കടപാട്: ഫെസ്ബൂക്

•വിവരണം

കഴിഞ്ഞ ഒന്നര വർഷമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റ് ആണ് ചുവടെ ചേർത്തിരിക്കുന്നത്.
"കൊല്ലം ബൈപ്പാസ് റോഡിൽ നിന്നും ഒരു പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. അമ്മയുടെ കണ്ണുവെട്ടിച്ചാണ് സംഭവം. ദൃക്സാക്ഷികൾ ഉണ്ട്. ഹോണ്ട യൂണിക്കോൺ ബൈക്കിലെത്തിയ ആളാണ് കൃത്യം നടത്തിയത്. KL O4 AL 1996 എന്ന ആലപ്പുഴ രജിസ്ട്രേഷൻ വാഹനമാണിത്. ഷെയർ ചെയ്യൂ."
ഈ വാചകങ്ങൾ ഉൾപ്പെട്ടതാണ് ഫേസ്ബുക്കിലും വാട്സാആപ്പിലും പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം. 'അടിയന്തരമായ വാർത്ത' എന്ന തലക്കെട്ട് നൽകിയ ഒരു സ്ക്രീൻഷോട്ടാണ് പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. ഒന്നര വർഷമായി പോസ്റ്റ് പ്രചരിക്കുന്നുണ്ടെങ്കിലും ഇന്നും ഇത് ഫോർവേഡ് ചെയ്യപ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് പേർ ഇതിനോടകം വസ്തുതകൾ എന്തെന്നുപോലും അന്വേഷിക്കാതെ പോസ്റ്റ് ഇപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിന് പിന്നിലെ യാഥാർത്ഥ്യം എന്തെന്ന് പരിശോധിക്കാം.

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് :

Archived link

•വസ്തുത വിശകലനം

സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ബൈപ്പാസ് പരിധിയിൽവരുന്ന ലോക്കൽ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. മാത്രമല്ല KL 04 AL 1996 ഇന്ന് ആലപ്പുഴ രജിസ്ട്രേഷൻ വാഹനത്തിന്റെ പേരിൽ ഒരു കേസും കൊല്ലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇതുവരെ ചാർജ് ചെയ്തിട്ടില്ല. ആലപ്പുഴയിലെ പ്രമുഖ ഷോറൂം ഡീലറിൽ നിന്നാണ് വാഹനം വാങ്ങിയിരിക്കുന്നത്. അജയ് ആർ.നായർ എന്ന യുവാവാണ് വാഹനത്തിന്റെ ഉടമ. കഴിഞ്ഞ ഏതാനും നാളുകളായി വാട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിച്ച കഥകൾ കണ്ടു ഏറെ മാനസിക പിരിമുറുക്കത്തിലായിരുന്നു അജയും കുടുംബവും.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശത്തെക്കുറിച്ച് അജയ് പറയുന്നതിങ്ങനെയാണ്. "2017 ജൂലൈ മാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്യുന്നത്. താൻ പുതിയ ബൈക്ക് വാങ്ങിയെന്ന് മറ്റുള്ള സുഹൃത്തുക്കളെ അറിയിക്കാൻ ഉറ്റസുഹൃത്ത് ഒപ്പിച്ച തമാശ മാത്രമായിരുന്നു ഇത്. സുഹൃത്തുക്കൾ മാത്രമുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിൽ തമാശ മാത്രം ലക്ഷ്യംവെച്ച് പോസ്റ്റ് ചെയ്തപ്പോൾ തന്നെ സുഹൃത്ത് ചിന്തിച്ചിട്ടുണ്ടാകില്ല കളി കാര്യമാകും എന്നതിനെക്കുറിച്ച്. സുഹൃത്ത് എഡിറ്റ് ചെയ്ത സ്ക്രീൻഷോട്ട് ഇട്ടശേഷം ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഇത് മറ്റുള്ള ഗ്രൂപ്പുകളിൽ പ്രചരിക്കുന്നതായും മറ്റുള്ളവർ ഒരു കുറ്റകൃത്യം നടന്നു എന്ന തരത്തിൽ ഇതിനെ വ്യാഖ്യാനിക്കുന്നത് ആയും അറിയാൻ കഴിഞ്ഞത്. ഏറെ ഞെട്ടലോടെയും ഭയത്തോടെയുമാണ് ദിവസങ്ങൾ തള്ളിനീക്കിയത്. ഒടുവിൽ സൈബർസെല്ലിൽ പരാതി കൊടുക്കാൻ തീരുമാനിച്ചു. അച്ഛനുമൊത്ത് നോക്കിൽ പോലീസിനെയും സൈബർസെല്ലിന് സമീപിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഉറ്റസുഹൃത്ത് തമാശയ്ക്ക് വേണ്ടി ചെയ്തകാര്യമായതിനാൽ അവന്റെ ഭാവിയെ മുൻനിർത്തി നിയമപരമായ നടപടികൾക്ക് മുതിർന്നില്ല."
എന്നാൽ ഇപ്പോഴും സന്ദേശം പ്രചരിക്കുന്നത് തടയാൻ കഴിയാത്തത് ആശങ്കയോടെയാണ് അജയ് നോക്കിക്കാണുന്നത്.

•നിഗമനം

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ സന്ദേശം തികച്ചും തെറ്റാണെന്ന് തന്നെ തെളിഞ്ഞിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസോ അനുബന്ധ നടപടികളോ നിലനിൽക്കുന്നില്ല. അതുകൊണ്ടുതന്നെ വസ്തുതാവിരുദ്ധമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇനിയെങ്കിലും സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ടതാണ്.

Avatar

Title:കുട്ടിയെ തട്ടികൊണ്ട്പോയ സംഭവത്തിന്‍റെ വാസ്തവം.

Fact Check By: Admin

Result:Fake