സുരക്ഷാ ഉദ്യോഗസ്ഥരുടെ നേര്‍ക്ക് തുപ്പുന്നത് ടീസ്റ്റ സെതൽവാദല്ല… സത്യമിതാണ്…

ദേശീയം | National രാഷ്ട്രീയം | Politics

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നിയമ സഹായം നല്‍കുന്ന സംഘടന സ്ഥാപകയും ആക്ടിവിസ്റ്റുമായ ടീസ്റ്റ സെതൽവാദിനെയും മുൻ ഐപിഎസ് ഓഫീസർ ആർ.ബി.  ശ്രീകുമാറിനെയും ജൂൺ 25ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) കസ്റ്റഡിയിലെടുത്തിരുന്നു. 2002-ലെ ഗുജറാത്ത് കലാപം ആസൂത്രണം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ടീസ്റ്റയുടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

സുരക്ഷാ ഉദ്യോഗസ്ഥര്‍ ടീസ്റ്റയെ ബലമായി പോലീസ് വാനില്‍ കയറ്റിയപ്പോള്‍ അവര്‍ ചില വനിതാ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തുപ്പുന്നുവെന്ന് ആരോപിച്ചാണ് വീഡിയോ ദൃശ്യങ്ങള്‍ നല്‍കിയിട്ടുള്ളത്.  വീഡിയോയിലെ സ്ത്രീ ടീസ്റ്റ സെതൽവാദാണെന്നാണ് അവകാശവാദം. ഇത് സൂചിപ്പിച്ച് വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: “ടി സ്റ്റാ ജാവേദ് ,ട്യൂട്ടി ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥരോട് കാണിക്കുന്ന പരാക്രമം മലായാളത്തിലെ ഒരു മാമാ ചാനലും പത്രമാധ്യമങ്ങളും റിപ്പോർട്ട് ചെയ്യില്ല. എല്ലാവനും ജിഹാദി പണവും പാരിദോഷവും കൈയ്യിപറ്റിയവർ”

archived linkFB post

ഞങ്ങളുടെ അന്വേഷണത്തില്‍ തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത് എന്ന് കണ്ടെത്തി .

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ANI ന്യൂസ് പ്രസിദ്ധീകരിച്ച ഒരു ട്വീറ്റ് ലഭിച്ചു. 

“നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തതിന് ഇഡിക്കെതിരെ ഡൽഹിയിൽ പാർട്ടി പ്രവർത്തകരുമായി നടത്തിയ പ്രതിഷേധത്തിനിടെ മഹിളാ കോൺഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ തുപ്പി.”- എന്ന വിവരണമാണ് വീഡിയോയുടെ ഒപ്പം നല്‍കിയിട്ടുള്ളത്. 

പാർട്ടി നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെതിരായ പ്രതിഷേധത്തിനിടെയാണ് നെറ്റ ഡിസൂസ പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ തുപ്പുന്ന സംഭവം ഉണ്ടായതെന്ന് മറ്റ് വാര്‍ത്തകളും അറിയിക്കുന്നു. 2022 ജൂൺ 21-നായിരുന്നു സംഭവം. വൈറൽ വീഡിയോയിൽ കാണുന്ന അതേ ദൃശ്യങ്ങൾ NDTV ട്വീറ്റ് ചെയ്തിട്ടുണ്ട്.  

കോൺഗ്രസിന്‍റെ മഹിളാ (വനിതാ) വിഭാഗത്തിന്‍റെ ആക്ടിംഗ് പ്രസിഡന്‍റാണ് ഡിസൂസ. സംഭവത്തിന് ശേഷം ഡിസൂസ ഒരു ട്വീറ്റ്  നല്കിയിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് നെറ്റ ഡിസൂസയാണ് എന്ന് തെളിവിനായി ഇതുതന്നെ ധാരാളമാണ്.  

മാധ്യമങ്ങളിൽ എനിക്കെതിരെ ഒരു കുപ്രചരണം നടക്കുന്നുവെന്നും പൂര്‍ണ്ണമായും തെറ്റാണെന്നും മുടിയും മറ്റ് മലിന വസ്തുക്കളും വായയുടെ ഉള്ളില്‍ പോയത് പുറത്തേയ്ക്ക് തുപ്പിയതാണെന്നും ട്വീറ്റില്‍ അവര്‍ വ്യക്തമാക്കുന്നു. സത്യമേവ ജയതേ എന്നുപറഞ്ഞാണ് വാചകങ്ങള്‍ അവസാനിപ്പിക്കുന്നത്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. വീഡിയോ ദൃശ്യങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേര്‍ക്ക് തുപ്പുന്ന സ്ത്രീ ടീസ്റ്റ സെതല്‍വാദ് അല്ല. കോൺഗ്രസിന്‍റെ മഹിളാ (വനിതാ) വിഭാഗത്തിന്‍റെ ആക്ടിംഗ് പ്രസിഡന്‍റായ നെറ്റ ഡിസൂസയാണ്. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തതിന് ഇഡിക്കെതിരെ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സുരക്ഷാ ഉദ്യോഗസ്ഥരുടെ നേര്‍ക്ക് തുപ്പുന്നത് ടീസ്റ്റ സെതൽവാദല്ല… സത്യമിതാണ്…

Fact Check By: Vasuki S 

Result: False