മുന്‍മന്ത്രിയും നിലവില്‍ തവനൂര്‍ എം‌എല്‍‌എയുമായ കെ‌ടി ജലീല്‍ അയോധ്യ രാമക്ഷേത്രം സന്ദര്‍ശിച്ചുവെന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

പ്രചരണം

ബിജെപിയില്‍ നിന്നുള്ള ബിജെപി നേതാവ് പ്രവീണ്‍ തിവാരിക്ക് ഹസ്തദാനം നല്‍കിക്കൊണ്ട് കെ‌ടി ജലീല്‍ ക്ഷേത്ര പരിസരത്ത് നില്‍ക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഇത് അയോധ്യ ക്ഷേത്രമാണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “അയോദ്ധ്യ യിലെ രാമക്ഷേത്രം സന്ദർശിച്ച കെ ടി ജലീൽ ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തീവാരിയോടൊപ്പം”

എന്നാല്‍ കെ‌ടി ജലീല്‍ നില്‍ക്കുന്നത് അയോധ്യ രാമക്ഷേത്രത്തില്‍ അല്ലെന്നും കൂടെയുള്ളത് പ്രവീണ്‍ തിവാരി അല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ വിശദാംശങ്ങള്‍ക്കായി കെ‌ടി ജലീലിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ അദ്ദേഹം ഈയിടെ അബുദാബിയില്‍ പുതുതായി പണികഴിപ്പിച്ച ഹിന്ദു ക്ഷേത്രമായ ബോചസൻവാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായൺ സൻസ്ത (BAPS) സന്ദര്‍ശിച്ച സമയത്തെ ചിത്രമാണിത് എന്നു വ്യക്തമായി.

അബുദാബി ക്ഷേത്രം സന്ദര്‍ശിച്ച വിശേഷങ്ങള്‍ അദ്ദേഹം ഒരു കുറിപ്പായി ഇതേ ചിത്രം ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തിന്‍റെ വിവിധ ചിത്രങ്ങള്‍ വേറെയുമുണ്ട്.

മാത്രമല്ല, കെ‌ടി ജലീലിന്‍റെ കൂടെ നില്‍ക്കുന്നത് പ്രവീണ്‍ തിവാരി അല്ല, ബി‌ജെ‌പിആക്ക് ഈ പേരില്‍ നേതാക്കളില്ല. പ്രവീണ്‍ തിവാരി എന്ന പേരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനുണ്ട്. കെ‌ടി ജലീലിന്‍റെ സന്ദര്‍ശന കുറിപ്പില്‍ കൂടെ നില്‍ക്കുന്ന ആളെപ്പറ്റി സൂചനയുണ്ട്.

ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ പ്രണവ് ദേശായിയുടെ സാമൂഹ്യ മാധ്യമ അക്കൌണ്ടുകള്‍ ലഭിച്ചു. അദ്ദേഹം അബുദാബിയില്‍ താമസിക്കുന്നുവെന്നും ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന്‍റെ വോളന്‍റീര്‍ ആണെന്നും ബയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജലീലിന് ഒപ്പം നില്‍ക്കുന്നത് ഇതേ വ്യക്തി തന്നെയാണെന്ന് ചിത്രങള്‍ കണ്ടാല്‍ വ്യക്തമാകും.

ഇതല്ലാതെ അദ്ദേഹം അയോധ്യയിലെ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചതായി വാര്‍ത്തകളില്ല. കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “അബുദാബിയിലെ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം കെ‌ടി ജലീല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്ത അതേ ചിത്രം തന്നെ എടുത്താണ് അദ്ദേഹം അയോധ്യ ക്ഷേത്രം സന്ദര്‍ച്ച ചിത്രമെന്ന് ദുഷ്പ്രചരണം നടത്തുന്നത്. അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയ ഒന്നു നോക്കിയാല്‍ തന്നെ തീരാന്‍ ഉള്ളതേയുള്ളൂ ഈ സംശയം. കെ‌ടി ജലീല്‍ അയോധ്യ ക്ഷേത്രം സന്ദര്‍ശിച്ചിട്ടില്ല.”

പോസ്റ്റിലൂടെ കെ‌ടി ജലീലിനെതിരെ വ്യാജ പ്രചരണം നടത്തുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. കെ‌ടി ജലീല്‍ സന്ദര്‍ശിച്ചത് അയോധ്യ ശ്രീരാമ ക്ഷേത്രമല്ല, അബുദാബിയില്‍ ഈയിടെ പണികഴിപ്പിച്ച ബാപ്സ് ഹിന്ദു ക്ഷേത്രമാണ്. കൂടെയുള്ളത് ബി‌ജെ‌പി നേതാവല്ല, ക്ഷേത്രം വോളന്‍റിയറാണ്. അയോധ്യ ശ്രീരാമ ക്ഷേത്രവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കെ‌ടി ജലീല്‍ ബി‌ജെ‌പി നേതാവിനൊപ്പം അയോധ്യ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചുവെന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ...

Written By: Vasuki S

Result: False