മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്‍റ സ്കൂള്‍ തകർത്തത് ബി.ജെ.പി തീവ്രവാദികള്‍ ആണോ…?

രാഷ്ട്രീയം | Politics
ചിത്രം കടപ്പാട്: AsiaNews

വിവരണം

Archived Link

“മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂൾ അടിച്ചു തകർത്തു ബിജെപി തീവ്രവാദികൾ. #മാക്സിമംഷെയർ” എന്ന അടികുറിപ്പിനോടൊപ്പം ജനുവരി 24ന് ഒരു വീഡിയോ Truth Media എന്ന ഫേസ്‌ബുക്ക്  പേജ് പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഈ വീഡിയോയുടെ കൂടെ നൽകിയിട്ടുള്ള  വാചകം ഇപ്രകാരം : “മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂൾ അടിച്ചു തകർത്തു ബിജെപി തീവ്രവാദികൾ. അറിവിനെ ഇല്ലാതാക്കി ‘രാജ്യത്തെ വികസിപ്പിക്കുന്ന’ പാർട്ടിയുടെ പേരോ ബി.ജെ.പി?” വീഡിയോയിൽ  ഒരു സംഘം മുദ്രാവാക്യങ്ങൾ വിളിച്ചു ഒരു മുറിയിൽ കയറി അതിനെ തകർക്കുന്നതായി നമുക്ക് കാണാം. മുറി തകർത്ത ശേഷം ഈ സംഘം മുദ്രവാക്യങ്ങൾ വിളിച്ചു മടങ്ങുന്നതും കാണാം. ഈ വീഡിയോ ട്വിറ്ററിൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക്  താഴെ നല്കിയ ട്വീറ്റ് ലഭിച്ചു:

https://twitter.com/NehemiahHRD/status/1087930408443043842

ഹിന്ദു ഭീകരർ  ബലപ്രയോഗത്തിലൂടെ  ഒരു ക്രിസ്ത്യൻ സ്കൂളിൽ  കയറി അവിടുത്തെ ധാർമിക വസ്തുകളും മറ്റു സാധനങ്ങളും തകർക്കുകയുണ്ടായി എന്നാണ്  ഈ ട്വീറ്റിലൂടെ നെമായ ക്രിസ്തി എന്ന് ട്വിറ്റർ ഉപഭോക്താവ് അറിയിക്കുന്നത്. സ്കൂൾ തകർത്തത്  വാസ്തവത്തിൽ ആരാണ്? ഇവർ ബി.ജെ.പിക്കാർ ആണോ? അതോ ഹിന്ദു ഭീകരരാണോ? സംഭവത്തിന്റെ മുഴുവൻ വിശദാംശങ്ങൾ  നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം

ഈ വീഡിയോയിൽ  കാണുന്ന സംഘത്തിലുള്ളവർ  ഒരു സ്കാർഫ് കഴുത്തിൽ ധരിച്ചിട്ടുണ്ട്.. ഈ കാവി നിറമുള്ള സ്കാർഫ്  സുക്ഷ്മമായി പരിശോധിച്ചാൽ അതിൽ ശിവസേനയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും കാണാൻ സാധിക്കും. അതോടൊപ്പം ശിവസേനയുടെ  പേരും മറാഠിയിൽ ‘शिवसेना’ എഴുതിയിട്ടുണ്ട്. കൂടാതെ ഇവർ വിളിക്കുന്ന മുദ്രവാക്യങ്ങൾ , “ചത്രപതി ശിവാജി മഹാരാജ് കി ജയ്! ജയ് ഭവാനി! ജയ് ശിവാജി!” ശിവസേനയാണ് സാധാരണ ഉപയോഗിക്കുന്നത്.

സംഭവത്തെക്കുറിച്ച്  ഞങ്ങൾ ഓൺലൈൻ അന്വേഷിച്ചു. വീഡിയോയിൽ പറഞ്ഞ  പോലെ മഹാരാഷ്ട്രയിലെ കൊല്ഹാപുർ നഗരത്തിൽ ഇങ്ങനത്തെ ഒരു സംഭവത്തിന്‍റെ കുറിച്ച് വന്നിട്ടുള്ള വാർത്തകൾ  ഞങ്ങൾ അന്വേഷിച്ചു. അന്വേഷണത്തിൽ ഞങ്ങൾക്ക് ഈ സംഭവത്തെപ്പറ്റി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു ലേഖനം ലഭിച്ചു. ലേഖനത്തിന്‍റെ ലിങ്ക് താഴെ നല്കിയിട്ടുണ്ട്.

TOIArchived Link

ഈ വാർത്താ  പ്രകാരം മഹാരാഷ്ട്രയിലെ കൊല്ഹാപുരിലുള്ള ഹോളി ക്രോസ് ഗേൾസ് സ്കൂൾ അധികൃതർ  കെട്ടിടനിർമാണ ഫണ്ടിലേയ്ക്കായി വിദ്യാർത്ഥിനികളോട് 7000 രൂപ ചോദിച്ചു. ഇതേ തുടർന്ന്  സ്കൂളിൽ പഠിക്കുന്ന ചില വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ ശിവസേനയുടെ യൂത്ത് സംഘടനയായ യുവ സേനയുടെ അടുത്ത്  പരാതി നല്കി. ഇതിനെ തുടർന്ന് അവർ സ്കൂളിൽ പോയി ഭരണസമിതിയുമായി ചർച്ച നടത്തി. ചർച്ച ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും ഫീസ് ആവശ്യം പിൻവലിക്കാത്തതിനാൽ  ഇവർ തിരികെ സ്കൂളിൽ പോയി പ്രിൻസിപ്പലിന്‍റെ ഓഫീസിലേയ്ക്ക് കടന്നു. 15 മിനിട്ടോളം സ്കൂൾ പ്രിൻസിപ്പലും യുവ സേനപ്രവർത്തകരും തമ്മിൽ തർക്കം നടന്നു. അതിനു  ശേഷം പ്രിൻസിപ്പാൾ പ്രെയറിനായി കാബിൻ വിട്ടു പോയി ആ സമയത്താണ് യുവസേനയുടെ പ്രവർത്തകർ കാബിൻ തകർത്തത്. ഈ വാർത്ത പല പ്രാദേശിക മാധ്യമങ്ങൾ കവർ ചെയ്തിരുന്നു. അതിൽ  ചില റിപ്പോർട്ടുകൾ താഴെ വീഡിയോയിൽ സന്ദർശിക്കാം.

നിഗമനം

ഈ വാർത്ത  വസ്തുതാപരമായി തെറ്റാണ്. ഈ വീഡിയോയിൽ  കാണുന്ന സംഭവത്തിന് ഉത്തരവാദികൾ ശിവസേനയുടെ  യുവ സംഘടനയായ യുവസേനയാണ്. സ്കൂൾ കെട്ടിടത്തിനു വേണ്ടി ഫീസ് ചോദിച്ചതിലുണ്ടായ തർക്കത്തെ തുടർന്നാണ്  യുവ സേനപ്രിൻസിപ്പാൾ പ്രാർത്ഥിക്കാൻ പോയപ്പോൾ അവരുടെ കാബിൻ തകർത്തത്. ഈ സംഭവത്തിൽ ബി.ജെ.പിയുടെ പങ്ക് ആരോപിക്കപ്പെട്ടിട്ടില്ല. ഇത് തെറ്റിദ്ധരിപ്പിക്കുന്ന  വാർത്തയാണ്. അതിനാൽ പ്രിയ വായനക്കാർ ഈ വാർത്ത ദയവായി ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്‍റ സ്കൂള്‍ തകർത്തത് ബി.ജെ.പി തീവ്രവാദികള്‍ ആണോ…?

Fact Check By: Harish Nair 

Result: False