
പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. തുടർന്ന് അദ്ദേഹം ട്വിറ്ററിൽ ഇതേക്കുറിച്ച് ചിത്രങ്ങളും കുറിപ്പും പങ്കുവയ്ക്കുകയും ടൂറിസം പ്രമോഷന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതിനുശേഷം ലക്ഷദ്വീപിലെ അഗത്തി ഐലൻഡിലെ വിമാനത്താവളത്തിന്‍റെ പുതിയ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.
പ്രചരണം
ലക്ഷദ്വീപിലെ നവീകരിച്ച അന്താരാഷ്ട്ര ആദ്യ വിമാനം ലാന്‍റ് ചെയ്യുന്നുവെന്ന് അവകാശപ്പെട്ട വീഡിയോ ആണ് പ്രചരിക്കുന്നത്. വിമാനത്തിനുള്ളിലിരുന്നു തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണിത് എന്ന് അനുമാനിക്കുന്നു ഒപ്പമുള്ള വിവരണം ഇങ്ങനെ: “ലക്ഷദ്വീപിലെ അഗത്തി ഐലന്റിൽ അന്താരാഷ്ട്ര നിലവാരത്തിൽ എയർപോർട്ടും റൺവേയും നവീകരിച്ചതിന് ശേഷം ആദ്യമായി ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നു 🥰🔥
ഇതാണ് മോദിയുടെ ഗ്യാരന്റി ❤️”
എന്നാൽ രണ്ടുവർഷം പഴക്കമുള്ള വീഡിയോ ആണിതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. വിമാനത്താവളം ഈ അടുത്തകാലത്തൊന്നും നവീകരിച്ചിട്ടില്ല.
വസ്തുത ഇതാണ്
വീഡിയോ ദൃശ്യങ്ങളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോ 2021 ജൂലൈ 30ന് ഒരു യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചതായി കാണാൻ സാധിച്ചു.

ലക്ഷദ്വീപിലെ അഗത്തി എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്നു എന്ന അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. അകത്തി വിമാനത്താവളം വിപുലീകരിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു എന്ന് മുൻ വ്യോമയാന വകുപ്പ് മന്ത്രിയും രാജ്യസഭാ എംപിയുമായ പ്രഭുൽ പട്ടേൽ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
“ആവേശകരമായ വാർത്ത! അഗത്തി വിമാനത്താവളത്തെ ലോകോത്തര അന്താരാഷ്‌ട്ര സൗകര്യമാക്കി മാറ്റാൻ ഇന്ത്യാ ഗവൺമെന്‍റ് പദ്ധതിയിടുന്നു. ഈ ഗെയിം ചേഞ്ചർ ലക്ഷദ്വീപിലെ ടൂറിസം, കണക്റ്റിവിറ്റി, വികസനം എന്നിവ വർദ്ധിപ്പിക്കും, ഇത് ദ്വീപുകൾക്ക് വലിയ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു.”
അഗത്തി വിമാനത്താവളത്തെ കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ 2010 ലാണ് ഒടുവിൽ നവീകരിച്ചത് എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ലഭിച്ചു. കടലിലേക്ക് റണ്‍വേ നീട്ടാന്‍ 2013 ല്‍ സര്‍ക്കാര്‍ പദ്ധതി ഇട്ടെങ്കിലും ഇതേവരെ നടപ്പിലായിട്ടില്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അഗത്തി വിമാനത്താവളത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോഴത്തെതല്ല, 2021 ജൂലൈ മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. 2010 നു ശേഷം അടുത്തകാലത്തൊന്നും വിമാനത്താവളത്തിന്‍റെ നവീകരണം നടത്തിയിട്ടില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Title:‘ലക്ഷദ്വീപിലെ അഗത്തി ഐലന്‍റിൽ നവീകരിച്ച അന്താരാഷ്ട്ര നിലവാരത്തിൽ എയർപോർട്ടും റൺവേയും’- പ്രചരിക്കുന്നത് പഴയ വീഡിയോ
Written By: Vasuki SResult: Misleading
