
വിവരണം
പ്രിയങ്ക ഗാന്ധി വയനാട് യുഡിഎഫ് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം വലിയ റോഡ് ഷോയായിട്ടാണ് പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്ക എത്തിയത്. തേയില തോട്ടങ്ങളും തോട്ടങ്ങളിലെ തൊഴിലാളികളും ധാരാളമുള്ള പ്രദേശമാണ് വയനാട്. ഈ സാഹചര്യത്തില്‍ അവരില്‍ ഒരാളായി പ്രിയങ്ക ഗാന്ധി തേയില നുള്ളുന്നു എന്ന പേരില്‍ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിമനൊഹരം വയനാട് എന്ന തലക്കെട്ട് നല്‍കി പ്രയിങ്ക ഗാന്ധി തോട്ടം തൊഴിലാളിക്കൊപ്പം തേയില കൊട്ടയേന്തി അവരോട് കുശലം പറയുന്ന ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അഷ്റഫ് നാലകത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ ചിത്രത്തിന് 6,000 ല്‍ അധികം റിയാക്ഷനുകളും 241ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ചിത്രം പ്രിയങ്ക ഗാന്ധി വയനാട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോഴുള്ളതാണോ? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഈ ചിത്രം സഹിതം പ്രസിദ്ധീകരിച്ച മനോരമ ഓണ്‍ലൈന്‍റെ ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. 2021 മാര്‍ച്ച് രണ്ടിനാണ് മനോരമ ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. സാരിയുടുത്ത്, കുട്ട തലയിൽ താങ്ങി തേയില തൊഴിലാളികൾക്കൊപ്പം പ്രിയങ്ക എന്നതാണ് വാര്‍ത്തയുടെ തലക്കെട്ട്. എന്നാല്‍ ഇത് കേരളം അല്ലായെന്നതാണ് യാതാര്‍ത്ഥ്യം. അസാമില്‍ 2021ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി അസാമില്‍ സന്ദര്‍ശനം നടത്തിയ പ്രിയങ്ക ഗാന്ധിയുടെ ചിത്രമാണിത്.
പ്രിയങ്ക ഗാന്ധി തന്നെ 2021 മാര്‍ച്ച് 2ന് ഇതെ ചിത്രവും കൂടാതെ മറ്റ് ചില ചിത്രങ്ങളും എക്‌സില്‍ പങ്കുവെച്ചതായും കണ്ടെത്താന്‍ കഴിഞ്ഞു. എഎന്‍ഐ വാര്‍ത്ത ഏജന്‍സിയും പ്രിയങ്ക അസാമിലെ ബിശ്വന്തിലെ സദ്ധുരു തേയില തോട്ടം സന്ദര്‍ശിച്ച വീഡിയോ എക്‌സില്‍ പങ്കുവെച്ചതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് –
പ്രിയങ്ക ഗാന്ധി 2021 മാര്‍ച്ച 2ന് എക്‌സില്‍ പങ്കുവെച്ച ചിത്രങ്ങള്‍ കാണാം –
ഇതിന്‍റെ വീഡിയോ എഎന്‍ഐ എക്‌സില്‍ പങ്കുവെച്ചത് കാണാം –
നോര്‍ത്ത് ഈസ്റ്റ് നൗ എന്ന വാര്‍ത്ത വെബ്‌സൈറ്റിലും ഇതെ ചിത്രം സഹിതം പ്രിയങ്കയുടെ അസാം സന്ദര്‍ശനത്തെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് വായിക്കാം.
നിഗമനം
പ്രചരിക്കുന്ന ചിത്രം വയനാട്ടിലെ അല്ലായെന്നും അസാമിലെയാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
