
വിവരണം
ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങില്‍ വെച്ചിട്ട് പോയ സ്കൂട്ടറിനുള്ളില്‍ ഒരു കുടുംബം സംതൃപ്തിയോടുകൂടി ജീവിക്കുന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു സ്കൂട്ടര്‍ സീറ്റിനടിയില്‍ മൂര്‍ഖന്‍ പാമ്പുകളെ കണ്ടെത്തിയ വീഡിയോ കഴിഞ്ഞ കുറച്ച നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫിങ്കര്‍ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 343ല്‍ അധികം ഷെയറുകളും 101ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.
Archived Link | Archived Link |
എന്നാല്‍ വീഡിയോ ശാസ്‌താംകോട്ട റെയില്‍വേ കൊല്ലം സ്റ്റേഷനില്‍ നിന്നും ഉള്ളത് തന്നെയാണോ? ഇങ്ങനെയൊരു സംഭവം ശാസ്താംകോട്ടയില്‍ നടന്നിട്ടുണ്ടോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
Snakes found under scooter seat എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ ഇതെ വീഡിയോ യൂട്യൂബിലും പങ്കുവെച്ചിരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു. 2018 ഒക്‌ടോബര്‍ 23നാണ് യൂട്യൂബില്‍ എസ്‌ഡബ്ലിയുഎന്‍എസ് എന്ന ചാനലില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കര്‍ണാടകയില്‍ ഗൗതം കുമാര്‍ എന്ന വ്യക്തി പെട്രോള്‍ പമ്പിലെത്തി സീറ്റ് തുറന്നപ്പോഴാണ് സീറ്റിനടിയില്‍ മൂര്‍ഖന്‍ പാമ്പുകളെ കണ്ടെത്തിയതെന്ന അടിക്കുറിപ്പ് നല്‍കിയാണ് വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. അതെ സമയം യുപിഐ എന്ന അന്താരാഷ്ട്ര മാധ്യമത്തിലും ന്യൂസ് ഫ്ലെയര്‍ എന്ന ചിത്രങ്ങളും, വീഡിയോയും വില്‍ക്കുന്ന സൈറ്റിലും നല്‍കിയിരിക്കുന്ന വിശദീകരണം വ്യത്യസ്ഥമാണ്. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ നിന്നും പാമ്പുകളെ സ്കൂട്ടറിനടിയില്‍ ഇട്ട് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ച യുവാവിനെ വന സംരക്ഷകരും ഫോറെസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയെന്നതാണ് വാര്‍ത്ത. ഇന്ത്യയില്‍ മൂര്‍ഖന്‍ പാമ്പിന്‍റെ വിഷത്തിനും തൊലിക്കും വലിയ വില ലഭിക്കുമെന്നും ഈ സാഹചര്യത്തിലാണ് ഇയാള്‍ പാമ്പിനെ കടത്താന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടകളില്‍ പറയുന്നു. അപ്പോള്‍ പിന്നെ ഏതാണ് വാസ്‌തവമെന്ന ആധികാരിക വിശദീകരണം അറിയാന്‍ കൊല്ലം ശാസ്താംകോട്ട ഉള്‍പ്പടെയുള്ള പ്രദേശങ്ങളുടെ നിയന്ത്രണമുള്ള കൊല്ലം സോഷ്യല്‍ ഫോറെസ്‌ട്രി ഓഫിസുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. കൊല്ലത്ത് ഇത്തരത്തിലൊരു സംഭവം നടന്നതായി അറിവില്ലെന്നും പ്രചരിക്കുന്ന വീഡിയോ വ്യാജമാവാമെന്നും ഫോറെസ്റ്റ് ഓഫിസര്‍ വ്യക്തമാക്കി.
മാത്രമല്ല ശാസ്‌താംകോട്ടയില്‍ നടന്ന സംഭവമെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയിലെ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ അതില്‍ മലയാളമല്ല സംസാരിക്കുന്നതെന്നും വ്യക്തമായി മനസിലാക്കാന്‍ കഴിയും.
ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

യുപിഐ ന്യൂസ്-

ന്യൂസ് ഫ്ലെയര്‍-

Archived Link | Archived Link |
നിഗമനം
കൊല്ലം ജില്ലയില്‍ തന്നെ ഇങ്ങനെയൊരു സംഭവം നടന്നതായി അറിവില്ലെന്ന് ഔദ്യോഗികമായ വിശദീകരണം ലഭിച്ചു. മാത്രമല്ല ഇത് കര്‍ണാടകയില്‍ 2018ല്‍ നടന്ന സംഭവമാണെന്ന് അവകാശപ്പെടുന്ന വാര്‍ത്തകളും വീഡിയോകളും ലഭിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:ശാസ്‌താംകോട്ട റിയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് ഏരിയയില്‍ വെച്ച സ്കൂട്ടറില്‍ പാമ്പുകളെ കണ്ടെത്തിയോ?
Fact Check By: Dewin CarlosResult: False
