CM – 2026 എന്ന നമ്പര്‍ പ്ലേറ്റുള്ള കാറിന് സമീപം വിഡി സതീശന്‍..? പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…

പ്രാദേശികം | Local രാഷ്ട്രീയം | Politics

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് അനുകൂലമായതോടെ സോഷ്യല്‍ മീഡിയയില്‍ അടുത്ത സംസ്ഥാന മന്ത്രിസഭയെ കുറിച്ചുള്ള ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിഡി സതീശന്‍ മുഖ്യമന്ത്രി ആകാനുള്ള സാധ്യതയുണ്ടെന്ന് ചിലര്‍ നിരീക്ഷിക്കുന്നു. ഇതിനെ പരിഹസിച്ച് ഒരു ചിത്രം പ്രചരിക്കുന്നത്  ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. 

പ്രചരണം 

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ CM – 2026 എന്ന നമ്പര്‍ പ്ലേറ്റുള്ള ഗവണ്‍മെന്‍റ് ഓഫ് കേരളയുടെ വാഹനത്തിന് സമീപം നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  ഭാവി മുഖ്യമന്ത്രിയാകാനുള്ള അദ്ദേഹത്തിന്‍റെ തയ്യാറെടുപ്പാണ് ഇതെന്ന് പരിഹച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.  ഇത്  സൂചിപ്പിച്ച് കാറിന്‍റെ നമ്പര്‍ നോക്കെടാ എന്ന് താഴെ എഴുതിയിട്ടുണ്ട്. 

A screenshot of a person walking next to a carAI-generated content may be incorrect.

FB postarchived link

എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രത്തിലെ കാറിന്റെ നമ്പര്‍ എഡിറ്റഡ് ആണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.  

വസ്തുത ഇതാണ് 

ഞങ്ങള്‍ ചിത്രത്തിന്‍റെ  റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍  വി ഡി സതീശന്‍റെ   ഫെയ്സ്ബുക്ക്എക്സ് ഹാന്‍റിലുകളില്‍നിന്ന് ഇതേ ചിത്രം ലഭിച്ചു. ഇന്ദിരാഭവന്‍ ഡല്‍ഹി എന്ന അടിക്കുറിപ്പോടെ 2025 ഫെബ്രുവരി 28 നാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

A screenshot of a person walking down a sidewalkAI-generated content may be incorrect.

എന്നാല്‍ ചിത്രത്തിലെ വാഹനത്തിന്‍റെ നമ്പറിന് മാറ്റമുണ്ട്. DL2 CBB 7552 എന്ന നമ്പറാണ് യഥാര്‍ത്ഥ ചിത്രത്തിലെ കാറിനുള്ളത്. അതായത്  വാഹനത്തിന്‍റെ നമ്പര്‍ എഡിറ്റ് ചെയ്തതാണ് എന്ന് വ്യക്തം.  

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ വിഡി സതീശന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. എഐസിസി യോഗത്തിനായി ഡല്‍ഹിയില്‍ പോയപ്പോഴുള്ള ഫോട്ടോ ആണിതെന്നും കേരള സര്‍ക്കാരിന്‍റെ വാഹനം തന്നെയാണ്, ഡല്‍ഹി രജിസ്ട്രേഷനിലാണ് ഡല്‍ഹിയില്‍ സഞ്ചരിക്കുന്നത് എന്നും അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം വ്യക്തമാക്കി.   

പ്രചരിക്കുന്ന കാറിന്‍റെ ചിത്രത്തിലെ നമ്പറിനെ കുറിച്ച് കൂടുതലറിയാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ  വാഹന്‍ വെബ്സൈറ്റില്‍ തിരഞ്ഞു. അതിലെ വിവരങ്ങള്‍ പ്രകാരം ഈ നമ്പര്‍ ഒരു മോട്ടോര്‍ ബൈക്കിന്‍റെതാണ്. തിരുവനന്തപുരം ആര്‍ടിഒയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത യമഹ എഫ്ഇസഡ്എസ് ബൈക്കാണ് ഈ നമ്പറിലുള്ളത്. 

A screenshot of a computerAI-generated content may be incorrect.

എഡിറ്റ് ചെയ്ത ചിത്രമുപയോഗിച്ച് വ്യാജപ്രചരണം നടത്തുകയാണെന്ന് .  അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഭാവി മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പില്‍ CM – 2026 എന്ന നമ്പര്‍ പ്ലേറ്റുള്ള കാറിന്‍റെ സമീപത്ത് നില്‍ക്കുന്ന ചിത്രത്തില്‍ കാറിന്‍റെ നമ്പര്‍ പ്ലേറ്റ്  എഡിറ്റഡ് ആണ്. DL2 CBB 7552 എന്ന നമ്പറാണ് യഥാര്‍ത്ഥ ചിത്രത്തിലെ കാറിനുള്ളത്, ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ വച്ച് പകര്‍ത്തിയതാണ് യഥാര്‍ത്ഥ ചിത്രം. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:CM – 2026 എന്ന നമ്പര്‍ പ്ലേറ്റുള്ള കാറിന് സമീപം വിഡി സതീശന്‍..? പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…

Written By: Vasuki S  

Result: Altered