ലോകം എന്നും ഭയത്തോടെ കാണുന്ന രോഗങ്ങളിൽ ഒന്നാണ് ക്യാൻസർ. പ്രായവ്യത്യാസമില്ലാതെ, പലരും ലോകമെമ്പാടും ക്യാൻസറിന് ഇരകളാകുന്നു. കാൻസർ രോഗികളോട് സഹാനുഭൂതിയും അനുകമ്പയും ദയയും കാണിക്കുന്ന ക്യാമ്പയിനുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സുലഭമാണ്. ഇത്തരത്തില്‍ ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

പ്രചരണം

ക്യാൻസർ ബാധിച്ച 6 വയസ്സുള്ള ഒരു കുട്ടിയുടെ അവസാന ആഗ്രഹപ്രകാരം ആയിരക്കണക്കിന് ബൈക്ക് യാത്രക്കാര്‍ അവന്‍റെ വീടിന് മുന്നിലൂടെ കടന്നു പോയി എന്നാണ് വീഡിയോ അറിയിക്കുന്നത്. ഇത് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന കുറിപ്പ് ഇങ്ങനെ: “ജർമനിയിൽ കാൻസർ പിടിപെട്ടു മരിക്കാറായ ആറുവയസുകാരന്റെ ആഗ്രഹം അവന്റെ വീടിന്റെ മുന്നിൽകൂടി മൂന്നു ഹർളി ദേവിഡ്സൺ

ബൈക് ഓടിച്ചുകൊണ്ട് പോകുന്നത് കാണുവാനായിരുന്നു. ഈ ആഗ്രഹം സോഷ്യൽമീഡിയയിൽ വൈറൽആയതോടെ വന്നത് 20000 ബൈക്കുകൾ ആയിരുന്നു. രോമാഞ്ചമണിയിക്കുന്ന ആ രംഗം കാണുക 👍💐🙏🤝🏻

FB postarchived link

എന്നാല്‍ പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും ശരിയല്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താനായത്.

വസ്തുത ഇങ്ങനെ

ഞങ്ങൾ വീഡിയോ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തപ്പോള്‍ രണ്ട് വ്യത്യസ്ത ക്ലിപ്പുകള്‍ സംയോജിപ്പിച്ചാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നു സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭ്യമായി. വീഡിയോയുടെ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ പോസ്റ്റിലെ വീഡിയോയുടെ ആദ്യഭാഗം ലഭിച്ചു.

2021 ജൂൺ 14-ന് അപ്‌ലോഡ് ചെയ്ത വീഡിയോ ഫൂട്ടേജിൽ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയുടെ നേതൃത്വത്തിൽ സാവോപോളോയിൽ നടന്ന മോട്ടോർ പരേഡിൽ ഒരു ദശലക്ഷത്തിലധികം ബൈക്കർമാർ പങ്കെടുത്തതിന്‍റെ ദൃശ്യങ്ങളാണിത്.

സംഭവത്തെക്കുറിച്ചുള്ള കുറച്ച് വാർത്താ റിപ്പോർട്ടുകൾ ലഭ്യമാണ്.

ഈ റിപ്പോർട്ടുകളും വീഡിയോ അടിക്കുറിപ്പും അനുസരിച്ച്, COVID19 വ്യാപനത്തിന്റെ അപകടസാധ്യത ലഘൂകരിക്കുന്നതിനായി അവരുടെ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഗവർണർമാർക്കും മേയർമാർക്കും എതിരെ പ്രതിഷേധിക്കാനാണ് ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ ആണ് ഈ മോട്ടോർബൈക്ക് പരേഡ് സംഘടിപ്പിച്ചത്.

മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കസേരയിൽ ഇരിക്കുന്ന കുട്ടിയെ വീഡിയോയുടെ രണ്ടാം പകുതിയില്‍ കാണാം.

വീഡിയോ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ 2021 ജൂലൈ മുതൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോ ലഭിച്ചു. അതിൽ വൈറൽ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ ഉപയോഗിച്ച ദൃശ്യങ്ങള്‍ ഉണ്ട്.

"വടക്കൻ ജർമ്മനിയില്‍ ടെർമിനൽ ക്യാൻസർ ബാധിച്ച ഒരു 6 വയസ്സുകാരന്‍റെ വീട്ടിലേക്ക് 20,000 ബൈക്കർമാർ വണ്ടിയോടിച്ചു. അവന്‍റെ അവസാനത്തെ ആഗ്രഹം ബൈക്ക് യാത്രികർ തന്‍റെ വീടിനു മുകളിലൂടെ ബൈക്ക് ഓടിക്കുന്നത് കാണണം എന്നതായിരുന്നു. മുകളിലെ വിവരണത്തെ സാധൂകരിക്കുന്ന റിപ്പോർട്ടുകളും ചിത്രങ്ങളും ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.

അർബുദബാധിതനായ കിലിയൻ കുട്ടിയെ സന്തോഷിപ്പിക്കാൻ ആയിരക്കണക്കിന് ബൈക്കർമാർ ജർമ്മനിയിലെ ലോവർ സാക്‌സോണി, റൗഡർഫെനിലേക്ക് ഒഴുകിയെത്തിയ സംഭവത്തിന്‍റെ ചിത്രം ഗെറ്റി ഇമേജ് ശേഖരത്തില്‍:

സംഭവത്തിന്‍റെ ട്വീറ്റ് പ്രകാരം, കുട്ടിയെ സന്തോഷിപ്പിക്കാൻ ആരെങ്കിലും മോട്ടോർ ബൈക്ക് ഓടിച്ച് കുട്ടിയുടെ വീട്ടിലേക്ക് എത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കുടുംബം ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നു. 15,000-ത്തോളം ബൈക്ക് യാത്രക്കാർ എത്തിയപ്പോള്‍ രക്ഷിതാക്കള്‍ അത്ഭുതപ്പെട്ടു.ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ ശ്രീലങ്കന്‍ ടീം ഇംഗ്ലിഷില്‍ ചെയ്തത് വായിക്കാം:

Scenes Of 20,000 Bike Parade To Cheer Up A 6-Year-Old German Kid Suffering From Terminal Cancer? (VIDEO)

നിഗമനം

പോസ്റ്റിലെ ദൃശ്യങ്ങള്‍ രണ്ടു വ്യത്യസ്ത വീഡിയോകളില്‍ നിന്നുള്ളതാണ്. വീഡിയോ ദൃശ്യങ്ങളുടെ ആദ്യഭാഗം ബ്രസീലില്‍ നിന്നുള്ളതാണ്. രണ്ടാമത്തെ ഭാഗം പോസ്റ്റിലെ വിവരണത്തില്‍ പറയുന്നതുപോലെ ജര്‍മ്മനിയില്‍ കാന്‍സര്‍ ബാധിതനായ കുട്ടിയുടെ ആഗ്രഹ സാഫല്യത്തിനായി ബൈക്ക് റൈഡര്‍മാര്‍ അവന്റെ വീടിന് മുന്നിലൂടെ ബൈക്ക് ഓടിച്ചതിന്‍റെ ദൃശ്യങ്ങള്‍ തന്നെയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ജര്‍മ്മനിയിലെ കാന്‍സര്‍ രോഗിയായ കുട്ടിയെ സന്തോഷിപ്പിക്കാനെത്തിയ ബൈക്ക് റൈഡര്‍മാര്‍- വീഡിയോയുടെ ആദ്യത്തെ ദൃശ്യങ്ങള്‍ ബ്രസീലില്‍ നിന്നുള്ളതാണ്...

Fact Check By: Vasuki S

Result: Partly False