സ്കൂളിലെ ബക്രീദ് ആഘോഷത്തിന്‍റെ പഴയ വീഡിയോ ഉപയോഗിച്ച്, കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കര്‍ണ്ണാടക സ്കൂളുകളില്‍ ഖുറാന്‍ പഠനം നിര്‍ബന്ധമാക്കിയെന്ന് വ്യാജ പ്രചരണം… 

രാഷ്ട്രീയം | Politics വര്‍ഗീയം

ബി‌ജെ‌പിയുടെ മേല്‍ മികച്ച വിജയം കരസ്ഥമാക്കി കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ 2023 മെയ് 20 നാണ് കർണാടകയില്‍  അധികാരമേറ്റത്. കോണ്‍ഗ്രസ്സ് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും ഇസ്ലാം തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും പ്രതിപക്ഷമായ ബി‌ജെ‌പി നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഖുറാൻ പാരായണം സര്‍ക്കാര്‍ നിർബന്ധമാക്കിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. 

പ്രചരണം 

യൂണിഫോം ധരിച്ച സ്കൂൾ കുട്ടികൾ നിരനിരയായി കൈകൂപ്പി ഇരുന്ന് ഇസ്‌ലാമിക സൂക്തങ്ങള്‍ ഉറക്കെ ചൊല്ലുന്നതും ബക്രീദ് ആഘോഷം എന്താണെന്നും ഇസ്ലാമില്‍ അതിന്‍റെ പ്രാധാന്യം എന്താണെന്നും ഒരു പെണ്‍കുട്ടി വേദിയില്‍ മൈക്കിലൂടെ വിവരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ‘കര്‍ണാടക സ്കൂള്‍ ഓണ്‍ ബക്രീദ്, ദ തീം ഓഫ് ബക്രീദ്’-എന്നിങ്ങനെയില്ല എഴുത്തുകള്‍ ദൃശ്യങ്ങള്‍ക്ക് മുകളില്‍ കാണാം

കോണ്‍ഗ്രസ്സ് അധികാരത്തിലേറിയ ശേഷം കര്‍ണ്ണാടക സ്കൂളുകളില്‍ ഇസ്ലാം മത പഠനം നിര്‍ബന്ധമാക്കിയതിന്‍റെ ഉദാഹരണമാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “*കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ എല്ലാ സ്കൂളുകളിലും ഖുറാൻ പഠിപ്പിക്കൽ നിർബന്ധമാക്കി.*

എന്നാൽ സ്കൂളുകളിൽ ഗീതയും രാമായണവും പഠിപ്പിക്കണമെന്നത് ഒരിക്കലും നിർബന്ധമാക്കിയിരുന്നില്ല!

*സൗജന്യ ബസ് ടിക്കറ്റും 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും കാരണമാണ് ഹിന്ദുക്കൾ ബിജെപി സർക്കാരിനെതിരെ വോട്ട് ചെയ്തത്.*

*ഇപ്പോൾ കഷ്ടപ്പെടുക,️!*

*ഹിന്ദുക്കളുടെ ഈ അത്യാഗ്രഹവും സ്വാർത്ഥതയും ജാതി വിഭജനവും കാരണം എടുത്ത തെറ്റായ തീരുമാനങ്ങൾക്ക് നമ്മുടെ സഹോദരിമാരും പെൺമക്കളും കുട്ടികളും വില നൽകേണ്ടി വരുന്നു!*

*അതിനാൽ സനാതനികളെ, ഫ്രീ കഴിക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ അസ്തിത്വം ക്രമേണ ഇല്ലാതാക്കും…*”

FB postarchived link

എന്നാല്‍  തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ബക്രീദ് ആഘോഷം മാത്രമായിരുന്നു ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍  കണ്ടെത്തി.

വസ്തുത ഇതാണ് 

ഗൂഗിളിൽ കീവേര്‍ഡ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ സമാനമായ ദൃശ്യങ്ങൾ ഉള്‍പ്പെടുത്തി 2023 ജൂലൈ 1-ന് ന്യൂസ്‌ നയൻ ലൈവ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ലഭിച്ചു. 

ബക്രീദിനോട് അനുബന്ധിച്ച് കർണാടക ഹാസൻ ജില്ലയിലെ ചന്നരായ പട്ടണം ജ്ഞാനസാഗർ ഇന്‍റർനാഷണൽ പബ്ലിക് സ്‌കൂളിൽ ഖുറാൻ സൂക്തങ്ങൾ പാരായണം ചെയ്തതിനെ തുടർന്ന് വലതുപക്ഷ സംഘടനയിലെ ചിലർ എതിർപ്പ് പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സ്‌കൂൾ പ്രിൻസിപ്പൽ സുജ ഫിലിപ്പിന്‍റെ വാക്കുകള്‍ ഇങ്ങനെ: “വിദ്യാർത്ഥികളെ ആത്മീയതയിലേക്ക് പരിചയപ്പെടുത്തുക മാത്രമാണ് ഞങ്ങൾ ആഗ്രഹിച്ചത്. ഞങ്ങൾക്ക് മറ്റ് ഉദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത് തെറ്റാണെങ്കിൽ ഇനിമുതൽ അത് ചെയ്യില്ലെന്ന് ഉറപ്പ് വരുത്തും. ഞങ്ങൾ ഇവിടെ എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു. ഖുർആൻ പാരായണം ചെയ്യാൻ കുട്ടികളെ നിര്‍ബന്ധിച്ചിട്ടില്ലെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വിദ്യാർഥികളെ നമസ്‌കരിക്കാൻ പ്രേരിപ്പിച്ചതായി ആരോപണമുയർന്നിരുന്നു. മൂന്ന് മുസ്ലീം വിദ്യാർത്ഥികൾ മാത്രമാണ് നിസ്ക്കാരം നടത്തിയത്. ഇതൊരു മതേതര വിദ്യാലയമാണ്.”

ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ എന്നിങ്ങനെ എല്ലാ മതപരമായ ആഘോഷങ്ങൾക്കും സ്‌കൂളില്‍ ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിരുന്നതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കലോത്സവങ്ങളില്‍ ചരിത്രവുമായി ബന്ധപ്പെട്ട നാടകങ്ങളും വിദ്യാർഥികൾ അവതരിപ്പിക്കുമെന്ന് ഹാസൻ പോലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. 

സിയാസത്ത് ഡെയ്‌ലി പോലുള്ള മാധ്യമങ്ങളും സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്കൂളിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തതായി വാര്‍ത്തയിലുണ്ട്. 

വൈറലായ വീഡിയോ കര്‍ണാടകയിലെ ഒരൊറ്റ സ്കൂളുമായി മാത്രം ബന്ധപ്പെട്ട വിഷയമാണെന്നും സംസ്ഥാനത്തെ മറ്റ് സ്കൂളുകളുമായി ഒരു ബന്ധവുമില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കര്‍ണ്ണാകയില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍, സ്കൂളുകളില്‍ ഖുറാന്‍ പഠനം നിര്‍ബന്ധമാക്കിയതായി യാതൊരു റിപ്പോര്‍ട്ടുകളുമില്ല. സര്‍ക്കാര്‍ ഉത്തരവുമില്ല. 2023 ജൂണ്‍ മാസത്തില്‍ നടന്ന, ഒരു കൊല്ലം പഴയ  സംഭവമാണിത്. 

ദൃശ്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങൾ കർണാടകയിലെ പ്രജാവാണി ദിനപ്പത്രത്തിന്‍റെ ലേഖകന്‍ വൈഗ ജഗദീഷുമായി സംസാരിച്ചു. “തെറ്റായ പ്രചരണമാണ്. സംഭവം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു. എല്ലാ സ്കൂളുകളിലും ഖുറാന്‍ പഠനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. ഈ സംഭവം നടന്ന സ്‌കൂൾ സർക്കാർ സ്‌കൂളല്ല.”

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനുമായ ഡി‌കെ ശിവകുമാറിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ഉമാമഹേഷുമായി സംസാരിച്ചു. “പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണ് കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ നടത്തുന്നത്. സ്കൂളുകളില്‍ ഖുറാന്‍ പഠനം സര്‍ക്കാര്‍ നിര്‍ബന്ധമാക്കി എന്നൊക്കെ വെറും വ്യാജ പ്രചരണം മാത്രമാണ്. വീഡിയോയിലെ സംഭവം നടന്നത് 2023 ജൂണ്‍ മാസമായിരുന്നു. അത് സ്വകാര്യ സ്കൂളാണ്, സര്‍ക്കാരിന്‍റെതല്ല.”

നിഗമനം 

കർണാടകയിലെ സ്‌കൂളുകളിൽ ഖുർആൻ നിർബന്ധമായും പഠിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഉത്തരവിറക്കി എന്ന പ്രചരണം പൂര്‍ണ്ണമായും വ്യാജവും വർഗീയവുമാണ്. കർണാടകയിലെ ഹസ്സൻ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ 2023 ജൂണില്‍ ബക്രീദിനോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിന്‍റെ പഴയ ദൃശ്യങ്ങളാണ് കർണാടകയിലെ സ്‌കൂളുകളിൽ ഖുർആൻ നിർബന്ധമായും പഠിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഉത്തരവിറക്കി എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സ്കൂളിലെ ബക്രീദ് ആഘോഷത്തിന്‍റെ പഴയ വീഡിയോ ഉപയോഗിച്ച്, കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കര്‍ണ്ണാടക സ്കൂളുകളില്‍ ഖുറാന്‍ പഠനം നിര്‍ബന്ധമാക്കിയെന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False