡിയോ പ്രചരിക്കുന്നു എന്ന് വ്യക്തമായി. ഞങ്ങൾക്ക് ഇതേ വീഡിയോ ഒരു യൂട്യൂബ് ചാനലിൽ നിന്നും ലഭിച്ചു, അടിക്കുറിപ്പ് ഇങ്ങനെ: കെർസൺ റഷ്യൻ സൈന്യം BMP-2 കവചിത വാഹനങ്ങളിൽ കീഴടങ്ങി.

ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ കീവേർഡ് ഉപയോഗിച്ച് വീണ്ടും തിരഞ്ഞപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ചില വാർത്ത റിപ്പോർട്ടുകൾ ലഭിച്ചു.

ഡെയിലി മിറർ യുകെയുടെ റിപ്പോർട്ട് ഇങ്ങനെ: ഉക്രെയ്നിൽ കീഴടങ്ങിയ റഷ്യൻ സൈനികരുടെ ഒരു സ്ക്വാഡ് അവരുടെ ടാങ്കിന്‍റെ ടററ്റിൽ നിന്ന് വെള്ളക്കൊടി പാറിക്കുന്ന അത്ഭുതകരമായ നിമിഷമാണിത്.

യുക്രെയ്നിന്‍റെ തെക്ക് ഭാഗത്തുള്ള കെർസണിൽ ചിത്രീകരിച്ച ഫൂട്ടേജിൽ, ഒരു റഷ്യൻ BMP-2 മരങ്ങൾക്ക് പിന്നിൽ നിന്ന് പുറത്തേക്ക് ഓടിക്കുന്നതും യുക്രേനിയൻ സൈനികരുടെ മുന്നിൽ നിർത്തുന്നതും മൂന്ന് സൈനികർ കൈകൾ ഉയർത്തി കീഴടങ്ങി പുറത്തേക്ക് വരുന്നതും കാണിക്കുന്നു.

ഉക്രേനിയക്കാർ പിന്നീട് അടുത്തേക്ക് നീങ്ങുകയും സൈനികരുടെ ആയുധങ്ങൾ അഴിക്കുകയും അവരെ യുദ്ധത്തടവുകാരായി എടുക്കുകയും ചെയ്യുന്നു. രണ്ടായിരത്തിലധികം റഷ്യൻ സൈനികർ ഒരു ഹോട്ട്‌ലൈനിൽ വിളിച്ച് യുദ്ധക്കളത്തിൽ കൊല്ലപ്പെടുന്നതിന് പകരം എങ്ങനെ സ്വയം ഉപേക്ഷിക്കാമെന്ന് ചോദിച്ച് ഉക്രെയ്‌നിന്റെ മിലിട്ടറി ഇന്റലിജൻസ് പറഞ്ഞതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.

റഷ്യൻ സൈനികർ ഉക്രൈൻ സൈനികർക്ക് മുന്നിൽ കീഴടങ്ങിയ വാർത്ത മറ്റ് നിരവധി മാധ്യമങ്ങൾ 2022 ഒക്ടോബർ 5 മുതൽ നൽകിയിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ ഹമാസ് സംഘര്‍ഷവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. 2022 ഒക്ടോബർ അഞ്ചിന് റഷ്യൻ സൈനികർ യുക്രേനിയന്‍ സൈനികർക്ക് മുന്നിൽ കീഴടങ്ങിയ ദൃശ്യങ്ങളാണിത്. നിലവിൽ നടക്കുന്ന ഇസ്രയേൽ-ഹമാസ് യുദ്ധവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘ഇസ്രയേലി പട്ടാളക്കാർ ഹിസ്ബുള്ള പോരാളികളുടെ പിടിയില്‍’- പ്രചരിക്കുന്നത് റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിലെ പഴയ ദൃശ്യങ്ങള്‍…

Written By: Vasuki S

Result: False