
വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനും ലിസ്റ്റ് പുതുക്കാനും തെരെഞ്ഞെടുപ്പിന് മുമ്പായി സർക്കാർ പൊതുജനങ്ങൾക്ക് അവസരം നൽകാറുണ്ട്. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തവർക്കുംഇപ്പോൾവോട്ട് ചെയ്യാൻ അവസരമുണ്ടെന്നും അതിനായി തെരെഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് ചലഞ്ച് എന്നൊരു സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു കൊണ്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.
പ്രചരണം
പ്രചരിക്കുന്ന കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെയാണ്: “പ്രിയമുള്ളവരെ,
👉 പോളിംഗ് ബൂത്തിൽ എത്തുമ്പോൾ വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരില്ലെന്ന് കണ്ടെത്തുമ്പോൾ, നിങ്ങളുടെ ആധാർ കാർഡോ വോട്ടർ ഐഡിയോ കാണിച്ച് സെക്ഷൻ 49P പ്രകാരം *”ചലഞ്ച് വോട്ട്”* ചോദിക്കുകയും നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുകയും ചെയ്യുക.
👉 ആരെങ്കിലും ഇതിനകം നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, *”ടെൻഡർ വോട്ട്”* ചോദിക്കുകയും നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുകയും ചെയ്യുക.
👉ഏതെങ്കിലും പോളിംഗ് ബൂത്തിൽ 14% ടെണ്ടർ വോട്ടുകൾ രേഖപ്പെടുത്തിയാൽ, അത്തരം പോളിംഗ് ബൂത്തിൽ റീപോളിംഗ് നടത്തും.
👉 വളരെ പ്രധാനപ്പെട്ട ഈ സന്ദേശം പരമാവധി ഗ്രൂപ്പുകളിലേക്കും സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യുക, കാരണം എല്ലാവരും അവരുടെ വോട്ടവകാശത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം .👏🙏👏
#ModiyudeGuarantee #Target370BJP #Target408NDA
#VikasitBharath”

എന്നാൽ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ളവർക്ക് മാത്രമേ വോട്ട് ചെയ്യാൻ അനുമതി ഉണ്ടായിരിക്കുകയുള്ളൂ.
വസ്തുത ഇങ്ങനെ
പ്രചരണത്തെ കുറിച്ച് കൂടുതൽ അറിയാൻ തെരെഞ്ഞെടുപ്പിനെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങൾ കൈകാര്യം ചെയ്യണ കണ്ണൂർ കളക്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്വിക്ക് റെസ്പോൺസ് ടീമുമായി ഫാക്റ്റ് ക്രെസൻഡോ ബന്ധപ്പെട്ടു. അവിടെ നിന്നും ഉദ്യോഗസ്ഥൻ അറിയിച്ചത് ഇങ്ങനെയാണ്: തെറ്റായ പ്രചരണമാണിത്. ചലഞ്ച് വോട്ട് എന്നാൽ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് വോട്ട് ചെയ്യാനുള്ള സംവിധാനമല്ല.
ഇക്കാര്യം വ്യക്തമാക്കി കണ്ണൂർ ജില്ലാ കളക്റ്ററുടെ പേജിൽ അറിയിപ്പ് നൽകിയിരുന്നു.

വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലെങ്കില്‍ വോട്ടു ചെയ്യാൻ സാധിക്കുമോ ?
വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്തവര്‍ക്ക് വോട്ടു ചെയ്യാനാകില്ല. ദി കണ്ടന്റ് ഓഫ് ഇലക്ഷന്‍ റൂള്‍സ് 1961′ പ്രകാരം ‘ചലഞ്ച്ഡ് വോട്ട് ‘ എന്താണെന്ന് പറയുന്നുണ്ട്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാതെ വന്നാല്‍ വോട്ട് ചെയ്യാന്‍ ഈ വയ്പ്പ് പ്രകാരം സാധ്യമല്ല. വോട്ടു രേഖപ്പെടുത്താന്‍ എത്തിയ ആളെപ്പറ്റി പോളിംഗ് ഏജന്റിന് സംശയം തോന്നിയാല്‍ ചലഞ്ച് വോട്ട് അനുവദിക്കുന്നതാണ്. ഇതിനായി രണ്ട് രൂപ കെട്ടിവക്കണം. വോട്ട് ചലഞ്ച് ചെയ്താല്‍ പ്രിസൈഡിംഗ് ഓഫിസര്‍ അന്വേഷണം നടത്തി തീര്‍പ്പ് കല്‍പ്പിക്കും. പ്രിസൈഡിംഗ് ഓഫിസറുടെ അന്വേഷണത്തില്‍ ഐഡന്റിറ്റി തെളിയിക്കാനായില്ലെങ്കില്‍ വോട്ടര്‍ക്ക് പിന്നെ വോട്ടു ചെയ്യാനാകില്ല. സെക്ഷന്‍ 49P പ്രകാരം ചലഞ്ച് വോട്ടിന് അവകാശമുണ്ടെന്ന വിവരണം അതിനാൽ പൂർണ്ണമായും തെറ്റാണ്. ചലഞ്ച് വോട്ട് വ്യക്തമാക്കുന്ന ഇലക്ഷന്‍ നിയമാവലി:

ഇനി പോസ്റ്റിൽ പ്രതിപാദിക്കുന്ന ടെണ്ടർ വോട്ട് എന്താണെന്ന് നോക്കാം. വോട്ടര്‍ അറിയാതെ മറ്റാരെങ്കിലും അയാളുടെ വോട്ട് ചെയിതിട്ടുണ്ടെങ്കില്‍ അയാൾക്ക് വോട്ട് ചെയ്യാനുള്ള അപേക്ഷയാണ് ‘ടെന്‍ഡേര്‍ഡ് വോട്ട്. തിരഞ്ഞെടുപ്പ് ചട്ടം 42 അനുസരിച്ച്, ആരെങ്കിലും തന്റെ വോട്ട് ചെയ്തതായി വോട്ടര്‍ മനസിലാക്കിയാല്‍ ഇക്കാര്യം പ്രിസൈഡിംഗ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്താവുന്നതാണ്. പ്രിസൈഡിംഗ് ഓഫിസറുടെ അന്വേഷണത്തില്‍ പരാതി ന്യായമാണെന്ന് ബോധ്യപ്പെട്ടാല്‍ വോട്ട് ചെയ്യാന്‍ അവസരം നല്കും. ബാലറ്റ് പേപ്പറിലാണ് ‘ടെന്‍ഡേര്‍ഡ് വോട്ട്’ ചെയ്യുന്നത്. ഇതിനായി ‘ഫോം 15 പൂരിപ്പിച്ച് നല്‍കണം.

വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തവർക്ക് വോട്ട് ചെയ്യാനുള്ള സംവിധാനമാണ് ചലഞ്ച് വോട്ട് എന്ന പ്രചരണം ഇതിന് മുമ്പും വന്നിരുന്നു. 2022 ൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ തെറ്റായ പ്രചരണമാണിതെന്ന് വിശദീകരണം നൽകിയിരുന്നു.
നിഗമനം
പോസ്റ്റിലെ പ്രചരണംതെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. വോട്ടേഴ്സ് പട്ടികയിൽ പേരില്ലാത്തവർക്ക് വോട്ട് ചെയ്യാനുള്ള സംവിധാനമാണ് ചലഞ്ച് വോട്ട് എന്ന പ്രചരണം പൂർണ്ണമായും തെറ്റാണ്. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തവർക്ക് വോട്ട് ചെയ്യാനാകില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
URL വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Title:വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തവർക്ക് ചലഞ്ച് വോട്ട് സംവിധാനം വഴി വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ല..
Written By: Vasuki SResult: False
