ഡല്‍ഹിയില്‍ പോലീസിനു നേരെ അക്രമം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ അസ്സമിലേത്… സത്യമറിയൂ…

False ദേശീയം | National രാഷ്ട്രീയം | Politics

ഡല്‍ഹിയില്‍ ബിജെപി മന്ത്രിസംഭ അധികാരത്തില്‍ വന്നിട്ട് ഏകദേശം ഒരു മാസം പിന്നിടുന്നു. കേന്ദ്ര ഭരണത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ പിന്തുണ ഉള്ളതിനാല്‍ ഡല്‍ഹി ബിജെപി അനുഭാവികള്‍ അക്രമം അഴിച്ചു വിടുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം  

ആയുധധാരിയായ പോലിസ് ഉദ്യോഗസ്ഥനെ ഒരു സംഘം അക്രമികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ദൃശ്യങ്ങളാണ് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “താലിബാൻ ഭരണത്തേക്കാൾ

നല്ല ഭരണമാണല്ലോ ദില്ലിയിൽ ബിജെപി ഭരണം….

FB postarchived link

എന്നാല്‍ ഈ ദൃശ്യങ്ങള്‍ ആസ്സാമില്‍ നിന്നുള്ളതാണെന്നും ഡല്‍ഹിയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇത് ആസാമില്‍ നടന്ന സംഭവമാണെന്ന് സൂചിപ്പിക്കുന്ന ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ലഭിച്ചു. ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ “പട്ടാപ്പകൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നു! അസം പോലീസിന് സ്വന്തം ഉദ്യോഗസ്ഥരെ പോലും സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ, അവർ എന്താണ് സുരക്ഷിതമാക്കുന്നത്?” എന്ന വിവരണത്തോടെ ഒരു മാധ്യമ പ്രവര്‍ത്തക X പ്ലാറ്റ്ഫോമില്‍ പങ്കുവച്ച ഇതേ ദൃശ്യങ്ങള്‍ ലഭിച്ചു. 

പിന്നീട് കീ വേര്‍ഡ്സ് ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ സംഭവത്തെ കുറിച്ച് നല്‍കിയ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഇടിവി ഭാരത്‌ റിപ്പോര്‍ട്ട് പ്രകാരം: “നാഗോൺ: 2025 ഫെബ്രുവരി 20 ന് ധുബ്രിയിൽ നിന്നുള്ള സിറ്റിംഗ് ലോക്‌സഭാ എംപിയും മുൻ അസം മന്ത്രിയുമായ റാകിബുൾ ഹുസൈനെയും അദ്ദേഹത്തിന്‍റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാരെയും (പിഎസ്‌ഒമാർ) നാഗോൺ ജില്ലയിലെ രൂപഹിഹട്ട് പ്രദേശത്ത് ഒരു ജനക്കൂട്ടം ആക്രമിച്ചതായി ആരോപണം.

ലോക്‌സഭാ എംപി സൈദാരിയയിലേക്ക് ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യാൻ ഇരുചക്രവാഹനത്തിൽ പോകുമ്പോഴാണ് സംഭവം. രൂപഹിഹട്ട് പ്രദേശത്ത് ഒരു ജനക്കൂട്ടം എംപിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് തടയാനൊരുങ്ങി.

ക്രിക്കറ്റ് ബാറ്റുകളും ഇഷ്ടികകളും ഉപയോഗിച്ച് ജനക്കൂട്ടം തന്നെ ആക്രമിച്ചതായും തലയിൽ അടിച്ചതായും എംപി പറഞ്ഞു. മുഖം മൂടിയ അക്രമികൾ ഹുസൈന്‍റെ മകൻ തൻസിൽ ഹുസൈനെയും അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിച്ച പിഎസ്‌ഒമാരെയും ആക്രമിച്ചു. ഹുസൈൻ ഇരുചക്രവാഹനത്തിൽ നിന്ന് വീണു, പിഎസ്‌ഒമാർക്ക് പരിക്കേറ്റെങ്കിലും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. 

സിറ്റിംഗ് എംപിക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെയുണ്ടായ പട്ടാപ്പകൽ ആക്രമണത്തെ കോൺഗ്രസ് അപലപിച്ചു. ഇത് ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്‍റെ ദുർഭരണത്തിൻ കീഴിൽ സംസ്ഥാനത്തെ നിയമരാഹിത്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞു.”

സംഭവത്തെ കുറിച്ച് പോലിസ് വിശദീകരണം ഉള്‍പ്പെടുത്തി ഇന്ത്യന്‍ എക്സ്പ്രസ്സ് നല്‍കിയ വാര്‍ത്ത വീഡിയോ കാണാം: 

നാഗോണ്‍ എസ്‌പി സ്വപ്നനീല്‍ ദേക്ക വീഡിയോയില്‍ പറയുന്നത് ഇങ്ങനെ: “സിറ്റിംഗ് എംപി രാകിബുള്‍ ഹുസൈന്‍ യോഗത്തിനായി വരുമ്പോഴാണ് അക്രമമുണ്ടായത്. അപ്രതീക്ഷിത ആക്രമണത്തെ സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രതിരോധിച്ചു. എംപിയെ രക്ഷപ്പെടുത്തി, മീറ്റിംഗില്‍ അദ്ദേഹം പങ്കെടുക്കുകയുണ്ടായി. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ആകാശത്തേയ്ക്ക് വേദി ഉതിര്‍ക്കുകയുണ്ടായി. അക്രമികള്‍ക്കെതിരെ നടപടി ഉണ്ടാകുന്നതാണ്.” 

സംഭവത്തെ കുറിച്ച് അസ്സമിലെ പ്രാദേശിക മാധ്യമമായ പ്രതിബിംബ ലൈവ് ഫേസ്ബുക്ക് പേജില്‍ നല്‍കിയ ദൃശ്യങ്ങള്‍ കാണാം: 

പല മാധ്യമങ്ങളും ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാകിബുള്‍ ഹുസൈനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ എന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് പോലിസ് വ്യക്തമാക്കിഎന്ന്  മുഖ്യമന്ത്രി ഹിമാന്താ ബിശ്വാസ് ശര്‍മ അറിയിച്ചതായി ന്യൂസ്‌ 18 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

വീഡിയോ ദൃഷ്യങ്ങളില്‍ കാണുന്ന സംഭവം അസ്സമിലെതാണ്, ഡല്‍ഹിയില്‍ ഇത്തരത്തില്‍ എന്തെങ്കിലും സംഭവം നടന്നതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ല. കൂടാതെ ദൃശ്യങ്ങള്‍ അസമിലേതാണെന്ന് ഞങ്ങളുടെ അസ്സം ടീം സ്ഥിരീകരിച്ചിട്ടുണ്ട്. 

നിഗമനം 

സുരക്ഷാ ഉദ്യോഗസ്ഥനെ ജനക്കൂട്ടം മര്‍ദ്ദിക്കുന ദൃശ്യങ്ങള്‍ ഡല്‍ഹിയിലെതല്ല. 2025 ഫെബ്രുവരി 20 ന് അസ്സമിലെ നാഗോണില്‍  സിറ്റിംഗ് എംപി രാകിബുള്‍ ഹുസൈനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ജനക്കൂട്ടം അക്രമിച്ചപ്പോഴുള്ള ഈ ദൃശ്യങ്ങള്‍ക്ക് ഡല്‍ഹിയുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഡല്‍ഹിയില്‍ പോലീസിനു നേരെ അക്രമം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ അസ്സമിലേത്… സത്യമറിയൂ…

Fact Check By: Vasuki S  

Result: False