
ഖാലിസ്ഥാനി ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) തലവൻ ഹർദീപ് സിംഗ് നിജ്ജാർ എന്ന കനേഡിയൻ പൗരനെ തീവ്രവാദിയായി പ്രഖ്യാപിച്ച സംഭവത്തിൽ ഇന്ത്യ ഗവണ്മെന്റ് ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഒട്ടാവയിലെ കനേഡിയൻ പാർലമെന്റിൽ അമ്പരപ്പിക്കുന്ന ഒരു പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായി. ജൂണിൽ സറേയിലെ ഒരു ഗുരുദ്വാരയിൽ നിന്ന് പുറത്തുപോകുമ്പോൾ മുഖംമൂടി ധരിച്ച രണ്ട് തോക്കുധാരികളുടെ വെടിയേറ്റ് നിജ്ജാർ കൊല്ലപ്പെട്ടിരുന്നു. ജി-20 ഉച്ചകോടിക്കായി ട്രൂഡോ ഇന്ത്യയിൽ എത്തിയതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ആരോപണങ്ങൾ വന്നത്. പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിച്ചു.
ഈ സംഭവവികാസങ്ങള്‍ക്ക് ശേഷം കനേഡിയൻ സർക്കാരിനെ അപലപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി എന്നാരോപിച്ച് ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
കനറാ ബാങ്കിന് മുന്നിൽ ബി.ജെ.പി പ്രതിഷേധിക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കാനഡ”ക്കെതിരെ “കാനറ” ബാങ്കിന് മുമ്പിൽ പ്രതിഷേധിക്കുന്ന സംഘി മിത്രങ്ങൾ”

എന്നാല്‍ ഈ ചിത്രം രണ്ടു കൊല്ലം പഴയതാണെന്നും ഇന്ത്യ-കാനഡ പിരിമുറുക്കവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2020 ഓഗസ്റ്റ് 30-ന് മലൈമലർ എന്ന തമിഴ് മാധ്യമം ഇതേ ചിത്രം ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ലഭ്യമായി.

ഊട്ടിയിൽ വച്ചാണ് ഈ ഫോട്ടോ എടുത്തതെന്ന് അതിൽ സൂചനയുണ്ട്. 2020 ഓഗസ്റ്റിൽ നീലഗിരി ജില്ലയിലെ ഊട്ടി എടിസി പ്രദേശത്ത് മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ബിജെപി കൊടിമരം നാട്ടിയിരുന്നു. അനുമതി ലഭിക്കാത്തതിനാൽ നഗരസഭാ അധികൃതർ നീക്കം ചെയ്തു. കൊടിമരം വീണ്ടും നാട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ചിത്രത്തോടൊപ്പമുള്ള വാര്‍ത്ത ഇതാണ്.
മലൈ മലര് നല്കിയ ചിത്രത്തില്‍ കാനറ ബാങ്കിന്റെ ബോര്‍ഡ് കാണാനില്ല. കാനറ ബാങ്ക് ബോര്‍ഡ് പിന്നീട് എഡിറ്റ് ചെയ്തു ചേര്‍ത്തതാണെന്ന് അതില്‍ നിന്നു വ്യക്തമാണ്.

ഇന്ത്യ-കാനഡ സംഘര്‍ഷത്തില്‍ ബി.ജെ.പി കനറാ ബാങ്കിന് മുന്നിൽ പ്രതിഷേധം നടത്തിയെന്ന് ആരോപിക്കുന്ന ചിത്രം വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പ്രചരിക്കുന്ന ചിത്രം എഡിറ്റഡാണ്. രണ്ടു വര്‍ഷം പഴയതുമാണ്. 2020 ഓഗസ്റ്റിൽ ഊട്ടിയിൽ വച്ചാണ് ഈ ഫോട്ടോ ചിത്രീകരിച്ചത്. ഊട്ടി നീലഗിരിയില്‍ ബിജെപി കൊടിമരം നീക്കംചെയ്ത മുനിസിപ്പാലിറ്റി അധികൃതര്‍ക്കെതിരെ കൊടിമരം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ നിന്നുള്ള ചിത്രമാണിത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘കാനഡ’ക്കെതിരെ ‘കാനറ’ബാങ്കിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ എന്ന വ്യാജ പ്രചരണത്തിന്റെ യാഥാര്‍ഥ്യമിതാണ്…
Written By: Vasuki SResult: False
