
വിവരണം
“ഇത് ദുബൈ ആണോന്ന് തെറ്റിദ്ധരിച്ചു പോകരുത് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ്
നിങ്ങളുടെ ഓരോ വോട്ടും ഇടത് പക്ഷത്തിന് ഇടതു പക്ഷം ഹൃദയപക്ഷം” എന്ന വാചകത്തോടൊപ്പം 2019 ഏപ്രിൽ 21, ന് Anwar Valiyaparambath എന്ന പ്രൊഫൈലിലൂടെയാണ് മുകളിൽ കാണുന്ന ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ കാണുന്ന ലോകോത്തര ഹൈവേ നമുടെ നാട്ടിൽ നിർമ്മിച്ചതാണോ? അതോ ഇത് വിദേശ രാജ്യത്തുള്ള ഏതെങ്കിലും ഹൈവേയുടെ ചിത്രം തെറ്റിദ്ധരിപ്പിക്കാനായി പ്രച്ചരിപ്പിക്കുകയാണോ? പോസ്റ്റിന്റെ ഒപ്പം വോട്ട് അഭ്യർത്ഥനയും നടത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഈ ലോകോത്തര ഹൈവേ കോഴിക്കോടിനടുത്തുള്ള പന്തിരാങ്കാവിന്റെ അടുത്തുള്ളതാണോയെന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത വിശകലനം
ചിത്രത്തിൽ കാണിക്കുന്ന ഹൈവേ എവിടെയുള്ളതാണെന്ന് അറിയാനായി ഞങ്ങൾ ഈ ചിത്രം Google ലും Yandex ലും റിവേര്‍സ് ഇമേജ് തിരയല്‍ നടത്തി. പരിണാമങ്ങളുടെ സ്ക്രീൻഷോട്ടുകൾ താഴെ നൽകിയിട്ടുണ്ട്.


അതിലുടെ ലഭിച്ച പരിണാമങ്ങളിൽ ഞങ്ങൾക്ക് ഈ ചിത്രമുള്ള പല ലിങ്കുകളും ലഭിച്ചു. ഈ ലിങ്കുകൾ പരിശോധിച്ചപ്പോൾ ഈ ചിത്രം യഥാർത്ഥത്തിൽ എവിടെനിന്നുമുള്ളതാണെന്ന് മനസില്ലായി. വിക്കിപീഡിയയിൽ Highway സംബന്ധിച്ച് നല്കിയ വിവരങ്ങളിൽ ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ഈ ചിത്രത്തിനു താഴെ നല്കിയ അടിക്കുറിപ്പിൽ ഇതു പോളണ്ടിലുള്ള ബിയല്സ്കോ ബിയാല (Bielsko Biala) എന്ന നഗരത്തിനടുത്തുകൂടെ പോകുന്ന S1 എന്ന ഹൈവേയുടെതാണെന്ന് എഴുതിയിട്ടുണ്ട്. മറ്റൊരു ലിങ്ക് പരിശോധിച്ചപ്പോഴും ഇതേ വിവരം തന്നെ ഞങ്ങൾക്ക് ലഭിച്ചു. ഈ ചിത്രം ഉപയോഗിച്ച എല്ലായിടത്തും ഈ ഹൈവേ പോളണ്ടിലുള്ളതാണ് എന്നു തന്നെയാണ് പറയുന്നത്.

ഞങ്ങൾ ഈ വിവരം ഉപയോഗിച്ച് ഹൈവേ Google mapsലൂടെ അന്വേഷിച്ചു നോക്കി. അപ്പോൾ ബിയലെസ്‌കോ ബിയാല നഗരത്തിന്റെ അടുത്തുള്ള S1 ഹൈവേയുടെ സ്ട്രീറ്റ് വ്യൂ (Street view) ലഭിച്ചു.
മുകളിൽ നല്കിയ ആകാശചിത്രത്തിൽ കാണുന്ന ഹൈവേയ്ക്ക്, ചിത്രത്തിൽ കാണുന്ന ഹൈവേയുമായുള്ള സാദൃശ്യം നമുക്ക് കാണാൻ സാധിക്കും. ഈ ചിത്രം പോളണ്ടിലെ ഹൈവേയുടെ തന്നെയാണെന്ന് വിശ്വസിക്കാം. ഇതേ രിതിയിൽ നമുക്ക് കോഴിക്കോട്, പന്തിരാങ്കാവിന്‍റെ സമിപമുള്ള ഹൈവേ ഗൂഗിൾ maps ഉപയോഗിച്ച് പരിശോധിച്ച് നോക്കാം. ഇന്ത്യയുടെ ഭുരിഭാഗത്തും സ്ട്രീറ്റ് വ്യൂ (Street view) ലഭ്യമല്ല അതിനാൽ കോഴിക്കോട്, പന്തിരാങ്കാവിന്‍റെ അടുത്തുകൂടെ പോകുന്ന മഹാരാഷ്ട്രയിലെ പനവേൽ തൊട്ടു കന്യാകുമാരിവരെ പോകുന്ന ദേശിയ ഹൈവേ 66 (NH66)ന്‍റെ satellite view നമുക്ക് സന്ദർശിക്കാം
ഈ ഹൈവേയ്ക്ക് ചിത്രത്തിൽ നല്കിയ ഹൈവേയുമായി യാതൊരു സാദൃശ്യവുമില്ല എന്ന് sattelite view സന്ദർശിച്ചാൽ മനസ്സിലാകും. . പന്തിരാങ്കാവിന്റെ അടുത്തുള്ള ഒരു റോഡിനു പോലും ഈ റോഡുമായി സാദൃശ്യം കാണാനില്ല..
Wikipedia | Archived Link |
Highways Of Poland | Archived Link |
നിഗമനം
ഈ പോസ്റ്റ് വ്യാജമാണ്. പോസ്റ്റിൽ പറഞ്ഞിരിക്കുന്ന, കോഴിക്കോട് പന്തിരാങ്കാവിന്‍റെ അടുത്തുള്ള റോഡല്ല ചിത്രത്തിൽ കാണുന്ന റോഡ്. പകരം പോളണ്ടിലുള്ള ഒരു എക്‌സ്പ്രസ് വേയുടെ ചിത്രമാണിത്. അതിനാൽ പ്രിയ വായനക്കാർ ഇത് ദയവായി ഷെയർ ചെയ്യരുതെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:ഈ ഹൈവേ കോഴിക്കോട് പന്തിരാങ്കാവിന്‍റെ അടുത്തുള്ളതാണോ…?
Fact Check By: Harish NairResult: False
