
പ്രചരണം
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ വീണ്ടും അപകടാവസ്ഥയില്‍ ആക്കിയിരിക്കുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹൃദയഭേദകമായ കാഴ്ചകളാണ് പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്‍റെ ഭീകരമുഖം എന്ന് അവകാശപ്പെടുന്ന പല ചിത്രങ്ങളും വീടിയോകളും നിലവിലെ സാഹചര്യത്തില്‍ നിന്നുമുള്ളതല്ല എന്നതാണ് വസ്തുത. ഫാക്റ്റ് ക്രെസെൻഡോ അത്തരം നിരവധി പ്രചാരണങ്ങളുടെ മുകളില്‍ അന്വേഷണം നടത്തുകയും യാഥാര്‍ത്ഥ്യം അനാവരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
നിലവിലെ കോവിഡ് സാഹചര്യങ്ങളുടെ നേര്‍ക്കാഴ്ച എന്ന് വാദിച്ച് ഒരു വീഡിയോ ഈയിടെ ഇന്‍റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്. കൊറോണ ബാധിച്ച ഒരു രോഗിയെ ആശുപത്രിയിൽ മർദ്ദിക്കുകയാണെന്നും ഈ രോഗി മരിച്ചുവെന്നും വീഡിയോ അവകാശപ്പെടുന്നു. ചില ജീവനക്കാര്‍ ആശുപത്രിയിൽ ഒരു രോഗിയെ ക്രൂരമായി മർദ്ദിക്കുന്നത് ഈ വീഡിയോയിൽ കാണാം.
വാട്ട്സ് അപ്പില്‍ വൈറലായ സമാന അവകാശവാദമുള്ള വീഡിയോയില്‍ ഒരു വാര്‍ത്തയില്‍ നിന്നുള്ള ദൃശ്യങ്ങളാണ്.
കന്നഡ ഭാഷയിൽ ഒരു യുവതിപരിഭ്രാന്തയായി മാധ്യമ പ്രവര്‍ത്തകനോട് കാര്യങ്ങള്‍ വിവരിക്കുകയാണ്. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ: ദിവസം 5 രോഗികള്‍ എങ്കിലും ഇവിടെ മരിക്കുന്നുണ്ട്. രോഗികള്‍ മരിച്ചാല്‍ ആശുപത്രികള്‍ക്ക് 7-8 ലക്ഷം രൂപ കിട്ടും. അതിനായി ഇവിടെ ആശുപത്രികളില്‍ രോഗികളെ കൊന്നുകൊണ്ടിരിക്കുകയാണ്. അവര്‍ സ്വാഭാവികമായി മരിച്ചു പോകുന്നതല്ല. എന്‍റെ അച്ഛന്‍ നടന്നാണ് ഇവിടെ ചികിത്സയ്ക്ക് വന്നത്. പക്ഷേ ഇവിടെ വച്ച് മരിച്ചുപോയി. അദ്ദേഹത്തെയും കൊന്നതാണ്. എന്‍റെ അച്ഛന് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കാതിരിക്കാന്‍ നിങ്ങള്‍ എന്തെങ്കിലും അടിയന്തിരമായി ചെയ്യൂ…” മാധ്യമ പ്രവര്‍ത്തകനോട് അപേക്ഷിക്കുകയും ചെയ്യുന്നു.
ഫെസ്ബുക്കിലെ മറ്റൊരു പോസ്റ്റില്‍ “ഹോസ്പിറ്റലുകളിൽ നടക്കുന്നത്….!!! റിപ്പോർട്ടിൽ എല്ലാം കോവിഡ് മരണം……” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ നല്‍കിയിട്ടുള്ളത്.
ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ പ്രചരണം അസത്യമാണെന്ന് മനസ്സിലായി.
വസ്തുത ഇങ്ങനെ
വീഡിയോയില്‍ നിന്നും ചില ഫ്രെയിമുകള്‍ വേര്‍തിരിച്ച് അവയുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ വീഡിയോയെ കുറിച്ചുള്ള കൃത്യമായ സൂചനകള്‍ ലഭിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ട്രിബ്യൂണ്‍ ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഈ വീഡിയോ പഞ്ചാബില്‍ നിന്നുള്ളതാണ് എന്ന് വിവരിക്കുന്നു. പഞ്ചാബിലെ പട്യാലയിലെ പ്രൈം ഹോസ്പിറ്റലിൽ വിഷാദരോഗം ബാധിച്ച ഒരു രോഗിയെ ആശുപത്രി ജീവനക്കാര്‍ മർദ്ദിച്ചുവെന്നാണ് ലേഖനത്തില്‍ വ്യക്തമാക്കുന്നത്. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

രോഗിക്ക് കൊറോണ ബാധിച്ചിരുന്നുവെന്ന് ലേഖനത്തിൽ ഒരിടത്തും ഒരു വിവരവും നൽകിയിട്ടില്ല.
ഇതിനുശേഷം, സത്യാവസ്ഥ എന്താണെന്ന് സ്ഥിരീകരിക്കാൻ ഞങ്ങൾ പ്രൈം ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു, ആശുപത്രി അധികൃതര്‍ ഞങ്ങളോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്: “വൈറൽ വീഡിയോയിലെ അവകാശവാദം തെറ്റാണ്. മര്‍ദ്ദനമേറ്റ രോഗിക്ക് കൊറോണ ബാധിച്ചിരുന്നില്ല. മാത്രമല്ല, ഇതൊരു പഴയ സംഭവമാണ്.”
ഇതേ വാര്‍ത്ത പഞ്ചാബ് ഹൈറ്റ്സ് എന്ന ഓണ്‍ലൈന്‍ മാധ്യമം ഇതേ ദിവസം തന്നെ അതായത് 2020 ഓഗസ്റ്റ് 24 ന് പ്രസിദ്ധീകരിച്ചിരുന്നു.
ഒടുവില്‍, മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും സ്ഥിരീകരിക്കുന്നതിന്, പട്യാലയിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഗുർപ്രീത് സിങ്ങുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെട്ടു, “വീഡിയോ പട്യാലയിലെ പ്രൈം ഹോസ്പിറ്റലില്‍ നിന്നുള്ളതാണ്, രണ്ട് ജീവനക്കാർ ഭക്ഷണം കഴിച്ചതുമായി ബന്ധപ്പെട്ട് ഒരു രോഗിയെ മർദ്ദിച്ചതായിരുന്നു സംഭവം. ഈ കേസിൽ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു, നിലവിൽ അവരുടെ വിചാരണ കോടതിയില്‍ നടക്കുകയാണ്. ഈ വീഡിയോയ്ക്ക് കോവിഡുമായി യാതൊരു ബന്ധവുമില്ല, കാരണം ഇരയായ രോഗി വിഷാദരോഗത്തിന്‍റെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയതായിരുന്നു. രോഗിക്ക് കോവിഡ് ഉണ്ടായിരുന്നില്ല. ഈ രോഗിക്ക് നിലവിലെ കൊറോണ സാഹചര്യവുമായി യാതൊരു ബന്ധവുമില്ല.
വസ്തുതകൾ പരിശോധിച്ചതില്‍ നിന്നും വീഡിയോയ്‌ക്കൊപ്പം നല്‍കിയ അവകാശവാദം തെറ്റാണെന്ന് ഞങ്ങൾ കണ്ടെത്തി.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഈ വൈറല്‍ വീഡിയോ പഞ്ചാബിലെ പട്യാലയിലെ പ്രൈം ഹോസ്പിറ്റലിൽ 2020 ഓഗസ്റ്റ് മാസം സംഭവിച്ച ദൌര്‍ഭാഗ്യകരമായ ഒരു സംഭവത്തിന്‍റെതാണ്. വീഡിയോയിൽ കണ്ട വിഷാദരോഗം ബാധിച്ച വ്യക്തിയെ ആശുപത്രി ജീവനക്കാരൻ മർദ്ദിക്കുകയാണുണ്ടായത്. കഴിഞ്ഞ വർഷം സംഭവം നടന്നതായും വീഡിയോയിൽ കാണിച്ചിരിക്കുന്ന രോഗി കൊറോണ ബാധിതനല്ല
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പട്യാലയിലെ സ്വകാര്യ ആശുപത്രിയില്‍ വിഷാദരോഗത്തിന് ചികിത്സ നേടിയ വ്യക്തിയെ മര്‍ദ്ദിക്കുന്ന പഴയ വീഡിയോ കോവിഡ് രോഗിയെ തല്ലിക്കൊല്ലുന്നു എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: False
