പബ്‌ജി ടെന്‍സെന്‍റിനെ ഒഴിവാക്കുമെന്ന് ട്വീറ്റിലൂടെ അറിയിപ്പ് നല്‍കിയെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

സാങ്കേതികം

യുവാക്കളെ ഏറെ സ്വാധീനിച്ചിരുന്ന മൊബൈല്‍ ഗെയിമിലെ ഭീമന്മാരായിരുന്ന പബ്‌ ജി മൊബൈല്‍ ഗെയിം നിരോധനമാണ് കഴിഞ്ഞ ദിവസങ്ങളിലെ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. ഗയിമിങ് ഗ്രൂപ്പുകളിലും മറ്റ് ഗാഡ്‌ജെറ്റ് ഗ്രൂപ്പുകളിലുമെല്ലാം ഇത് തന്നെയാണ് ചര്‍ച്ചാ വിഷയം. കേന്ദ്ര സര്‍ക്കാര്‍ രണ്ടാം ഘട്ടത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയ 118 ആപ്പുകളുടെ പട്ടികയിലാണ് പബ്‌ ജി മൊബൈലും പബ് ‌ജി ലൈറ്റും ഉള്‍പ്പെട്ടത്. നിരോധനം പ്രഖ്യാപിച്ച രണ്ടാം ദിവസം തന്നെ ഗെയിം പ്ലേസ്റ്റോറില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പബ്‌‌ജി മൊബൈലിന്‍റെ വെബ്‌സൈറ്റുകളും നിലവില്‍ ലഭ്യമാകുന്നില്ല. എന്നാല്‍ പബ്‌ജി മൊബൈല്‍ എന്ന ഗെയിമിനല്ല നിരോധനമെന്നും പബ്‌ജി മൊബൈല്‍ ഗെയിം പബ്ലിഷറായ ടെന്‍സെന്‍റിന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ വലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നുമാണ് ഒരു വാ‌ട്‌സാപ്പ് ഓഡിയോ സന്ദേശത്തിലൂടെ വ്യാപകമായി പ്രചരിക്കുന്ന അവകാശവാദം. ഏതെങ്കിലും തരത്തില്‍ ഇന്ത്യന്‍ ഗവ. പബ്‌ജി ബാന്‍ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ പബ്‌ജി ടെന്‍സെന്‍റിന് പകരം മറ്റൊരു ഗെയിം ഡെവലപ്പേഴ്‌സിന് കൈമാറുമെന്ന വിവരം മുന്‍പ് തന്നെ ഔദ്യോഗികമായി അവരുടെ ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ആരും തന്നെ നിരാശരാകേണ്ടതില്ലെന്നുമാണ് സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം. ഇതെ വാ‌ട്‌സാപ്പ് സന്ദേശം വീഡിയോയില്‍ ചേര്‍ത്തും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകള്‍ ചേര്‍ത്തും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇതാണ് വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശം-

എന്നാല്‍ പബ്‌ജി മൊബൈല്‍ ടെന്‍സെന്‍റിനെ ഒഴിവാക്കി പകരം ഒരു പബ്ലിഷറിന് ഗെയിം കൈമാറുമെന്ന് ഇത്തരത്തില്‍ ഔദ്യോഗികമായി ഒരു വിവരം ട്വീറ്റ് ചെയ്തിട്ടുണ്ടോ? എന്താണ് ടെന്‍സെന്‍റും പബ്‌ജിയും തമ്മിലുള്ള ബന്ധം? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ഓഡിയോ സന്ദേശത്തില്‍ പറഞ്ഞത് പോലെ പബ്‌ജി മൊബൈലിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ടെന്‍സെന്‍റിനെ ഒഴിവാക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ടോ എന്നാണ് ഞങ്ങള്‍ അന്വേഷിച്ചത്. എന്നാല്‍ പബ്‌ജി മൊബൈലിന്‍റ ട്വിറ്റര്‍ ഹാന്‍ഡില്‍ വിശദമായി പരിശോധിച്ചിട്ടും ഇത്തരമൊരു വിഷയത്തില്‍ അവര്‍ നിലപാട് വ്യക്തമാക്കി യാതൊരു പോസ്റ്റുകളും പങ്കുവെച്ചിട്ടില്ലെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. പബ്‌ജി മൊബൈല്‍ ഇന്ത്യാ, പബ്‌ജി മൊബൈലിന്‍റെ മറ്റ് രണ്ട് ഔദ്യിഗക ഹാന്‍ഡിലുകള്‍, പബ്‌ജി സപ്പോര്‍ട്ട്, പബ്‌ജി ഇസ്പോര്‍ട്‌സ്, കൂടാതെ ടെന്‍സെന്‍റ് എന്നീ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പരിശോധിച്ചെങ്കിലും ടെന്‍സെന്‍റിനെ ഒഴിവാക്കുന്നത് സംബന്ധിച്ച് യാതൊരു വിവരങ്ങളും പബ്‌ജി പങ്കുവെച്ചിട്ടില്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞു.

ടെന്‍സെന്‍റും പബ്‌ജിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള തെറ്റായ ധാരണകളാണ് പലപ്പോഴും പലരും ഇത്തരം വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കാന്‍ കാരണമാകുന്നത്. യഥാര്‍ത്ഥത്തില്‍ പബ്‌ജി എന്ന പിസി ഗെയിമിനെ മൊബൈല്‍ ഗെയിമില്‍ നിര്‍മ്മിച്ച് അവതരിപ്പിച്ചവരാണ് ടെന്‍സെന്‍റ്.  അതായത് ഇപ്പോഴുള്ള 14 സീസണുകളും ടെന്‍സെന്‍റ് ഗെയിമാണ് പബ്‌ജി കോര്‍പ്പൊറേഷനും ക്രാഫ്റ്റോണ്‍ ഗെയിം യൂണിയന്‍ (പഴയ ബ്ലൂ ഹോള്‍) എന്നീ കമ്പനികള്‍ക്ക് വേണ്ടി മൊബൈല്‍ വെര്‍ഷനില്‍ ഏറ്റവും ഉയര്‍ന്ന ഗ്രാഫിക്‌സും ഇന്‍റര്‍ഫെയ്‌സും ഗെയിമിങ് എക്‌സ്പീരിയന്‍സുമെല്ലാം നല്‍കി അവതരിപ്പിച്ചത്. ബ്ലൂഹോളിന്‍റെ 10 ശതമാനം വിഹിതവും ടെന്‍സെന്‍റ് ഗെയിം 2018ല്‍ വാങ്ങിയതായും  സ്പോര്‍ട്‌സ്കീഡ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പബ്‌ജി മൊബൈലിന്‍റെ നല്ലൊരു ശതമാനം ലാഭവിഹിതവും ഇത്തരത്തില്‍ ടെന്‍സെന്‍റിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിച്ചിരുന്നു.  കൃത്യമായ കണക്കുകളില്‍ സൂചിപ്പിക്കുന്നത് 34 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ടെന്‍സെന്‍റിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ വെറും രണ്ട് ദിവസങ്ങളില്‍ സംഭവിച്ചതെന്നാണ് ഗാഡ്‌ജെറ്റ് വാര്‍ത്ത വെ‌ബ്‌സൈറ്റായ ബീംബോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് തൊട്ടുപിന്നാലെ ടെന്‍സെന്‍റിന്‍റെ പ്രതികരണവും ബീബോം  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പബ്‌ജി മൊബൈല്‍ നിരോധനത്തിന് ശേഷം വളരെ വൈകിയാണ് ഒരു പ്രതികരണം കമ്പനി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കമ്പനിയുടെ പ്രതികരണം ഇപ്രകാരമാണ്-

ഇന്ത്യന്‍ ഗവണ്‍മെന്‍റുമായി ഉടന്‍ തന്നെ ടാന്‍സെന്‍റ് ചര്‍ച്ച നടത്തും. ഡേറ്റ ചോരുന്നില്ലെന്ന ഉറപ്പ് സര്‍ക്കാരിന് നല്‍കിയ ശേഷം നിരോധനം പിന്‍വലിക്കണമെന്ന ആവശ്യം അറിയിക്കുമെന്നും ടെന്‍സെന്‍റ് പ്രസ്താവനയിലൂടെ അറിയിച്ചു എന്നും ബീബോം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതായത് പബ്‌ജി മൊബൈലിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ടെന്‍സെന്‍റിന് തന്നെയാണുള്ളതെന്ന് തെളിയിക്കുന്നതാണ് ഈ വിവരങ്ങള്‍. സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നതും വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നതും ടെന്‍സെന്‍റ് എന്ന മൊബൈല്‍ ഗെയിം നിര്‍മ്മാണ കമ്പനി തന്നെയാണ്.

പബ്‌ജിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലുകള്‍-

പബ്‌ജിയും ടെന്‍സെന്‍റുമായുള്ള ബിസിനസ് ബന്ധത്തെ കുറിച്ച് സ്പോര്‍ട്‌സ്കീഡ വെബ്‌സൈറ്റ് റിപ്പോര്‍ട്ട്-

SportsKeeda Archived Link 

ടെന്‍സെന്‍റ്  കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നതിനെ കുറിച്ച് ബീബോം നല്‍കിയ വാര്‍ത്ത-

Beebom Report Archived Link 

നിഗമനം

പബ്‌ജി നിലവിലെ ടെന്‍സെന്‍റിനെ ഒഴിവാക്കുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പുകളും നല്‍കിയിട്ടില്ല. ഭീമമായ ഒരു തുക തന്നെ ടെന്‍സെന്‍റ് പബ്‌ജി മൊബൈല്‍ എന്ന ഗെയിമില്‍ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ പിസി ഗെയിമായ പബ്‌ജിയെ മൊബൈല്‍ ഗെയിമായി അവതരിപ്പിച്ച് ഇത്രയും സ്വീകാര്യത നേടിക്കൊടുത്തതും ടെന്‍സെന്‍റാണ്. അതുകൊണ്ട് തന്നെ ടെന്‍സെന്‍റിനെ പബ്‌ജി ഒഴിവാക്കുമെന്ന് അറിയിച്ചു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:പബ്‌ജി ടെന്‍സെന്‍റിനെ ഒഴിവാക്കുമെന്ന് ട്വീറ്റിലൂടെ അറിയിപ്പ് നല്‍കിയെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False