
ഒരു പുള്ളിപ്പുലി ആൾക്കൂട്ടത്തോടൊപ്പം നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഈയിടെ വൈറലാകുന്നുണ്ട്.
പ്രചരണം
ഒരു പുള്ളിപ്പുലിയെ ഒരു സംഘം ആളുകൾ വഴിയിലൂടെ നടത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പുലി സാധാരണയില്‍ നിന്നു വ്യത്യസ്തമായി വളരെ ശാന്തതയോടെയാണ് പെരുമാറുന്നത്. ആളുകള്‍ പുലിയെ തൊട്ട് സെൽഫിയെടുക്കുന്നതും കാണാം. പുള്ളിപ്പുലി ഒന്നിനോടും പ്രതികരിക്കുന്നില്ല. പുലി മദ്യപിച്ചിട്ടുണ്ട് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഒരു പുള്ളിപ്പുലി ഒരു വാറ്റ് കേന്ദ്രത്തിൽ കയറി മദ്യം കുടിച്ചു.. അതിന് ശേഷം താൻ പുലിയാണെന്ന കാര്യം മറന്നു പോയി. ഗ്രാമവാസികൾ അവനെ വനത്തിലേക്ക് കൊണ്ടുപോയി.
മദ്യം നമ്മെ മര്യാദയുള്ളവരും, വിനയാന്വിതരും, പരിഷ്കൃതരും, നല്ല പെരുമാറ്റമുള്ളവരുമാക്കുന്നു എന്നതിൻ്റെ ജീവിക്കുന്ന ഉദാഹരണം..“
വാറ്റ് കേന്ദ്രത്തില്‍ കയറി മദ്യം കഴിച്ച് മയങ്ങിക്കിടക്കുന്ന പുള്ളിപ്പുലി ആണിതെന്നാണ് അവകാശവാദം. എന്നാല്‍ പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. പുള്ളിപ്പുലിയുടെ ആരോഗ്യനില മോശമായിരുന്നു.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ സംഭവത്തിന്റെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ 2023 ഓഗസ്റ്റ് 31-ന് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു. റിപ്പോർട്ട് അനുസരിച്ച്, മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ഇകലേര വനത്തിന് സമീപമാണ് സംഭവം. ആദ്യം ഈ പുള്ളിപ്പുലിയെ കണ്ടപ്പോള്‍ ആളുകൾക്ക് ഭയന്നു. എന്നാൽ ശാന്തമായ നിലയിൽ കണ്ടതോടെ അവർ അതിനെ വളയുകയും സെൽഫിയെടുക്കുകയും ശല്യപ്പെടുത്തുകയും ചെയ്തു.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ രക്ഷപ്പെടുത്തി. വിവരമനുസരിച്ച്, മൃഗം രോഗിയായിരുന്നു. ഇൻഡോർ മൃഗശാലയിലേക്ക് കൊണ്ടുപോയി ചികിത്സയ്ക്കു വിധേയമാക്കി. ന്യൂറോട്ടിക് രോഗമായിരുന്നു പുലിക്ക് എന്നാണ് ഡോക്ടർ പറയുന്നത്. ഈ രോഗത്തിന് അടിമപ്പെട്ട മൃഗങ്ങൾ അവരുടെ സ്വത്വം മറക്കുന്നു. പിടിഐ ന്യൂസ് അവരുടെ X ഹാന്റിലില്‍ 2023 ഓഗസ്റ്റ് 30 നു വനംവകുപ്പ് അധികൃതരുടെ വിശദീകരണത്തോടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതേ സംഭവത്തിന്റെ മറ്റൊരു റിപ്പോർട്ട് ടിവി9 ഭാരതവർഷിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും കണ്ടെത്തി.
ഈ സംഭവത്തെക്കുറിച്ച് കൂടുതലറിയാൻ, ഞങ്ങള്‍ ഇൻഡോർ മൃഗശാലയുമായി ബന്ധപ്പെട്ടു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റായിരുന്നുവെന്ന് അവർ അറിയിച്ചു. കനൈൻ ഡിസ്റ്റംപർ എന്നറിയപ്പെടുന്ന ന്യൂറോട്ടിക് രോഗത്താൽ പുള്ളിപ്പുലി ഗുരുതരാവസ്ഥയിലായിരുന്നു. ഇത് വളരെ ഗുരുതരമായ രോഗമാണ്, അതിൽ നിന്ന് അതിജീവിക്കുന്നത് മിക്കവാറും അസാധ്യമാണ്. ഇൻഡോർ മൃഗശാലയിൽ ചികില്‍സിച്ച ശേഷം പുലിയെ പിന്നീട് വനംവകുപ്പിന് കൈമാറി.
നിഗമനം
ദൃശ്യങ്ങളില്‍ കാണുന്ന പുള്ളിപ്പുലി മദ്യപിച്ചിരുന്നില്ല. കനൈൻ ഡിസ്റ്റംപർ എന്നറിയപ്പെടുന്ന ന്യൂറോട്ടിക് രോഗ ബാധിതനായി അലഞ്ഞു നടക്കുന്ന പുള്ളിപ്പുലിയെ നാട്ടുകാര്‍ ശല്യപ്പെടുത്തുന്ന ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മദ്യപിച്ച നിലയില്‍ പുള്ളിപ്പുലി..? വ്യാജ പ്രചരണത്തിന്റെ സത്യമിങ്ങനെ…
Written By: Vasuki SResult: False
