ചില ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുകയും ധാരാളം പണം പിടിച്ചെടുക്കുകയും പിടിച്ചെടുത്ത പണം എണ്ണുകയും ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

പ്രചരണം

റെയ്ഡിന്റെ ദൃശ്യങ്ങള്‍ ഗുജറാത്തിലെ ആം ആദ്മി പാർട്ടി നേതാവ് ശേഖർ അഗർവാളിന്‍റെ വീട്ടിൽ നിന്നുള്ളതാണെന്ന് ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നു. “'#Kejariwal പറയുന്നത് Aam Admi Party ക്കാർ ഭയങ്കര സത്യസന്ധരാണന്നാണ് '❗️

സൂറത്തിലെ #AAP നേതാവ് ശേഖർ അഗർവാളിന്റെ വസതിയിൽ റെയ്ഡ് നടത്തിയപ്പോൾ ED ഉദ്യോഗസ്ഥർ അമ്പരന്നു.

വീടിനുള്ളിൽ പലയിടങ്ങളിലായി ഒളിപ്പിച്ച പണം അമ്പരപ്പിക്കുന്നതാണ്. നോട്ടുകൾ എണ്ണുന്നത് സുഗമമാക്കാൻ പണം എണ്ണുന്ന യന്ത്രങ്ങൾ കൊണ്ടുവന്നു.

#CorruptPartyAAP”

FB postarchived link

എന്നാൽ ഈ അവകാശവാദം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. വീഡിയോ ഗുജറാത്തിലെ ആം ആദ്മി പാർട്ടി നേതാവിന്‍റെ വീട്ടിൽ നടന്ന റെയ്ഡിന്‍റെതല്ല. മറിച്ച് കഴിഞ്ഞ കൊല്ലം കൊൽക്കത്തയിലെ ഒരു വ്യവസായിയുടെ വീട്ടിൽ നടത്തിയ റെയ്ഡിന്‍റെതാണ്.

വസ്തുത ഇതാണ്

ഇതേ വീഡിയോ കഴിഞ്ഞ വര്‍ഷം പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ നടന്ന റെയിഡ് എന്ന പേരില്‍ പ്രചരിച്ചിരുന്നു. പ്രസ്തുത പ്രചരണത്തിന് മുകളില്‍ ഞങ്ങള്‍ ഫാക്റ്റ് ചെക്ക് നടത്തുകയും ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസിൽ നടന്ന റെയിഡ്: ദൃശ്യങ്ങളുടെ സത്യമിതാണ്…

വൈറൽ വീഡിയോ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്നാണ് എന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 2022 സെപ്തംബർ 10-ന് അമീര്‍ ഖാന്‍ എന്ന വ്യവസായിയുടെ സ്ഥാപനത്തില്‍ ED നടത്തിയ റെയ്ഡിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണിത്. ദൃശ്യങ്ങളുടെ 30 സെക്കൻഡ് ടൈം സ്റ്റാമ്പിൽ ബംഗ്ലാ എഴുത്തുള്ള ഒരു പ്ലാസ്റ്റിക് ബാഗ് കാണാം. ആളുകൾ ബംഗ്ലാ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ഞങ്ങളുടെ ബംഗ്ലാ ടീം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇ‌ഡി കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഏരിയയില്‍ ഉൾപ്പെടെ ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി, അവിടെ കണ്ടെടുത്ത തുക കണക്കാക്കാൻ ED ക്യാഷ് കൗണ്ടിംഗ് മെഷീനുകൾ കൊണ്ടുവന്നതായി 2022 സെപ്റ്റംബർ 11 ന് സി‌എന്‍‌എന്‍ ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ആമിർ ഖാൻ എന്ന ബിസിനസുകാരന്‍ ‘ഇ-നഗ്ഗറ്റ്‌സ്’ എന്ന മൊബൈൽ ഗെയിമിംഗ് ആപ്പുപയോഗിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടി എന്നാണ് കേസ്.

2022 സെപ്റ്റംബർ 11 ന് എന്‍‌ഡി‌ടി‌വി റിപ്പോർട്ട് അനുസരിച്ച്, കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഏരിയയിൽ താമസിക്കുന്ന അമീർ ഖാന്‍റെ വീട്ടിൽ ED റെയ്ഡ് നടത്തി. ഇ-നഗറ്റ്‌സ് എന്ന വ്യാജ മൊബൈൽ ഗെയിം കമ്പനിയുമായി ആമിർ ഖാൻ ബന്ധപ്പെട്ടിരുന്നു. 2021 ലാണ് ഈ വ്യാജ കമ്പനിയെക്കുറിച്ച് ആദ്യമായി പോലീസിൽ റിപ്പോർട്ട് ചെയ്തത്. ഈ ആപ്പുമായി ബന്ധപ്പെട്ട മറ്റ് ആളുകളുടെ വീടുകളിലും റെയ്ഡ് നടത്തി 17 കോടി 32 ലക്ഷം രൂപ പിടിച്ചെടുത്തു. പിടിച്ചെടുത്ത പണത്തിൽ 2000, 500, 2000 രൂപാ നോട്ടുകൾ ഉണ്ടായിരുന്നു.

ബന്ധപ്പെട്ട കേസിൽ കൊൽക്കത്തയിൽ നടത്തിയ റെയ്ഡിനെക്കുറിച്ച് ED യുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് ട്വീറ്റ് നല്കിയിട്ടുണ്ട്..

ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ വീട്ടില്‍ ഇ‌ഡി റെയിഡ് എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നറിയാനായി ഞങ്ങളുടെ പ്രതിനിധി ഗുജറാത്ത് പാർട്ടി ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ ഇടലവിയുമായി ബന്ധപ്പെട്ടു. ഗുജറാത്ത് ആം ആദ്മി പാർട്ടിയിൽ ശേഖർ അഗർവാൾ എന്നൊരു നേതാവ് ഇല്ലെന്നായിരുന്നു അവിടെനിന്ന് ലഭിച്ച പ്രതികരണം. കൂടാതെ ആം ആദ്മി പാര്‍ട്ടിയുടെ ഒരു നേതാവിന്‍റെ വീട്ടിലും റെയിഡ് നടന്നിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ ഓഡിയ ടീം ചെയ്തിട്ടുണ്ട്:

କ’ଣ ଏହି ଭିଡିଓରେ ଇଡି ଗୁଜରାଟର ଆମ୍ ଆଦାମୀ ପାର୍ଟି ନେତା ଶେଖର ଅଗ୍ରୱାଲଙ୍କ ଘରେ ରେଡ୍ କରୁଛି? ଜାଣନ୍ତୁ ସତ୍ୟ।

നിഗമനം

പ്രചരിക്കുന്ന അവകാശവാദം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഗുജറാത്തിൽ നിന്നുള്ളതല്ല. 2022-ൽ കൊൽക്കത്തയിൽ വ്യവസായിയുടെ വീട്ടില്‍ നടന്ന റെയിഡിന്‍റെതാണ്. ആം ആദ്മി പാര്‍ട്ടിയുമായോ ഗുജറാത്തുമായോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കൊൽക്കത്തയില്‍ നിന്നുള്ള പഴയ വീഡിയോ ഉപയോഗിച്ച് ഗുജറാത്ത് എഎപി നേതാവിന്‍റെ വീട്ടിൽ ഇഡി റെയ്ഡ് നടന്നതായി വ്യാജ പ്രചരണം

Written By: Vasuki S

Result: False