FACT CHECK ‘രാജ്യമെമ്പാടും വൈദ്യുതിക്ക് ഇനി ഒരേ നിരക്ക്’ എന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നു

ദേശീയം | National

വിവരണം

കേന്ദ്ര സർക്കാരിന്‍റെ പല പദ്ധതികളെയും പറ്റി സാമൂഹ്യ മാധ്യമങ്ങളിൽ 

നിരവധി വാർത്തകൾ വരാറുണ്ട്. 

സർക്കാർ ആവിഷ്കരിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്ക് ഇവ ഉപകാരപ്രദമായി തീരാരുമുണ്ട്. 

എന്നാൽ സര്‍ക്കാര്‍  പദ്ധതികളെപ്പറ്റി പല വ്യാജ പ്രചാരണങ്ങളും 

ഇതോടൊപ്പം നടക്കാറുണ്ട്.

ഇത്തരത്തിൽ ചില പ്രചരണങ്ങളുടെ മുകളിൽ ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയിരുന്നു.  പലതും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.  ഇപ്പോൾ അത്തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്.  

പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്:  വൈദ്യുതി യിലൂടെ പൊതുജനങ്ങളുടെ പോക്കറ്റടിക്കുന്നത് കേരളമടക്കമുള്ള 

സംസ്ഥാനങ്ങളിൽ ഇനി നടക്കില്ല. 

രാജ്യമെമ്പാടും വൈദ്യുതിക്ക് ഇനി ഒരേ നിരക്ക്… പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ… 

archived linkFB post

അതായത് പോസ്റ്റിൽ നൽകിയിരിക്കുന്ന വാദഗതി ഇനി മുതല്‍  ഇന്ത്യ മുഴുവനും വൈദ്യുതിക്ക് ഒരേ നിരക്ക് എന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്നു  എന്നാണ്.  

എന്നാൽ ഈ വാർത്ത ശരിയല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

നമുക്ക് വാർത്തയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താം 

വസ്തുത വിശകലനം 

ഞങ്ങൾ ഈ വാർത്തയെക്കുറിച്ച് ഓൺലൈനിൽ അന്വേഷിച്ചു നോക്കി. കേന്ദ്ര ഊര്‍ജ മന്ത്രായലത്തിന്റെ വെബ്സൈറ്റില്‍ ഇതേപ്പറ്റി യാതൊരു  യാതൊരു വിവരങ്ങളും ലഭിച്ചില്ല. വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കാനായി കേന്ദ്രസർക്കാരിന് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി എന്ന ഒരു ഏജൻസി ഉണ്ട്. വൈദ്യുതി ഉത്പാദനം, വിതരണം, പ്രക്ഷേപണം, വ്യാപാരം, വൈദ്യുതി ഉപയോഗം എന്നിവ സംബന്ധിച്ച നിയമങ്ങൾ നിയന്ത്രിക്കുന്ന സംസ്ഥാന, കേന്ദ്ര വകുപ്പുകൾ, നിർമ്മാതാക്കൾ, ഉപഭോക്താക്കൾ എന്നിവരുടെ നിയമങ്ങൾ നിയന്ത്രിക്കുന്നതിനായി  ഇലക്ട്രിസിറ്റി ആക്റ്റ്  2003 രൂപീകരിച്ചിരുന്നു. ഇത് കാലഹരണപ്പെട്ടു എന്ന കണ്ടെത്തലിനെ തുടര്‍ന്ന്  2020 ല്‍ ആക്റ്റ് ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. റിന്യൂവബിൾ എനർജി, ക്രോസ് ബോർഡർ ട്രേഡ്, വൈദ്യുതി കരാര്‍  എന്ഫോഴ്സ്മെന്റ് അതോറിറ്റി, പേയ്മെന്‍റ്  സുരക്ഷ, സബ്സിഡി ഗ്രാന്‍റ്,  തുടങ്ങിയ കാര്യങ്ങളിലാണ് അമെന്റ്മെന്റ് . വൈദ്യുതി നിരക്ക് രാജ്യമൊട്ടാകെ ഒന്നായിരിക്കും എന്ന മട്ടില്‍ യാതൊരു സൂചനകളും ഇതില്‍ ഇല്ല. 

ഇത്തരത്തില്‍ ഒരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുകയാണെങ്കില്‍ അത് ദേശീയ തലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടുമായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയിട്ടില്ല. 

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എല്ലായിടങ്ങളിലും ഒരേ പോലെയാണ് ഇനി വൈദ്യുതിനിരക്ക് എന്ന് ഈ പോസ്റ്റില്‍ അല്ലാതെ  ഒരിടത്തും സൂചനയില്ല.  

ഇതൊരു തെറ്റായ വാർത്തയാണ് എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലാവുന്നത് കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് പിആർഒ റാം മഹേഷുമായി സംസാരിച്ചിരുന്നു.  

അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്:  “ഞങ്ങൾക്ക് ഇതുവരെ ഇങ്ങനെയൊരു അറിയിപ്പ് വന്നിട്ടില്ല.  ഇത് തെറ്റായ ഒരു വാര്‍ത്തയാണ് എന്നാണ് പറയാനുള്ളത്.  ഇത് പ്രായോഗികമായി  ഇത് നടക്കാത്ത കാര്യമാണ്. കാരണം  ഓരോ സംസ്ഥാനത്തെയും വൈദ്യുതിയുടെ ഉത്പാദനം മുതൽ അതാത് സംസ്ഥാനത്താണ് നടക്കുന്നത്.  കൂടുതലായി, അതിന്‍റെ പ്രൊഡക്ഷൻ കോസ്റ്റ് കാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള അധികാരം കേന്ദ്രം അതാത് സംസ്ഥാന സർക്കാരുകൾക്ക് ആണ് നൽകിയിട്ടുള്ളത്.  ഇതുവരെ അതിനു മാറ്റം വരുന്ന യാതൊരു അറിയിപ്പും കേന്ദ്രത്തിൽനിന്നും വന്നിട്ടില്ല.” 

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ് എന്ന്

അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കുന്ന തീരുമാനങ്ങളൊന്നും കേന്ദ്രസർക്കാർ ഇതുവരെ എടുത്തിട്ടില്ല. 

Avatar

Title:‘രാജ്യമെമ്പാടും വൈദ്യുതിക്ക് ഇനി ഒരേ നിരക്ക്’ എന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നു

Fact Check By: Vasuki S 

Result: False