ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില്‍ നിന്നും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വീഡിയോ വൈറല്‍ ആയിട്ടുണ്ട്.

പ്രചരണം

ഒഴുക്കുള്ള നദിയില്‍ ഒരു മൃതദേഹം കയറില്‍ ബന്ധിക്കപ്പെട്ട നിലയില്‍ കിടക്കുന്നതു കാണാം. നൂറുകണക്കിനു പേര്‍ നദിക്കരയില്‍ കൂടി നില്‍ക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ പാമ്പുകടിയേറ്റ യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം ഗംഗാ നദിയില്‍ കെട്ടിയിട്ടുവെന്നും യുവാവിന് അങ്ങനെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “രോഹിത് എന്ന യുവാവിന് പാമ്പ് കടിയേറ്റു. വീട്ടുകാർ അവനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം ഗംഗാ നദിയിൽ ഇങ്ങനെ കെട്ടിയിട്ടു.

ഗംഗയുടെ പുണ്യ ജലം ശരീരത്തിൽ നിന്ന് വിഷം മുഴുവൻ വലിച്ചെടുക്കും എന്നായിരുന്നു അവരുടെ വിശ്വാസം.

രണ്ട് ദിവസം ഇങ്ങനെ കിടന്നശേഷം മരിച്ചു...

ഉത്തർപ്രദേശില ബുലൻഡ്ശഹറിലാണ് സംഭവം...

രാജ്യം ഏറെ പുറകോട്ടു പോകുന്നു.... പരീക്ഷയിൽ ചോദ്യത്തിന് ഉത്തരമായി ജയ് ശ്രീ റാം എന്നെഴുതിയവന് 50ശതമാനം മാർക്ക് കൊടുക്കുന്നു...

😡 ശാസ്ത്രം മരിക്കട്ടെ , വിശ്വാസം ജയിക്കട്ടെ”

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണിതെന്നും യുവാവ് മരിച്ച ശേഷം മൃതദേഹമാണ് ഗംഗാനദിയില്‍ കെട്ടിയിട്ടതെന്നും അന്വേഷണത്തില്‍ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി

വസ്തുത ഇതാണ്

വാര്‍ത്തയുമായി ബന്ധപ്പെട്ട കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ സംഭവത്തെ കുറിച്ച് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.

archived link

എന്‍‌ഡി‌ടി‌വി റിപ്പോര്‍ട്ട് ഇങ്ങനെ: “ഏപ്രിൽ 26ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ വോട്ട് ചെയ്ത ശേഷമാണ് ഇരുപതുകാരനായ മോഹിത് കുമാർ വീട്ടിലേക്ക് മടങ്ങിയത്. വൈകുന്നേരത്തോടെ പാർക്കിൽ പോയ ഇയാൾ പാമ്പ് കടിയേറ്റു. വീട്ടുകാർ ഡോക്ടറെ കാണിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. വിഷം ശരീരത്തില്‍ നിന്നും നീക്കം ചെയ്യാൻ ഗംഗാജലത്തിന് ശക്തിയുണ്ട് എന്നു വിശ്വസിച്ച് അന്ധവിശ്വാസികളായ കുടുംബം മൃതദേഹം ഗംഗാ നദിയിൽ കെട്ടിയിട്ടു.

ബുലന്ദ്ഷഹറിലെ ജഹാംഗീരാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ജയ്‌റാംപൂർ കുദേന ഗ്രാമവാസിയായിരുന്നു മോഹിത്. അയാളുടെ ബന്ധുവിന്‍റെ വാക്കുകളില്‍, "രക്തപ്രവാഹം തടയാൻ ഗ്രാമത്തിലെ നാട്ടുകാർ മുറിവിന് ചുറ്റും മുറുകെ കെട്ടിയിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിൽ മോഹിതിന് ബോധം നഷ്ടപ്പെട്ടു. ഞങ്ങൾ അവനെ നഗരത്തിലെ റാണ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടർമാർ ചികില്‍സ നല്‍കാന്‍ കൂട്ടാക്കിയില്ല. സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ഞങ്ങൾ അവനെ പാമ്പുവിഷ ചികിത്സകരുടെ അടുത്തേക്ക് കൊണ്ടുപോയെങ്കിലും അവന്‍റെ ജീവന്‍ നഷ്ടപ്പെട്ടതായി അവർ അറിയിച്ചു. ഗംഗാ നദിയിൽ മൃതദേഹം ഇട്ടാൽ വിഷം മാറുമെന്ന് ഒരു പഴഞ്ചൊല്ലുണ്ട്, ഞങ്ങളും അത് തന്നെ ചെയ്തു," അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിൽ മണിക്കൂറുകളോളം ഒരു മൃതദേഹം റെയിലിംഗിൽ കെട്ടിയിരിക്കുന്നത് കാണാൻ ഗംഗയുടെ തീരത്ത് ഒരു ജനക്കൂട്ടം തടിച്ചുകൂടി.”

എല്ലാ മാധ്യമ വാര്‍ത്തകളിലും ഇതേ ഉള്ളടക്കം തന്നെയാണുള്ളത്. പാമ്പു കടിയേറ്റ മോഹിതിനെ ആശുപത്രിയില്‍ കൊണ്ടുപോയതായും വഴിമധ്യേ മരിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നത്. കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ ജഹാംഗീരാബാദ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. സ്റ്റേഷന്‍ എസ്‌ഐ അറിയിച്ചത് ഇങ്ങനെയാണ്: “മോഹിതിന് ഏപ്രില്‍ 26 നാണ് പാമ്പു കടിയേറ്റത്. ബന്ധുക്കളും നാട്ടുകാരും അയാളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. വഴിമധ്യേ ബോധം മറഞ്ഞു. പിന്നീട് മരിക്കുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവിടുത്തെ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കളുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് പറയുന്നു, യുവാവിന്‍റെ മൃതശരീരം വിഷമിറക്കാമെന്ന് വ്യാമോഹിച്ച് നദിയില്‍ കെട്ടിയിട്ടത്. മൃതദേഹമാണ് നദിയില്‍ ഇട്ടത്. പിന്നീട് നദിക്കരയില്‍ തന്നെ സംസ്കാരം നടത്തുകയാണ് ചെയ്തത്.”

മരിച്ച യുവാവിന്‍റെ ബന്ധുക്കളെ പരിചയമുള്ള പ്രാദേശിക മാധ്യമ പ്രവര്‍ത്തകനുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. വിവരങള്‍ ലഭ്യമായാലുടന്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ഉത്തര്‍പ്രദേശ് ബുലന്ദ്ഷെഹറില്‍ പാമ്പു കടിയേറ്റ് യുവാവ് മരിച്ചത് ആശുപത്രിയില്‍ കൊണ്ടുപോകും വഴി യാത്രാമധ്യേയാണ്. വിഷം ശരീരത്തില്‍ നിന്നും നീക്കം ചെയ്യാൻ ഗംഗാജലത്തിന് ശക്തിയുണ്ട് എന്നു വിശ്വസിച്ച് അന്ധവിശ്വാസികളായ കുടുംബം മൃതദേഹം ഗംഗാ നദിയിൽ പിന്നീട് കെട്ടിയിടുകയാണ് ഉണ്ടായത്. അല്ലാതെ പാമ്പു കടിയേറ്റ യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോയി ചികില്‍സ നല്‍കാതെ അന്ധവിശ്വാസത്തിന്‍റെ പേരില്‍ നദിയില്‍ കെട്ടിയിട്ടത് മൂലം മരിച്ചു എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്...

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പാമ്പു കടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കാതെ ഗംഗാ നദിയില്‍ കെട്ടിയിട്ട് മരണത്തിനിരയാക്കി എന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ...

Written By: Vasuki S

Result: False