
മുസ്ലിങ്ങൾ ഒരു കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് കല്ലേറ് നടത്തുന്നു എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ഇന്ത്യയിലേതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ചിലർ ഒരു കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് കല്ലേറ് നടത്തുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇജ്ജാതി ജന്തുക്കളെ പാകിസ്താനിലേക്ക് കയറ്റി വിട്ടാലേ ഈ രാജ്യം നന്നാകൂ.. ഇവരെ സൃഷ്ടിച്ച മെഷീനുകൾ അടക്കം കയറ്റി വിടണം….😡”
എന്നാൽ ശരിക്കും ഈ ദൃശ്യങ്ങൾ ഇന്ത്യയിൽ നടന്ന ഏതെങ്കിലും വർഗീയ കലാപത്തിൻ്റെതയാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയിൽ ഹബിഗഞ്ച് എന്ന് എഴുതിയിട്ടുണ്ട്. ഞങ്ങൾ ഈ സ്ഥലത്തെ കുറിച്ച് ഗൂഗിളിൽ അന്വേഷിച്ചപ്പോൾ ഇത് ബംഗ്ലാദേശിലെ ഒരു നഗരത്തിൻ്റെ പേരാണെന്ന് കണ്ടെത്തി.
ഞങ്ങൾ ഹബിഗഞ്ച് ഗൂഗിൾ സ്ട്രീറ്റ് വ്യൂയിൽ പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് വീഡിയോയിൽ കാണുന്ന പള്ളി കണ്ടെത്തി. ഈ പള്ളിയുടെ പേര് ബൈതുൽ അമൻ ജാമേ മസ്ജിദ് എന്നാണ്. ഈ പള്ളിയുടെ സ്ട്രീറ്റ് വ്യൂ നമുക്ക് താഴെ കാണാം.
ഈ സ്ട്രീറ്റ് വ്യൂയിൽ കാണുന്ന ബൈത്തുൽ അമൻ ജാമേ മസ്ജിദ് വൈറൽ വീഡിയോയിൽ കാണുന്ന പള്ളി തന്നെയാണെന്ന് നമുക്ക് താഴെ നൽകിയ താരതമ്യം കണ്ടാ വ്യക്തമാകും.
വീഡിയോയിൽ കാണുന്ന മറ്റൊരു കെട്ടിടവും നമുക്ക് സ്ട്രീറ്റ് വ്യൂയിൽ കാണാം. ഈ കെട്ടിടവും സ്ട്രീറ്റ് വ്യൂവിൽ കാണുന്ന കെട്ടിടവും തമ്മിൽ താരതമ്യം താഴെ നൽകിയിട്ടുണ്ട്.
ഗൂഗിൾ റിവേഴ്സ് ഇമേജ് അന്വേഷണത്തിൽ ഈ വീഡിയോ കഴിഞ്ഞ കൊല്ലം മുതൽ പ്രചരിപ്പിക്കുന്നുണ്ട് എന്ന് വ്യക്തമാകുന്നു. പക്ഷെ വീഡിയോയിൽ കാണുന്ന സംഭവത്തെ കുറിച്ച് യാതൊരു വാർത്തയും ഞങ്ങൾ കണ്ടെത്തിയില്ല. അതിനാൽ ഈ സംഭവത്തിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. പക്ഷെ സംഭവം ബംഗ്ലാദേശിലേതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
നിഗമനം
സമൂഹ മാധ്യമങ്ങളിൽ ഇന്ത്യയിൽ മുസ്ലിംകൾ നടത്തുന്ന കലാപം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ ബംഗ്ലാദേശിലെ ഹബിഗഞ്ചിൽ നടന്ന ഒരു സംഭവത്തിൻ്റെതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗ്ലാദേശിലെ ദൃശ്യങ്ങൾ ഇന്ത്യയിൽ മുസ്ലിങ്ങൾ നടത്തുന്ന കല്ലേറ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Written By: Mukundan KResult: Misleading
