
വിവരണം
വെറും രണ്ടു ശതമാനം പലിശയ്ക്ക് ഭവന വായ്പ! അപേക്ഷിക്കേണ്ടത് എങ്ങനെ…’ എന്ന വാർത്ത 18000 ഷെയറുകൾ കവിഞ്ഞ് വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. 2022 ആകുമ്പോൾ എല്ലാവർക്കും വീട് എന്ന ലക്ഷ്യവുമായി നരേന്ദ്ര മോദി സർക്കാർ ആരംഭിച്ച പദ്ധതിയാണിത്. വാർഷിക വരുമാനത്തിന്റെ 5 ഇരട്ടി വരെ വായ്പ ലഭിക്കും എന്നിങ്ങനെയാണ് വാർത്തയിൽ പരാമർശിക്കുന്നത്.
വസ്തുതാ പരിശോധന
വാർത്തയുടെ വിശ്വാസ്യത പരിശോധിക്കാൻ ഞങ്ങൾ PMAY യുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുകയുണ്ടായി. അതിൽ നിന്നും ലഭിച്ച വിവരങ്ങൾ താഴെ കൊടുക്കുന്നു:
പ്രധാനമന്ത്രി ആവാസ് യോജന ഔദ്യോകിക വെബ്സൈറ്റ്
21 വയസ്സിനും 55 വയസ്സി നും ഇടയിലുള്ളവർക്കാണ് അപേക്ഷ നൽകാൻ കഴിയുക. സ്ത്രീകൾക്ക് മുൻഗണനയുണ്ട്. എസ് സി, എസ് ടി വിഭാഗങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കും പ്രത്യേക പരിഗണനയുണ്ട്. 6.5% പലിശയിൽ ഒരാൾക്ക് ആറു ലക്ഷം രൂപ വരെ പലിശ ലഭിക്കും. ഇതിൽ ഒന്നു മുതൽ രണ്ടു ലക്ഷത്തി മുപ്പതിനായിരം രൂപ വരെ സബ്സിഡിയും ലഭിക്കും. വീടുകൾക്ക് ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 95% പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് ധനസഹായം നൽകുക. ലോണിന് അപേക്ഷിക്കാൻ യോഗ്യതയുള്ള വിഭാഗങ്ങളെ നാലായി തരം തിരിച്ചിട്ടുണ്ട്.

- ചേരി പ്രദേശത്തുള്ളവർക്ക് ഒരു കുടുംബത്തിന് ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും.
- ഭവന വായ്പ യിന്മേലുള്ള സബ്സിഡി— സ്ഥിര വരുമാനമുള്ളവർ, ഹൗസിംഗ് ലോൺ എടുക്കാൻ കഴിവുള്ളവർ, ലോണെടുത്താൽ തിരിച്ചടയ്ക്കാൻ കഴിവുള്ളർ എന്നിവർക്കുള്ള പദ്ധതിയാണിത്. 6 ലക്ഷം രൂപ ലോൺ എടുക്കുമ്പോൾ 6.5% പലിശ സബ്സിഡി ആയി ലഭിക്കും. അതിന് മുകളിലുള്ള തുക സാധാരണ പലിശയിൽ മാത്രമേ ലഭ്യമാവുകയുള്ളു. അതായത് 8 ലക്ഷം രൂപ വായ്പ എടുത്താൽ 6 ലക്ഷം രൂപയുടെ സബ്സിഡി മാത്രമേ ലഭിക്കുകയുള്ളൂ.6 ലക്ഷം രൂപയുടെ പലിശ സബ്സിഡി ഏതാണ്ട് 2.20 ലക്ഷം രൂപ വരും. ഈ പണം ആദ്യംതന്നെ ഗുണഭോക്താവിൻറെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഈ ഗുണഭോക്താവ് ബാക്കി 3.80 ലക്ഷം തിരിച്ചടച്ചാൽ മതി. ഏറ്റവും ലളിതമായി പറഞ്ഞാൽ 6 ലക്ഷത്തിന് ഏകദേശം 6000 രൂപ മാസഗഡു വരും. അത് 4000 രൂപയായി കുറയും.
- പങ്കാളിത്ത ഭവന പദ്ധതി. വീടില്ലാത്ത വരും ലോൺ എടുക്കാൻ ഇതേവരെ കഴിയാത്തവരുമായ ഗുണഭോക്താക്കൾ. ഇവർക്ക് 1.5 ലക്ഷം രൂപ സബ്സിഡി ലഭിക്കും
- ഗുണഭോക്താവ് നിർമാണ പദ്ധതി. സ്വന്തമായി സ്ഥലമുള്ളവർക്കാണ് ഈ പദ്ധതി കൂടുതൽ പ്രയോജനം ചെയ്യുക. 1.5 ലക്ഷം കേന്ദ്ര സബ്സിഡി കൂടാതെ ഒരു ലക്ഷം രൂപ സംസ്ഥാന സബ്സിഡിയും ലഭിക്കും. സ്ഥലവും വീടും കൂടെ വാങ്ങാനാണ് ലോൺ ലഭിക്കുക. സ്ഥലം മാത്രം വാങ്ങാൻ പദ്ധതിയിൽ നിയമമില്ല.
ഈ കാര്യങ്ങളാണ് പദ്ധതിയുടെ ഔദ്യോഗിക വെബ് സൈറ്റിൽ ഉള്ളത്.
2% പലിശയ്ക്ക് വായ്പ ലഭിക്കും എന്ന് എവിടെയും പരാമർശിക്കുന്നില്ല.
നിഗമനം
ഈ വാർത്ത തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചതാണ്. രണ്ടു ശതമാനം പലിശയ്ക്ക് ഭവന വായ്പ ലഭിക്കും എന്ന് വിശ്വസിക്കുന്നതിനു മുമ്പ് PMAY യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോയി വിവരങ്ങൾ പരിശോധിക്കുക യോ ബാങ്കുമായി ബന്ധപ്പെടുകയോ ചെയ്യുക
