
തെരുവ് നായ ശല്യം മൂലം പലയിടത്തും മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷത്തിന് പോലും ഇതിനകം കേരളം സാക്ഷ്യം വഹിച്ചുകഴിഞ്ഞു. ബീച്ചില്‍ തെരുനായ വിദേശ വനിതയെ കടിക്കുന്ന വീഡിയോ കോവളത്ത് നിന്നുള്ളതാണ് എന്ന നിലയില്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.
പ്രചരണം
ബിക്കിനി ധരിച്ച് ബീച്ചില്‍ സണ്‍ബാത്ത് നടത്തുന്ന വിദേശ വനിതയുടെ അടുത്തേക്ക് ഒരു നായ വരുന്നതും അപ്രതീക്ഷിതമായി അവരുടെ പിന്നില്‍ കടിക്കുന്നതും അവര്‍ എഴുന്നേറ്റ് ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ഇത് കോവളത്ത് സമീപകാലത്ത് നടന്നതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കേരള ടൂറിസം വികസനം ഇപ്പൊ നായ്ക്കളുടെ മേൽനോട്ടത്തിൽ….. 🙆🏽♂️ കോവളത്ത് നിന്ന് ഒരു ദൃശ്യം 🤣”
എന്നാല്‍ ഈ ദൃശ്യങ്ങള്‍ കോവളം ബീച്ചില്‍ നിന്നുള്ളതല്ലെന്നും ഇന്ത്യയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
വീഡിയോയിലെ ബീച്ച് കോവളത്തെത് അലെന്‍നു ഒറ്റ നോട്ടത്തില്‍ മനസ്സിലാകും. ഞങ്ങള്‍ വീഡിയോയുടെ കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ യുകെ മാധ്യമമായ എക്സ്പ്രസ്സ് യുകെ 2023 ജൂണ്‍ 25 നു പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു. റിപ്പോര്‍ട്ട് പ്രകാരം: ഓസ്‌ട്രേലിയൻ കടൽത്തീരത്ത് ഒരു ഫ്രഞ്ച് വനിതയുടെ പിന്‍ഭാഗത്ത് അപകടകാരിയായ ഡിംഗോ കടിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ പ്രചരിച്ചു. ഓസ്‌ട്രേലിയയിലെ കെഗാരിയിലെ ഒരു കടൽത്തീരത്ത് ജൂൺ 4 ഞായറാഴ്ചയാണ് സംഭവം നടന്നത്. ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന ഒരിനം തെരുവ് നായയാണ് ഡിംഗോ.
അപകടകാരിയായ ഡിംഗോയെ നിരവധി സംഭവങ്ങളിൽ ഉൾപ്പെട്ടതിന് ശേഷം ” ദയാവധം” ചെയ്തതായി ക്വീൻസ്ലാൻഡ് പരിസ്ഥിതി ആന്‍റ് സയൻസ് വകുപ്പ് വിശദീകരിച്ചു.
ക്വീൻസ്‌ലാന്‍റിൽ സ്ഥിതി ചെയ്യുന്ന കെഗാരി ദ്വീപ് – 200-ലധികം കാട്ടുമൃഗങ്ങൾ വസിക്കുന്ന ഒരു പ്രദേശമാണ്. ഓഷ്യാനിക് രാജ്യത്ത് നായയ്ക്ക് ഭക്ഷണം നൽകുന്നതിനെതിരെ കർശനമായ നിയമങ്ങളുണ്ട്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് വലിയ പിഴ ഈടാക്കുന്നു. ദ്വീപ് റിസോർട്ടിലുടനീളം മാസങ്ങളായി നടന്ന ആക്രമണങ്ങളെത്തുടർന്ന് ജൂണിൽ മറ്റൊരു ഡിംഗോയെയും ദയാവധത്തിന് ഇരയാക്കിയിരുന്നു.
കോവളം ബീച്ചിന്‍റെ വീഡിയോ:
മറ്റ് മാധ്യമങ്ങളും ഇതേ വീഡിയോ അടിസ്ഥാനപ്പെടുത്തി റിപ്പോര്‍ട്ട് കൊടുത്തിരുന്നു. ഓസ്‌ട്രേലിയയിലെ കെഗാരിയിലെ ഒരു കടൽത്തീരത്ത് ജൂൺ 4 ഞായറാഴ്ച നടന്ന സംഭവമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദി ഇന്‍ഡിപെന്‍ഡന്‍റ് എന്ന യുകെ മാധ്യമം നല്കിയ വീഡിയോ റിപ്പോര്‍ട്ട് കാണാം:
കേരളത്തില്‍ നായയുടെ ആക്രമണം അപകടകരമായ രീതിയില്‍ പലയിടത്തും ഉണ്ടാകുന്നുണ്ട് എങ്കിലും കോവളത്ത് അടുത്ത കാലത്ത് വിദേശ വനിതയെ നായ ആക്രമിച്ച സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. ഇങ്ങനെ എന്തെങ്കിലും സംഭവം കോവളത്ത് നടന്നിരുന്നു എങ്കില്‍ തീര്‍ച്ചയായും അത് മാധ്യമ വാര്‍ത്ത ആകുമായിരുന്നു.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. കോവളത്ത് വിദേശ വനിതയെ നായ ആക്രമിക്കുന്നു എന്ന പേരില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഓസ്ട്രേലിയയിലെ കെഗാരി എന്ന കടല്‍തീരത്ത് 2023 ജൂണ്‍ 4 നു നടന്ന സംഭവത്തിന്‍റെതാണ്. കോവളത്ത് ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തിന് കോവളവുമായോ അല്ലെങ്കില്‍ ഇന്ത്യയിലെ മറ്റേതെങ്കിലും ബീച്ചുകളുമായോ യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:തെരുവ് നായ വിദേശ വനിതയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കോവളത്ത് നിന്നുള്ളതല്ല, സത്യമിങ്ങനെ…
Written By: Vasuki SResult: False
