
കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ജയിച്ചതോടെ ക്രിക്കറ്റ് പ്രേമികള്‍ പലയിടത്തും ആഹ്ളാദം പങ്കുവച്ചു. അതുപോലെതന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരും വളരെ സന്തോഷത്തിലാണ് ഇന്ത്യയുടെ വിജയം എതിരേറ്റത്.
മല്‍സരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.
പ്രചരണം
പാകിസ്ഥാനെതിരെ ഇന്ത്യ ഏഷ്യാ കപ്പ് നേടുന്ന ദൃശ്യങ്ങള്‍ക്കൊപ്പം ദുബായിലെ ഷെയ്ഖുകൾ ഇന്ത്യയുടെ വിജയം ആഘോഷിച്ചുവെന്ന് അവകാശപ്പെടുന്ന ചില ദൃശ്യങ്ങളും വീഡിയോയില്‍ കാണാനാകുന്നുണ്ട്. അവസാന ഓവറിൽ പാക്കിസ്ഥാനെതിരെ ഹാർദിക് പാണ്ഡ്യ വിജയ റൺസ് നേടിയപ്പോൾ ‘ദുബായിലെ ഷെയ്‌ക്കുകൾ’ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. ഇത് സൂചിപ്പിച്ച് വീഡിയോയ്ക്ക് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇന്ത്യാ പാക്ക് ക്രിക്കറ്റ് കളി മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോഴുളള ദുബായ് ഷേക്കു മാരുടെ സന്തോഷ പ്രകടനം”
എന്നാല്‍ ഈ അറബ് വേഷധാരികളുടെ ആഘോഷം കാണിക്കുന്ന ദൃശ്യങ്ങള്‍ക്ക് അടുത്തിടെ നടന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരവുമായി ബന്ധമില്ലെന്ന് ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
2022 ആഗസ്ത് 28 ന് നടന്ന ഏഷ്യാ കപ്പ് 2022 ന്‍റെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാനെതിരെ അവസാന ഫിനിഷിൽ ഇന്ത്യ ജയിച്ചു. ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം ൾ നടത്തി നോക്കിയപ്പോള്‍ അറബ് വേഷധാരികള്‍ ഗാലറിയില്‍ ആഹ്ളാദത്തോടെ തുള്ളിച്ചാടുന്നതിന്‍റെ യഥാര്‍ത്ഥ വീഡിയോ ലഭിച്ചു. വീഡിയോയിൽ അറബി ഭാഷയില്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്ഇങ്ങനെ: ഫുട്ബോൾ ക്ലബ് അൽ-അറബിയുടെ പ്രസിഡന്‍റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അസീസ് അഷൂർ, കുവൈറ്റിൽ നടന്ന ഫുട്ബോൾ ടൂർണമെന്‍റായ അമീർ കപ്പ് തന്‍റെ ടീം നേടിയപ്പോൾ ആഘോഷിക്കുന്നു.
വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് 2020 സെപ്റ്റംബര്‍ 22 നാണ്. അതായത് ഓഗസ്റ്റ് 28 നു നടന്ന ഇന്‍ഡ്യ-പാക് ക്രിക്കറ്റ് മല്‍സരവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തം.
ഞങ്ങള്‍ക്ക് വീഡിയോയിലെ അറബ് വേഷധാരികള്‍ ആരാണെന്ന് വ്യക്തമായി കണ്ടെത്താൻ കഴിഞ്ഞില്ല. അൽ-അറബി, ഫുട്ബോൾ ക്ലബ്ബിനെ പരാജയപ്പെടുത്തിയെന്ന് അവരുടെ വെബ്സൈറ്റിലെ ലേഖനത്തില്‍ വായിക്കാം.
2019-2020 സീസണുകളിലെ അമീർ കപ്പ് ഫൈനൽ 2020 സെപ്റ്റംബർ 21 ന് കുവൈറ്റിൽ നടന്നിരുന്നു. കുവൈറ്റ് മന്ത്രിമാരും കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും മല്‍സരം വീക്ഷിക്കാന്‍ എത്തിയിരുന്നതായി കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പോസ്റ്റില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ടിക്ടോക് മാര്‍ക്ക് കാണാം. ഞങ്ങള്‍ ടിക്ടോകില്‍ പ്രസ്തുത പ്രൊഫൈല്‍ (@meraj_abudhabi ) തിരഞ്ഞപ്പോള്‍ ഇതേ വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. നിരവധി പേര്‍ എഡിറ്റിംഗിനെ അഭിനന്ദിച്ചു കൊണ്ട് കമന്‍റുകള്‍ നല്കിയിട്ടുണ്ട്. അതേസമയം പലരും ഫേക്ക് വീഡിയോ ആണിത് എന്നും കമന്‍റ് ചെയ്തിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോ ദൃശ്യങ്ങളില്‍ അറബ് വേഷം ധരിച്ചവര്‍ ഗാലറിയില്‍ ആഹ്ളാദത്തോടെ തുള്ളിച്ചാടുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മല്‍സര സ്റ്റേഡിയത്തില്‍ നിന്നുള്ളതല്ല. 2020 സെപ്റ്റംബറില്‍ കുവൈറ്റില്‍ നടന്ന ഫുട്ബോള്‍ മല്‍സരത്തില്‍ നിന്നുള്ളതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ക്രിക്കറ്റ് മല്‍സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ദുബായ് ഷെയ്ഖ്: ദൃശ്യങ്ങളുടെ സത്യമിതാണ്…
Fact Check By: Vasuki SResult: False
