‘എന്നെ ജയിപ്പിച്ചത് ആര്‍‌എസ്‌എസുകാരാണ്-കെ സുധാകരന്‍’ എന്ന തലക്കെട്ടില്‍ മനോരമ ദിനപ്പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത എന്ന തരത്തില്‍ പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം… 

False Political

നവംബര്‍ 13 ന് നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പരസ്യമായി അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്സ് പക്ഷത്തുണ്ടായിരുന്ന ഡോ. കെ. സരിന്‍ സി‌പി‌എമ്മില്‍ ചേരുകയും നീക്കങ്ങള്‍ക്ക് ഒടുവില്‍ പാലക്കാട് എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായി മാറുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ കെ‌പി‌പി‌സി‌സി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരനുമായി ബന്ധപ്പെട്ട് ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. 

പ്രചരണം 

എന്നെ ജയിപ്പിച്ചത് ആര്‍‌എസ്‌എസ് കാരാണ് എന്ന തലക്കെട്ടില്‍ കെ സുധാകരനെ പറ്റി മലയാള മനോരമ ദിനപ്പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചതായി അവകാശപ്പെട്ട് വാര്‍ത്തയുടെ പത്ര കട്ടിങ് ആണ് പ്രചരിക്കുന്നത്. 

FB postarchived link

എന്നാല്‍ പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

പ്രചരിക്കുന്ന പത്ര കട്ടിങ് ഏറെ പഴക്കമുള്ളതും ബ്ലാക്ക് ആന്‍റ് വൈറ്റ് മാത്രമുണ്ടായിരുന്ന കാലത്തേതുമാണ് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. മനോരമ ഉള്‍പ്പെടെയുള്ള കേരളത്തിലെ മലയാള വാര്‍ത്താ മാധ്യമങ്ങള്‍ മലയാളം വാക്കുകള്‍ക്കിടെ ഇംഗ്ലിഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് തലക്കെട്ടുകള്‍ നല്‍കാറില്ല. പ്രസ്തുത തലക്കെട്ടിലുള്ള ഫോണ്ടും പത്രത്തിലെ വാര്‍ത്തകളുടെ മറ്റ് ഫോണ്ടും രണ്ടും വ്യത്യസ്തമാണ്. അക്ഷരത്തെറ്റുമുണ്ട്. 

മനോരമ ദിനപ്പത്രത്തിന്റെ പ്രസ്തുത പേജിനെ കുറിച്ച് മനോരമയുടെ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഈ പേപ്പര്‍ കട്ടിങ് 1977 ഏപ്രില്‍ 26 ന് AK ആന്‍റണി മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രസിദ്ധീകരിച്ചതാണെന്ന് വ്യക്തമാക്കി. 1977 ഏപ്രില്‍ 27 നായിരുന്നു ആന്‍റണിയുടെ സ്ഥാനാരോഹണ ചടങ്ങ്. 

മനോരമയുടെ ഓഫീസില്‍ നിന്നും പങ്കുവച്ച പ്രസ്തുത പത്രം താഴെ കാണാം.

ഈ ചിത്രം എഡിറ്റ് ചെയ്താണ് വ്യാജ പ്രചരണം നടത്തുന്നത്. 

നിഗമനം 

മനോരമ ദിനപ്പത്രം 1977 ഏപ്രില്‍ 26 നു പ്രസിദ്ധീകരിച്ച ഒന്നാം പേജ് എഡിറ്റ് ചെയ്ത് അതില്‍ കെ സുധാകരന് എതിരായി, എന്നെ ജയിപ്പിച്ചത് ആര്‍‌എസ്‌എസ് കാരാണ് എന്ന തലക്കെട്ട് കൂട്ടിചേര്‍ത്ത് വ്യാജ പ്രചരണം നടത്തുകയാണ്. എന്നെ ജയിപ്പിച്ചത് ആര്‍‌എസ്‌എസ് കാരാണ് എന്ന തലക്കെട്ടില്‍ മനോരമ വാര്‍ത്ത പ്രസീദ്ധീകരിച്ചിട്ടില്ല.