വിവരണം

റഷ്യ-യുക്രെയിന്‍ യുദ്ധമാണ് ഇപ്പോള്‍ പ്രധാന വാര്‍ത്ത വിഷയം. റഷ്യക്ക് മുന്നില്‍ യുക്രെയിന്‍ കീഴടങ്ങുമോ എന്ന ചോദ്യമാണ് ഒടുവില്‍ ഉയരുന്നത്. ഇതിനിടയില്‍ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുനന്നത്. അമേരിക്കയെയും നാറ്റോയെയും ഒക്കെ ട്രോളിലൂടെ വിമര്‍ശിച്ചും ധാരാളം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വിചിത്രമായ ഒരു രാഷ്ട്രീയ വിമര്‍ശന പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പോരാളി ഷാജി എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നല്‍കിയിരിക്കുന്നത് തലക്കെട്ട് ഇങ്ങനെയാണ് ഒരു കാരണവും ഇല്ലാതെ നിയമസഭയിൽ വെറുതെ അലമ്പുണ്ടാക്കി സഭ ബഹിഷ്ക്കരിക്കുക.. ശേഷം ലുലു മാളിൽ ചുറ്റി കറങ്ങുക...സിനിമക്ക് പോവുക UDF ഡാ

പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഇതാണ്-

Facebook Post Archived Link

യുക്രെയിനില്‍ പിണറായിയുടെ തീക്കളി അവസാനിപ്പിക്കുക എന്ന ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ പ്രതിഷേധിക്കുന്ന ചിത്രമാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലൊരു ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം

വസ്‌തുത വിശകലനം

റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്ന പ്രതിപക്ഷം എന്നത് തന്നെ ആക്ഷേപഹാസ്യ രൂപേണയുള്ളതാണെന്ന് പ്രാഥമികമായി പരിശോധനയില്‍ തന്നെ വ്യക്തമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷം ബാനറില്‍ എഴുതി സഭയില്‍ പ്രതിഷേധിക്കുന്ന ചിത്രം എപ്പോഴുള്ളതാണെന്ന് അറിയാന്‍ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തു.

സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി ശിവശങ്കരനെതിരെയും ഡോളര്‍ കടത്ത് കേസിലും മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടുമാണ് ഇന്നലെ (ഫെബ്രുവരി 24) പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി നിയസഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ചത്. ഡോളര്‍ കടത്ത് കേസ് മുഖ്യമന്ത്രി മൗനം വെടിയുക.. എന്നതാണ് യഥാര്‍ത്ഥത്തില്‍ ബാനറില്‍ എഴുതിയിരിക്കുന്നതെന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ടില്‍ നിന്നും എഎന്‍ഐ ട്വീറ്റ് ചെയ്ത പ്രതിഷേധങ്ങളുടെ ചിത്രങ്ങളില്‍ നിന്നും കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്.

റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

എഎന്‍ഐ ട്വീറ്റ് ചെയ്ത പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിന്‍റെ ചിത്രങ്ങള്‍-

ANI Tweet

നിഗമനം

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ആരോപിച്ച് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചതിന്‍റെ ചിത്രമാണ് തെറ്റായ തലക്കെട്ട് നല്‍കി പ്രതിപക്ഷത്തെ പരിഹസിക്കുന്നതിനായി പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു ആക്ഷേപഹാസ്യം മാത്രമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:യുക്രെയിനെതിരെ റഷ്യന്‍ ആക്രമണം; പിണറായി വിജയനെതിരെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: Satire