ഫെഡറല്‍ ബാങ്കിലെ ജോലി ഒഴിവുകളെയും നിയമന രീതിയെയും  കുറിച്ച് പ്രചരിപ്പിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്, യാഥാര്‍ത്ഥ്യം ഇതാണ്….

സാമൂഹികം

കേരളത്തിലെ ഫെഡറല്‍ ബാങ്കുകളില്‍ ജൂനീയര്‍ മാനേജ്മെന്‍റ് തസ്തികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു എന്നവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു അറിയിപ്പ് വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

 “കേരളത്തിലെ ഫെഡറൽ ബാങ്കുകളിൽ ജോലി നേടാൻ അവസരം ജൂനിയർ മാനേജ്മെന്‍റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 48480 രൂപ മുതൽ 85920 രൂപ വരെ യാണ് മാസശമ്പളം ആയ പരിധി 18 വയസ്സ് മുതൽ 32 വയസ്സ് വരെ ഓൺലൈൻ മോക്ക് ടെസ്റ്റ് ഇൻറർവ്യൂ വഴിയാണ് നിയമനം” എന്ന വിവരണവും ഫെഡറല്‍ ബാങ്കിന്‍റെ ചിത്രങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോയിലെ ജോലി അറിയിപ്പിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആലുവയിലുള്ള ഫെഡറല്‍ ബാങ്ക് ആസ്ഥാനവുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചത് ഇങ്ങനെയാണ്: “ഫെഡറല്‍ ബാങ്ക് ഇപ്പോള്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ അത് ഈ വൈറല്‍ വീഡിയോയിലെ അറിയിപ്പ് പോലെയല്ല. 

ജൂനിയര്‍ മാനേജ്മെന്‍റ് ഓഫീസര്‍ തസ്തികയാണിത്. ഉദ്യോഗാര്‍ത്ഥികള്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ അല്ലെങ്കില്‍ തത്തുല്യ ഉള്ളവരായിരിക്കണം. 2024 ല്‍ പാസ്സ് ഔട്ട് ആകാന്‍ പോകുന്നവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്/ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ കുറഞ്ഞത് 60% അല്ലെങ്കിൽ അതിൽ കൂടുതലോ മാര്‍ക്ക് ഉണ്ടായിരിക്കണം. 27 വയസാണ് പ്രായപരിധി. എസ്‌സി/എസ്‌ടി വ്ഭാഗങ്ങള്‍ക്ക് 32 വയസാണ് പ്രായപരിധി. അതുപോലെ ഓണ്‍ലൈന്‍ മോക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്ക്കഷന്‍, ഇന്‍റര്‍വ്യൂ എന്നീ മൂന്നു തലത്തിലാണ് സെലക്ഷന്‍ പ്രോസസ്സ്. 

നിലവിൽ ഉദ്യോഗസ്ഥർക്ക് (സ്കെയിൽ 1-ൽ) അടിസ്ഥാന ശമ്പളം ₹48,480 ആണ്. കാലാകാലങ്ങളിൽ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾക്കനുസൃതമായി അലവന്‍സുകള്‍ക്ക് ഉദ്യോഗസ്ഥന് അർഹതയുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ എവിടെയുമുള്ള ഫെഡറല്‍ ബാങ്കുകളിലാവും നിയമനം ലഭിക്കുക. പോസ്റ്റ് ചെയ്യുന്ന സ്ഥലവും മറ്റ് ഘടകങ്ങളും അനുസരിച്ച് സി‌ടി‌സി പ്രതിവർഷം കുറഞ്ഞത് 12.21 ലക്ഷവും പരമാവധി 16.31 ലക്ഷവുമായിരിക്കും. ടേക്ക് ഹോം പേ പരമാവധി പ്രതിമാസം ഏകദേശം ₹80,500 ആയിരിക്കും. ഇതാണ് ഫെഡറല്‍ ബാങ്കിന്‍റെ ജൂനിയര്‍ മാനേജ്മെന്‍റ് ഓഫീസര്‍ തസ്തികയുടെ വിശദാംശങ്ങള്‍.” 

ബാങ്കിന്‍റെ തൊഴിലവസരങ്ങള്‍ കൃത്യമായി അറിയാന്‍ ഫെഡറല്‍ ബാങ്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് കരിയര്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മതി. നോട്ടിഫിക്കേഷനും അപേക്ഷിക്കേണ്ട ലിങ്കും അതിലുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ ദയവായി മറ്റ് സ്രോതസ്സുകള്‍ ആശ്രയിക്കാതെ ഫെഡറല്‍ ബാങ്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് മാത്രം അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രമിക്കുക. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഫെഡറല്‍ ബാങ്കിന്‍റെ ജൂനിയര്‍ മാനേജ്മെന്‍റ് ഓഫീസര്‍ തസ്തികയിലേക്ക് പോസ്റ്റ് ഗ്രാജ്വേഷന്‍ ഉള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. 22-27 വയസ്സുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി/എസ്‌ടി വിഭാഗങ്ങള്‍ക്കാണ് 32 വയസ്സു പ്രായപരിധി. പത്താം ക്ലാസ് മുതല്‍ 60% ത്തില്‍ കുറയാത്ത മാര്‍ക്കും നിര്‍ബന്ധമാണ്. തെരെഞ്ഞെടുക്കപ്പെട്ടാല്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ എവിടെയുമുള്ള ഫെഡറല്‍ ബാങ്കില്‍ നിയമനം ലഭിച്ചേക്കാം. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഫെഡറല്‍ ബാങ്കിലെ ജോലി ഒഴിവുകളെയും നിയമന രീതിയെയും കുറിച്ച് പ്രചരിപ്പിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്, യാഥാര്‍ത്ഥ്യം ഇതാണ്….

Fact Check By: Vasuki S 

Result: MISLEADING