Russia-Ukraine Conflict: നിലവിലെ സംഘര്‍ഷത്തില്‍ നിന്നുള്ളത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം 2019 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്…

അന്തര്‍ദേശിയ൦ | International യുദ്ധം

യുക്രൈൻ-റഷ്യ സംഘർഷം തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ റഷ്യയെ അനുകൂലിച്ചു കൊണ്ടും  യുക്രൈനെ അനുകൂലിച്ച് കൊണ്ടും പലരും നിലപാടുകൾ സ്വീകരിക്കുന്നുണ്ട്.  എന്നാൽ എല്ലാവരും യുദ്ധത്തെ അതിശക്തമായി അപലപിക്കുക തന്നെയാണ്. ഇതിനായി പലരും യുദ്ധ മുഖത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നുണ്ട്. 

പ്രചരണം 

യുദ്ധമുഖത്ത് നിന്നുള്ള അതി ദൈന്യതയാര്‍ന്ന ഒരു ചിത്രം പലരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.  തോക്കുമായിരുന്നു നിൽക്കുന്ന സൈനികനും അയാളെ ഭയന്ന് ഒരു മൂലയിൽ ഒളിച്ചു നിൽക്കുന്ന ഒരു പിഞ്ചു ബാലനുമാണ് ചിത്രത്തിലുള്ളത്.  ഈ ചിത്രം യുക്രൈൻ-റഷ്യ യുദ്ധ സംഘർഷത്തിൽ നിന്നുള്ളതാണ് എന്ന് അവകാശപ്പെട്ട് ചിത്രത്തിനു നൽകിയ വിവരണം ഇങ്ങനെയാണ്: 

എത്ര കുഞ്ഞുങ്ങളുടെ കണ്ണുനീർ !ആ വരികൾ !!

പാലസ്തീനിയൻ കവിയാണ്,

മെഹമൂദ് ഡാർവിഷ് ❤️

#ukrainerussia

സമാധാനം പുലരണം..

പ്രിയപ്പെട്ടവരെ, ദയവായി, നിങ്ങള്‍ യുദ്ധത്തെക്കുറിച്ച് തമാശകളും ട്രോളുകളും ഉണ്ടാക്കാതിരിക്കൂ. അപേക്ഷയാണ്. 🙏

യുദ്ധത്തെക്കുറിച്ച് ട്രോള്‍ ഉണ്ടാക്കാന്‍ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂ. കാരണം, യുദ്ധയും ,കൂട്ടപ്പലായനവും, കലാപങ്ങളും ഒക്കെ നമുക്ക് മറ്റെവിടെയോ ആര്‍ക്കൊക്കെയോ സംഭവിക്കുന്ന കഥകള്‍ മാത്രം ആണ്. എന്നെങ്കിലും യുദ്ധത്തിന്റെ ഇരകളെ, പ്രത്യേകിച്ചും സ്ത്രീകളെയും കുട്ടികളെയും, കണ്ട മനുഷ്യര്‍ക്ക്‌ ഓരോ യുദ്ധവും നല്‍കുന്നത് ഉറക്കമില്ലാത്ത രാത്രികള്‍ ആയിരിക്കും. അത് എഴുതി ഫലിപ്പിക്കാന്‍ കഴിയാത്ത ഒരവസ്ഥയാണ്. കാരണം, യുദ്ധം ഒരു ദേശത്തെ മുഴുവന്‍ നിലയില്ലാക്കയത്തിലേക്ക് അടിപതറിക്കും. മനുഷ്യന്റെ മനസ്സും, ശരീരവും, കുടുംബവും, ദേശവും, രാഷ്ട്രീയബന്ധങ്ങളുമെല്ലാം ചിതറിത്തെറിക്കുന്ന, അത്രമേല്‍ സ്ഫോടനാത്മകമായ അവസ്ഥയാണത്. ഒരു ബുള്ളറ്റ്, ഒരു ഗ്രനേഡ്, ഒരു ഷെല്‍ അതുമതി ഒരു ഗ്രാമത്തെയും അവരുടെ മനസ്സുകളെയും തകര്‍ത്തെറിയാന്‍…

എനിക്ക് ശ്രീലങ്കയിലെ ബട്ടിക്കളോവയിൽ ഒരു സുഹൃത്തുണ്ട്. ജീവലത. യുദ്ധത്തില്‍ അമ്മയും, ഭര്‍ത്താവും, മകളും, മകനും നഷ്ടപ്പെട്ട സ്ത്രീ. അവരുടെ മകളെ ശ്രീലങ്കന്‍ സൈന്യം റേപ്പ് ചെയ്തു കൊല്ലുകയായിരുന്നു. ജീവ താമസിക്കുന്നത് കടലിനോടു ചേര്‍ന്ന ഒറ്റ മുറി മാത്രമുള്ള ഒരു കുഞ്ഞുവീട്ടിലാണ്. വരാന്തയില്‍ ഇരുന്നാല്‍ തൊട്ടടുത്ത്‌ കടലില്‍ തിരയടിക്കുന്നത് കാണാം. ആ വീടിനു മുന്നില്‍, വെറും മണലില്‍ ഇരുന്നുകൊണ്ട് ജീവ ഒരിക്കല്‍ എന്നോട് അവളുടെ കഥ പറഞ്ഞു. കഥ കേട്ടുകഴിഞ്ഞപ്പോഴേക്കും ലോകത്തെ എല്ലാ വെടിയുണ്ടകളും എന്റെ നെഞ്ചില്‍ വന്നു തറച്ചിരുന്നെങ്കില്‍ എന്നെനിക്കു തോന്നി. അത്രയ്ക്ക് സഹിച്ച സ്ത്രീയാണ് എന്റെ മുന്നില്‍ ഇരിക്കുന്നത്.

പുലികള്‍ നിര്‍ബന്ധമായി LTTE യിൽ ചേര്‍ത്ത പന്ത്രണ്ടു വയസുകാരനായ മകനെക്കുറിച്ച് ജീവ പറഞ്ഞത് എനിക്കൊരിക്കലും മറക്കാൻ കഴിയില്ല: “അവന്‍ ജീവനോടെ ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പാണ്. പണ്ടേ മരിച്ചുപോയിക്കാണും, എന്റെ മകന്‍. അവനു യുദ്ധവും, ബോംബും, പട്ടാളക്കാരും ഒക്കെ പേടിയായിരുന്നു..രാത്രികാലങ്ങളില്‍, ആകാശത്തുകൂടി ഹെലികോപ്ടറുകള്‍ പറന്നുപോകുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അവന്‍ എന്നെ കെട്ടിപ്പിടിക്കും.ഒരിക്കല്‍, ജാഫ്ന കത്തിയെരിഞ്ഞ ഒരു ദിവസം എന്നോട് അവന്‍ വേദനയോടെ പറഞ്ഞു അമ്മാ, നമുക്ക് ചൈനക്കാരുടെ മുഖം കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അവരെ എല്ലാവരെയും കണ്ടാല്‍ ഒരുപോലെയിരിക്കും. അപ്പോള്‍ നിറം നോക്കി അവര്‍ക്ക് നമ്മളെ തിരിച്ചറിയാനും, വെടിവെക്കാനും, പെട്രോള്‍ ഒഴിച്ച് കത്തിക്കാനും കഴിയില്ലല്ലോ. എന്തിനാ നമ്മള്‍ ഇത്ര കറുത്ത് പോയത്. അതുകൊണ്ടല്ലേ സിംഹളകുട്ടികള്‍ എന്നെ കാണുമ്പോള്‍ ഒക്കെ മുഖത്തു തുപ്പുന്നത്…”

ഇത് പറയുമ്പോള്‍ ജീവയുടെ കണ്ണില്‍ നിന്നും ചോരയാണ് ഒഴുകുന്നതെന്ന് എനിക്ക് തോന്നി. ചാവേര്‍ ആകാന്‍ വിധിക്കപ്പെട്ട, ബോംബേറില്‍ ചിതറിതെറിച്ച നൂറായിരം കുഞ്ഞുങ്ങളുടെ ഓര്‍മയില്‍ ഞാനും അറിയാതെ വിതുമ്പിപ്പോയി. ഞാന്‍ വെറുതെ അവരുടെ കൈപിടിച്ചു. ആശ്വാസവാക്കുകള്‍ വെറും നുണകള്‍ ആകുമെന്ന് എനിക്കറിയാം.

പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ഈഴം യുദ്ധത്തിന്റെ ഓരോ വഴിത്തിരിവും ജീവയുടെയും, അതുപോലെയുള്ള ഒരായിരം പെണ്ണുങ്ങളുടെയും ജീവിതത്തില്‍ ബോംബിനെക്കാള്‍ പ്രഹരശേഷിയുള്ള നൊമ്പരങ്ങള്‍ മാത്രം ആണ് വര്‍ഷിച്ചത്. ഓരോ തവണയും ഈഴം ജയിക്കുമ്പോഴും, നേരെ തിരിച്ചാകുമ്പോഴും ജാഫ്നയിലെയും, ബട്ടിക്കലോവയിലെയും, കിളിനോചിയിലെയും വാവുനിയയിലെയും, അമ്മമാരുടെ നെഞ്ഞുരുകും. ഓരോ പുലിയും കൊല്ലപ്പെടുമ്പോഴും, വിദൂര ഗ്രാമങ്ങളിലെ മൈതാനിയില്‍ പന്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ LTTE ഭടന്മാര്‍ വന്നു ബലമായി പിടിച്ചുകൊണ്ട് പോയി അവരുടെ വിമോചനസൈന്യത്തില്‍ ചേര്‍ക്കും. പിന്നീട് ഒരിക്കലും കാണാനാവാത്ത ആ കുഞ്ഞുങ്ങളുടെ ഓർമ്മ പോലും അവരുടെ മനസ്സിനെ ചുട്ടു പഴുപ്പിക്കുന്നു. അതുപോലെ, ഓരോ ചാവേര്‍ ആക്രമണവും കഴിഞ്ഞാല്‍ പിന്നെ ഗ്രാമങ്ങളില്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ തേരോട്ടമാണ്. പന്ത്രണ്ടും, പതിമൂന്നും വയസുള്ള കുഞ്ഞുപെണ്‍കുട്ടികളുടെ ശരീരങ്ങള്‍ അവര്‍ക്ക് തമിഴു ഈഴത്തിന്റെ പ്രതീകമാണ്‌. പെണ്‍കുട്ടികൾ ആര്‍ത്തു നിലവിളിക്കുമ്പോൾ അത് തമിഴകഗോത്രാഭിമാനത്തിനു മേലുള്ള സിംഹളദേശിയതയുടെ വിജയമായിക്കരുതി ശ്രീലങ്കന്‍ പട്ടാളക്കാര്‍ ആഹ്ലാദിച്ചു. അങ്ങനെ പുലികളും, പട്ടാളവും ചേര്‍ന്ന് കുഴച്ചുമറിച്ചിട്ട പെൺജീവിതങ്ങൾ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് യുദ്ധത്തിന്റെ നിരര്‍ത്ഥകതയാണ്.

ചരിത്രത്തില്‍ ഒരിക്കലും രേഖപ്പെടുത്താത്ത ഒട്ടനവധി മുറിവുകള്‍ ആണ് വംശഹത്യകളും, യുദ്ധങ്ങളും ഉണ്ടാക്കുന്നതെന്ന് മനസിലാക്കാന്‍ ജീവലതയെ അറിഞ്ഞാല്‍ മതി. ഒരു കാലത്ത് അവരുടെ ഗ്രാമം മത്സ്യകൃഷിയുടെയും ചെമ്മീന്‍ കൃഷിയുടെയും, ഒണക്കമീന്‍ സംസ്ക്കരണത്തിന്റെയും ഒക്കെ പ്രധാനകേന്ദ്രമായിരുന്നു. തേങ്ങയും, നെല്ലും തഴച്ചു വളര്‍ന്നിരുന്ന, ശീമക്കൊന്നയും പൂവരശ്ശും അതിരിടുന്ന കുഞ്ഞു വീടുകള്‍ ഉള്ള കേരളം പോലുള്ള മനോഹരദേശം. ഇന്ന് പക്ഷെ വെടിമരുന്നും ബോംബും വീണു കരിഞ്ഞുപോയ മണ്ണാണ് അത്. യുദ്ധവും, ലാന്‍ഡ്‌മൈനുകളും, പലായനങ്ങളും, അവരുടെ കൃഷിയെയും, തീരത്തെയും കടലിലെ ജീവിതത്തെയും ഒക്കെ എന്നെന്നേക്കുമായി അശാന്തിയിലാക്കുകയായിരുന്നു.

പറഞ്ഞു വന്നത് ഇത്രമാത്രം. ദേശാഭിമാനത്തിന്റെ ഉന്മാദങ്ങള്‍ കൊണ്ട് നേട്ടമുണ്ടാക്കുന്നത്‌ അധികാരരാഷ്ട്രീയം മാത്രമാണ്, ജനതയല്ല. സമയം കിട്ടുമെങ്കിൽ ‘Stolen Voices’ എന്ന പുസ്തകം വായിക്കൂ. ഒന്നാം ലോകമഹായുദ്ധം മുതൽ ഇറാക്ക് യുദ്ധം വരെ അനുഭവിച്ചറിഞ്ഞ കുഞ്ഞുങ്ങളുടെ ഡയറികുറിപ്പുകൾ ആണ് അതിൽ. അപഹരിക്കപ്പെട്ട ശബ്ദങ്ങൾ! നിങ്ങൾ കരഞ്ഞു പോകും.

യുക്രൈയിനിലേയും റഷ്യയിലെയും കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ശബ്ദവും ജീവിതവും അപഹരിക്കപ്പെടാതിരിക്കട്ടെ എന്നാശിക്കാം.

ദയവുചെയ്ത് ട്രോളുകളും തമാശകളും മാറ്റിവെക്കൂ. പകരം യുദ്ധവിരുദ്ധ സന്ദേശങ്ങളാൽ സമൂഹമാധ്യമങ്ങൾ നിറയട്ടെ”

archived linkFB post

എന്നാൽ ചിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ, ഇപ്പോൾ നടക്കുന്ന യുക്രെയിൻ-റഷ്യ സംഘർഷവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും 2019 മുതൽ പ്രചരിക്കുന്ന ചിത്രമാണിതെന്നും വ്യക്തമായി.  

വസ്തുത ഇതാണ്

ലോകത്ത് നടക്കുന്ന പല യുദ്ധങ്ങളെയും അപലപിച്ച് കൊണ്ടുള്ള നിരവധി ലേഖനങ്ങളിലും ബ്ലോഗുകളിലും ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങളുടെ  റിവേഴ്സ് ഇമേജ് അന്വേഷണത്തിൽ ലഭിച്ച ചിത്രത്തിന്  ചുവട്ടിൽ പേർഷ്യൻ ഭാഷയിൽ ചെറിയ വിവരണം നൽകിയിട്ടുണ്ട് .

ഇത് പേര്‍ഷ്യന്‍ ഭാഷയിലാണ്. ഞങ്ങൾ ഭാഷ വിദഗ്ധനുമായി സംസാരിച്ചപ്പോൾ അദ്ദേഹം ഇത് പരിഭാഷപ്പെടുത്തിയത് ഇങ്ങനെയാണ്: 

“പേടിച്ചരണ്ട ആ ഹൃദയത്തിനായി ഞാൻ ഉള്ളിൽ മരിക്കുകയാണ്. ദൈവമേ! നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഹൃദയം തുടിക്കുകയും ഈ സയണിസ്റ്റ് ക്രിമിനലുകളുടെ പിടിയിൽ നിന്ന് നിങ്ങളുടെ മോചനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഏതുതരം ആളുകളാണ് അവർ, അവർ എത്ര മനുഷ്യത്വരഹിതരാണ്, ശബ്ദം പോലും ഉയർത്തുന്നില്ല.”

ഇതാണ് കൃത്യമായ വിവർത്തനം.  അതിൽ സയണിസ്റ്റ് പദമാണ് പരാമർശിച്ചിരിക്കുന്നത്, അതിനാൽ അത് പലസ്തീനിൽ നിന്ന് മാത്രമായിരിക്കുമെന്ന് ഞാൻ കരുതുന്നു.( പാലസ്റ്റിനില്‍ ജൂതന്‍മാര്‍ക്ക് ദേശീയ അവകാശങ്ങളും ഭൂമിയും നേടിക്കൊടുത്ത പ്രസ്ഥാനമാണ് സയണിസ്റ്റ് പ്രസ്ഥാനം)

നിലവിലെ റഷ്യ-യുക്രൈൻ സംഘർഷവുമായി ബന്ധപ്പെടുത്തിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിലവിലെ സ്ഥിതിയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

നിഗമനം 

പോസ്റ്റിലെ ചിത്രം പഴയതാണ്.  നിലവിൽ റഷ്യയ്ക്കും യുക്രൈനും ഇടയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. 2019 മുതൽ ഈ ചിത്രം ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ് സിറിയ-പാലസ്തീന്‍ സംഘർഷത്തിൽ നിന്നുള്ളതാണ് ചിത്രം എന്ന് കരുതുന്നു

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:Russia-Ukraine Conflict: നിലവിലെ സംഘര്‍ഷത്തില്‍ നിന്നുള്ളത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം 2019 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്…

Fact Check By: Vasuki S 

Result: False