
• വിവരണം
ജവഹർലാൽ നെഹ്റുവിന്റെ ആദർശങ്ങളാണ് ഇന്ത്യയുടെ വളർച്ചയെ പിന്നോട്ടടിക്കാൻ കാരണമായതെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കുറെയധികം നാളുകളായി ചില പേജുകളും ഗ്രൂപ്പുകളും ചർച്ചചെയ്ത് സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയമായ എതിർപ്പും അതിൽനിന്നുണ്ടാകുന്ന വെറുപ്പും തന്നെയാണ് പല പ്രചരണങ്ങൾക്കും പിന്നിൽ. അത്തരം ഒരു പോസ്റ്റാണ് കഴിഞ്ഞദിവസം ‘ഭാരതീയൻ’ എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചത്. ‘ ഖാൻ ഗാന്ധി ആയതെങ്ങനെ? നെഹ്റു എന്ന രാജ്യദ്രോഹിയായ മുസ്ലിം കുടുംബം എങ്ങനെ ഭാരതത്തിൽ അധികാരത്തിലെത്തി ഹിന്ദുവിനെ നശിപ്പിച്ചത് ഈ കോൺഗ്രസ് കുടുംബം.’ എന്ന് വാചകങ്ങൾ എഴുതിയ പോസ്റ്റർ സഹിതമായിരുന്നു ഫെബ്രുവരി 21ന് പബ്ലിഷ് ചെയ്തിരിക്കുന്നത്. നെഹ്റുവിന്റെ പെഴ്സണൽ അസിസ്റ്റന്റായി ജോലിചെയ്തിരുന്ന കോട്ടയംകാരനായ എം ഒ മത്തായിയുടെ ആത്മകഥ ആധാരമാക്കിയാണ് പോസ്റ്റ് എന്നാണ് അവസാനം വരിയിൽ ചേർത്തിരിക്കുന്നത്. 260ൽ അധികം ലൈക്കുകളും 580ൽ അധികം ഷെയറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രചരണത്തിനു പിന്നിലെ വാസ്തവമെന്ത് പരിശോധിക്കാം.

ഭാരതീയൻ പേജിലെ പോസ്റ്റ് :
• വസ്തുത വിശകലനം
2015ൽ ‘The voice of nation’ എന്ന ഒരു വെബ്സൈറ്റിലാണ് നെഹ്റു കുടുംബത്തിനെതിരെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്. ‘ജവഹർലാൽ നെഹ്റു, ദ് പ്ലേബോയ്’ എന്നാരംഭിക്കുന്ന ലേഖനം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു. പല സ്ത്രീകളുമായും ഹിതമല്ലാത്ത തരത്തിലുള്ള ബന്ധം വച്ചുപുലർത്തിയിരുന്നു നെഹ്റു എന്നാണ് ലേഖനത്തിലെ ആരോപണം.
നെഹ്റുവിൻറെ മുത്തച്ഛനായ ഗംഗാധർ നെഹ്റു ഒരു മുസ്ലിമാണ്. നെഹ്റു അലഹബാദിലെ ഒരു ചുവന്ന തെരുവിൽ ആണ് ജനിച്ചത് എന്നു തുടങ്ങുന്ന പല പരാമർശങ്ങളും ലേഖനത്തിൽ ഉൾപ്പെട്ടിരുന്നു.
എന്നാൽ അടിസ്ഥാനരഹിതമായ ഗോസിപ്പുകൾ മാത്രമാണ് ഇവയെന്ന് ഗാന്ധി നെഹ്റു കുടുംബങ്ങൾ പ്രതികരിച്ചിരുന്നു. വിവാദങ്ങളും ചർച്ചകളും ചൂടുപിടിച്ചതോടെ സൈറ്റ് തന്നെ പിൻവലിച്ച സാഹചര്യമുണ്ടായി.
എന്നാൽ ഇത്തരമൊരു ലേഖനം പ്രചരിപ്പിക്കാൻ ഒരു വെബ്സൈറ്റ് മുതിർന്ന കാരണമെന്താണ്?

സ്വയം ചരിത്രകാരൻ എന്ന് പ്രഖ്യാപിച്ച് രംഗപ്രവേശനം ചെയ്ത എം.കെ.സിംഗിന്റെ ‘Encyclopaedia of Indian War of Independence (1857-1947)’ നെഹ്റുവിന്റെ പ്രത്യേക സഹായിയായി ജോലി ചെയ്തിരുന്ന മലയാളിയും കോട്ടയംകാരനുമായ എം.ഒ.മത്തായി എഴുതിയ ‘Reminiscences of the Nehru Age’ എന്ന പുസ്തകങ്ങളിലുമാണ് അപകീർത്തിപ്പെടുത്തുന്നതും വ്യക്തിഹത്യ നടത്തുന്നതുമായ തരത്തിലുള്ള പരാമർശങ്ങൾ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പുസ്തകങ്ങളിലെ പരാമർശങ്ങൾക്ക് ചുവടുപറ്റിയാണ് ഭാരതീയൻ പേജിൽ പോസ്റ്റും ദ് വോയ്സ് ഓഫ് നേഷനും ലേഖനങ്ങൾ പബ്ലിഷ് ചെയ്തത്.
എന്നാൽ എം.കെ.സിംഗിനെ കുറിച്ചോ അദ്ദേഹം 19 ഭാഗങ്ങളായി പ്രസിദ്ധീകരിച്ച Encyclopaedia of Indian War of Independence എന്ന പുസ്തകത്തെക്കുറിച്ചോ യാതൊരു ചരിത്രരേഖകളും ആർക്കൈവുകളിൽ ഇല്ലെന്നാണ് മുതിർന്ന ചരിത്രകാരന്മാർ പറയുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ഇതിനെക്കുറിച്ച് വിശദമായ ഒരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്.

ലേഖനത്തിൽ വസ്തുതാപരമായ യാതൊരു വിവരങ്ങളും തെളിയിക്കുന്ന തരത്തിലുള്ള രേഖകളും തെളിവുകളും വിവരിക്കുന്നില്ല എന്നാണ് ചരിത്രകാരനായ എസ്.ഇർഫാൻ ഹബീബ് വ്യക്തമാക്കുന്നത്.
“ദേശീയതയും രാജ്യസ്നേഹവും പ്രസംഗിക്കാനല്ലാതെ രാജ്യത്തിനു വേണ്ടി നെഹ്റുവിമർശകരുടെ പൂർവികർ യാതൊന്നും ചെയ്തിട്ടില്ല. ആ കൂട്ടരാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സംഭാവനകളെ അധിക്ഷേപിക്കാനും വിമർശിക്കാനും മുൻപിൽ നിൽക്കുന്നതെന്നും” ഇർഫാൻ ഹബീബ് ഒരു പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എം.ഒ.മത്തായി നെഹ്റു കുടുംബവുമായി പിരിഞ്ഞ ശേഷമാണ് പല പരാമർശങ്ങളും ഉൾപ്പെടുത്തിയ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നെഹ്റു കുടുംബവുമായി എം ഒ മത്തായിയുമായുള്ള ഔദ്യോഗിക ബന്ധത്തിനപ്പുറം മറ്റെന്തങ്കിലുമുണ്ടോയെന്ന് തെളിഞ്ഞിട്ടില്ല. അദ്ദേഹത്തിന് പുസ്തകത്തെ അക്കാദമിക ഉപയോഗങ്ങൾക്ക് വേണ്ടി പരിശോധിക്കാൻ കഴിയുന്ന വിശ്വാസ്യതയുണ്ടെന്ന് കരുതുന്നില്ലെന്നും മുതിർന്ന രാഷ്ട്രീയ നിരീക്ഷകരും ചരിത്രകാരന്മാരും പറയുന്നു. മാത്രമല്ല നെഹ്റുവിൻറെ പഴ്സണൽ സ്റ്റാഫ് ആയിരുന്ന മത്തായി എങ്ങനെയാണ് പുറത്തായതെന്ന ലേഖനവും ഏറെ ചർച്ചചെയ്യപ്പെട്ടതാണ്.
Sarvepalli Gopal മൂന്ന് ഭാഗങ്ങളായി എഴുതിയ ‘Jawaharlal Nehru : A Biography’, വാൾട്ടർ ക്രോക്കർ എഴുതിയ ‘Nehru : A Contemporary’s Estimate എന്നിങ്ങനെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളാണ് ചരിത്രപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ള നെഹ്റു കുടുംബത്തെ കുറിച്ചുള്ള രേഖകൾ.
ഒരു ചെള്ളിനെ കഥ എന്ന പേരിൽ നിഖിൽ ചക്രവർത്തി എഴുതിയ ലേഖനം വായിക്കാം : Azhimukham.com | Archived link
ഇർഫാൻ ഹബീബിന്റെ പരാമർശം : Economic Times | Archived link
ഹിന്ദുസ്ഥാൻ ടൈംസ് ലേഖനം : Hindustan Times | Archived link
• നിഗമനം
അതുകൊണ്ടുതന്നെ ചരിത്രപരമായി യാതൊരു വിശ്വാസ യോഗ്യതയും തെളിവുകളും ഭാരതീയൻ എന്ന പേരിൽ വന്ന പോസ്റ്റനില്ലെന്ന് തെളിയിക്കാൻ കഴിയും. വിവാദങ്ങളും ഗോസിപ്പുകളും മാത്രമായി പ്രചരിക്കുന്ന വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ മാത്രമാണ് പോസ്റ്റിന്റെ ആധാരം. ഇന്ത്യയിലെ മുതിർന്ന ചരിത്രകാരന്മാരും രാഷ്ട്രീയ നിരീക്ഷകരും ഇതുവരെ ശരി വെച്ചിട്ടില്ലാത്ത രണ്ടു പുസ്തകങ്ങൾ മുൻനിർത്തി നെഹ്റു-ഗാന്ധി കുടുംബങ്ങളെ ഇതിൻറെ പേരിൽ അപകീർത്തിപ്പെടുത്താൻ കഴിയുകയില്ല.
ചിത്രം കടപാട്: ഫെസ്ബൂക്.

Title:നെഹ്റു കുടുംബത്തിനെതിരെയുള്ള ആക്ഷേപങ്ങൾ വസ്തുതാപരമോ?
Fact Check By: Harishankar PrasadResult: False
