
വിവരണം
കോഴിക്കോട് (നാദാപുരം, കല്ലാച്ചി) മേഖലയില്‍ കുറുവ സംഘം ഉള്ളതായി റിപ്പോര്‍ട്ട്.. നാട്ടുകാര്‍ ജാഗ്രത പുലര്‍ത്തുക.. എന്ന തലക്കെട്ട് നല്‍കി ഭയപ്പെടുത്തുന്ന ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു സംഘം മുഖം മറച്ച് എത്തി വീടിന്‍റെ വാതിലില്‍ വലിയ പാറക്കല്ല് ഉപയോഗിച്ച് തകര്‍ത്ത് അകത്ത് കടക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മല്ലു വൈബ്‌സ് എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാം –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീഡിയോ കോഴിക്കോട് ജില്ലയിലെ നദാപുരം കല്ലാച്ചി ഭാഗങ്ങളില്‍ കുറുവ സംഘം മോഷണം നടത്തുന്നതാണോ? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ സംസ്ഥാന പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ പ്രമോദ് കുമാറുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ് –
ഇത്തരത്തിലൊരു സംഭവം കേരളത്തില്‍ എവിടെയും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാ. വീഡിയോ പ്രചരിക്കുന്നതിലൂടെ ജനങ്ങള്‍ പരാഭ്രാന്തരാകുകയാണ്. ആധികാരികത ഇല്ലാത്ത ഇത്തരം വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രെയിമുകള്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതെ സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ കുപ്രസിദ്ധരായ ‘ജട്ടി ബനിയന്‍’ അഥവ കച്ചാ ബനിയന്‍ ഗാങ്ങിന്‍റെ മോഷണം എന്നാണ് ന്യൂസ് 18 കന്നട റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതലും വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൂരമായ ആക്രമണ രീതിയിലൂടെ മോഷണം നടത്തുന്ന ക്രിമിനല്‍ സംഘമാണ് ജട്ടി ബനിയന്‍ സംഘം. ഇവരെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
ന്യൂസ് 18 കന്നട വാര്‍ത്ത കാണാം –
ന്യൂസ് 18 കന്നടയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ടും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. നവംബര്‍ 21നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മാണ്ഡ്യ ജില്ലയിലെ ഓള്‍ഡ് മൈസൂര്‍ റോഡിലെ കെ.ആര്‍.പേട്ടെ ടൗണിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തതെന്നതാണ് വാര്‍ത്ത. ജട്ടി ബനിയന്‍ ഗ്യാങ്ങിന്‍റെ മോഷണ രീതിയെന്ന് തോന്നിക്കുന്നതായതിനാല്‍ പോലീസ് ശക്തമായ പട്രോളിങും പ്രതികള്‍ക്കായുള്ള തിരച്ചിലും നടത്തി വരുകയാണ്.
ന്യൂസ് 18 കന്നട വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് –
നിഗമനം
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ കച്ച ബനിയന്‍ അഥവ ജട്ടി ബനിയന്‍ സംഘം നടത്തിയ മോഷണ ശ്രമത്തിന്‍റെ വീഡിയോയാണിത്. കുറുവ സംഘം കേരളത്തില്‍ മോഷണം നടത്തുന്ന വീഡിയോയുമായി ഇതിന് ബന്ധമില്ലാ എന്നും പോലീസ് സ്ഥരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ഈ വൈറല്‍ വീഡിയോ കുറുവ സംഘം വീട് ആക്രമിച്ച് മോഷണം നടത്തുന്നതിന്‍റെ അല്ലാ.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading
