
കാർഷിക നിയമം പിൻവലിച്ചതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കര്‍ഷകര്‍ വലിയ ലോറികളിൽ തക്കാളി ബാസ്ക്കറ്റുകളില്‍ കൊണ്ടുവന്ന് റോഡരികിൽ തള്ളിക്കളയുന്ന വീഡിയോ സമൂഹമാധ്യമങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ലോറിയിൽ നിറയെ കയറ്റി കൊണ്ടുവന്ന തക്കാളി റോഡരികിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ കർഷകർ മുഴുവനോടെ തള്ളിക്കളയുകയാണ്. ഇത് ചാനൽ വാർത്തയുടെ ദൃശ്യങ്ങളാണ് എന്ന് വ്യക്തമാണ്. ഒപ്പമുള്ള വിവരണം ഇങ്ങനെ: മൂന്നു കരി നിയമങ്ങളും എടുത്തു കളഞ്ഞപ്പോളുള്ള സന്തോഷം പറയാവതല്ല നമ്മ
കർഷകൻ ആരാന്നറിയാത്ത മലയാളികൾക്കായിരുന്നു ഏറ്റവും അധികം ചൊറിച്ചിൽ…..
കർഷകർ തക്കാളിയുമായി മാർക്കറ്റിൽ എത്തിയപ്പോൾ ഒരു ബാസ്ക്കറ്റിന് രണ്ടുരൂപ നിരക്കിൽ ആദ്യം എടുത്തെങ്കിലും പിന്നീട് 75 പൈസ നിരക്ക് ഇടനിലക്കാർ പറഞ്ഞുവെന്നും ഇതേതുടർന്ന് നിരാശരായ കർഷകർ തക്കാളികൾ വഴിയിൽ ഉപേക്ഷിക്കുകയാണ് എന്നും വാർത്തയില്‍ പ്രതിപാദിക്കുന്നു. തിരിച്ചു കൊണ്ടു പോകുമ്പോൾ പെട്രോൾ കൂലി എങ്കിലും ലാഭം കിട്ടട്ടെ എന്ന് പ്രതീക്ഷിച്ച് ലോഡ് ലോറിയിൽ നിന്നും ഉപേക്ഷിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത് എന്നുമാണ് വാർത്തയിൽ പറയുന്നത്. ഏഷ്യാനെറ്റിന്‍റെതാണ് വാർത്ത.
എന്നാൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് കാർഷിക നിയമം പിൻവലിച്ചതിനു ശേഷമുള്ള സംഭവമല്ല ഇതെന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി
വസ്തുത ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയുടെ വീഡിയോയിൽ താഴെയായി “ലോക്ക്ഡൗണിൽ ദുരിതത്തിലായി കർണാടകത്തിലെ കർഷകര്‍” എന്ന് എഴുതി കാണിക്കുന്നുണ്ട്. ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ യൂട്യൂബിൽ വാർത്ത അന്വേഷിച്ചു. 2021 മെയ് 15 നാണ് പ്രസ്തുത വാർത്ത ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതായത് കാർഷിക നിയമം പിൻവലിക്കുന്നതും മാസങ്ങൾക്ക് മുൻപേയുള്ള വാർത്തയാണിത്.
വിശദാംശങ്ങൾക്കായി ഞങ്ങൾ ഏഷ്യാനെറ്റ് സീനിയർ റിപ്പോർട്ടർ അജയഘോഷുമായി സംസാരിച്ചു. ലഭിച്ച വിശദീകരണം ഇങ്ങനെയാണ്: “ഇത് കഴിഞ്ഞ മെയ് മാസം നടന്ന സംഭവമാണ്. ഈ ദൃശ്യങ്ങൾ വൈറൽ ആയതിനുശേഷം ഞങ്ങളുടെ പ്രതിനിധി നേരിട്ട് ചെന്ന് വിശദാംശങ്ങൾ അന്വേഷിച്ചറിഞ്ഞാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പല ദേശീയ മാധ്യമങ്ങളും അന്ന് ഈ വാർത്ത വളരെ പ്രാധാന്യത്തോടെ തന്നെ നൽകിയിരുന്നു.”
ഗൂഗിൾ കീ വേര്‍ഡ്സ് അന്വേഷണത്തിൽ ഞങ്ങൾ വൈറൽ വീഡിയോയുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ടെത്തി. പഴയ സംഭവം കാർഷിക നിയമം പിൻവലിച്ചതുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയാണ്
നിഗമനം
പോസ്റ്റിലെ സംഭവം കാർഷിക നിയമം പിൻവലിക്കുന്നതിന് ഏതാനും മാസങ്ങൾ മുമ്പ് നടന്നതാണ്. കാർഷിക നിയമം പിൻവലിച്ചതുമായി ഈ വൈറൽ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ തക്കാളി റോഡരുകില്‍ തള്ളിയ സംഭവം കാര്‍ഷിക നിയമം പിന്‍വലിക്കുന്നതിന് മുമ്പേ നടന്നതാണ്…
Fact Check By: Vasuki SResult: Missing Context
