പെഹല്‍ഗാമില്‍ തീവ്രവാദികളോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട കുതിരക്കാരന് മകന്‍ അന്ത്യചുംബനം നല്‍കുന്നുവെന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

കലാപം ദേശീയം | National

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രില്‍ 22 ന് വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇതുവരെ 27 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതിനുശേഷം ഇന്ത്യ പാകിസ്ഥാനെതിരെ കർശന നിലപാട് സ്വീകരിക്കുകയും  കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി മോദി തുറന്നു പ്രഖ്യാപിച്ചിരുന്നു. വിനോദസഞ്ചാരികളെ രക്ഷിക്കാന്‍ ഭീകരരുടെ റൈഫിള്‍ പിടിച്ചു വാങ്ങി ജീവന്‍ പണയം വെച്ച് എതിരിട്ട സെയ്ദ് ആദില്‍ ഹുസൈന്‍ ഷാ വെടിയേറ്റ് മരിച്ചുപോയിരുന്നു. അദ്ദേഹത്തിന് മകന്‍ അന്ത്യ ചുംബനം അർപ്പിക്കുന്ന ഒരു ഫോട്ടോ എന്ന തരത്തില്‍ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

പൊതുദര്‍ശനത്തിന് വച്ച പിതാവിന്‍റെ മൃതശരീരത്തില്‍ ആദിലിന്‍റെ മകന്‍ നെറ്റിയിൽ അവസാനമായി ചുംബിക്കുന്നുവെന്ന് അവകാശപ്പെട്ട് വികാരഭരിതമായ ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “Godi media പറഞ്ഞ് തരാത്ത കഥകളുണ്ട് ബൈസറൻ വാലിയിൽ,

കുതിര സവാരി നടത്തി ജീവിതം നയിച്ച സയ്യിദ് ആദിൽ ഹുസൈൻ എന്ന പോരാളിയെ ഒരു Godi mediaയും പറഞ്ഞു തരില്ല.

കാശ്മീരിലെ അതിഥികൾ അക്രമിക്കപ്പെട്ടപ്പോൾ അവരെ തടുക്കാൻ ഭീകരരിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങി നേരിടാൻ ശ്രമിക്കവെ ആണ് ആദിൽ കൊല്ലപ്പെടുന്നത്.

ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ കൊല്ലപ്പെട്ട ആളുകളുടെ പേരുകൾ നോക്കിയപ്പോൾ, ആദ്യമായി ശ്രദ്ധയിൽപ്പെട്ട പേരാണ് ‘സയ്യിദ് ആദിൽ ഹുസൈൻ’.

അതൊരു മുസ്‌ലിം പേരാണ്.
ലിസ്റ്റിലെ ഒരേയൊരു മുസ്‌ലിമും അയാളാണ്.

ഭീകരന്മാർ മുസ്ലീങ്ങൾ അല്ലാത്തവരെ തെരഞ്ഞു പിടിച്ചു കൊന്നു എന്നായിരുന്നു വാർത്തകളിൽ എല്ലാം ഉണ്ടായിരുന്നത്. എന്നാൽ അവരുടെ വെടിയുണ്ടകൾക്ക് ഒരു മുസ്‌ലിമും ഇരയായിട്ടുണ്ട് എന്ന് പറഞ്ഞ് തരാൻ തുടക്കത്തിൽ പല ഭക്തചാനലുകളും മടിച്ചു.

ഒരു പാവപ്പെട്ട കശ്മീരി കുടുംബത്തിലെ അംഗമായ അയാൾ, പഹൽഗാമിൽ തന്റെ ചെറിയ കുതിരയുടെ പുറത്തു വിനോദസഞ്ചാരികളെ സവാരി കൊണ്ടുപോകുന്നതിലൂടെ ലഭിയ്ക്കുന്ന വരുമാനം കൊണ്ടാണ്, വയസ്സായ അച്ഛനും അമ്മയും, പിന്നെ ഭാര്യയും മക്കളും ഉൾപ്പെടുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്നത്.

കാഴ്ചയിൽ തന്നെ കാശ്മീരി മുസ്‌ലിം എന്ന് മനസ്സിലായത് കൊണ്ടാകാം സെയ്ത് ആദിൽ ഹുസ്സൈൻ ഷായെ ഉപദ്രവിയ്ക്കാതെ മാറ്റി നിർത്തി. ഒരു ഭീകരൻ അയാൾ സവാരി കൊണ്ട് പോയ ടൂറിസ്റ്റുകളെ ചോദ്യം ചെയ്യാൻ തുടങ്ങി അവർ മുസ്ളീം അല്ല എന്ന് തിരിച്ചറിഞ്ഞു അവരെ മാറ്റി നിർത്തി വെടി വയ്ക്കാൻ പോകുന്നതിനിടയിലാണ് ആദിൽ ആ ഭീകരന്റെ മേൽ ചാടി വീണ് തോക്ക് പിടിച്ചു വാങ്ങാൻ ശ്രമിച്ചത്. ഒരു മൽപ്പിടത്തത്തിനിടയിൽ മറ്റു ഭീകരന്മാർ കുതിച്ചെത്തി ആദിലിനെ വെടി വെച്ച് കൊന്നു.

വലിയൊരു ജനക്കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നിട്ടും, ആ ഭീകരന്മാരോട് പൊരുതാൻ ആകെ ധൈര്യം കാണിച്ചത് സെയ്ത് ആദിൽ ഹുസ്സൈൻ ഷാ മാത്രമായിരുന്നു.

ഒരുപാട് ഭീകര ആക്രമണവും, വെല്ലുവിളികളും കണ്ടു വളർന്ന കാശ്മീർ യുവത്വത്തിന്റെ രക്തത്തിലലിഞ്ഞു ചേർന്ന ധീരതയും, നിർഭയത്വവും, സഹജീവികളോടുള്ള സഹജമായ സ്നേഹവും ആകും അവനെ അതിന് പ്രേരിപ്പിച്ചത്.

അതിന്റെ ഫലമായി അവനു അവന്റെ ജീവൻ നഷ്ടപ്പെട്ടു.
ആ പാവപ്പെട്ട കുടുംബത്തിന് അവരുടെ ഒരേയൊരു ആശ്രയം നഷ്ടമായി.

മതം നോക്കി കൊലപാതകം നടത്തി വർഗ്ഗീയ അജണ്ട നടപ്പാക്കാൻ വന്ന ഭീകരന്മാർക്ക്, അത് പൂർണ്ണമായും നടപ്പാക്കാൻ കഴിയാതെ പോയി.

രാജ്യത്തിൻറെ ഏതോ പ്രദേശങ്ങളിൽ നിന്നും വന്ന അപരിചിതർക്ക് വേണ്ടി മറ്റുള്ളവർക്ക് വേണ്ടി ആ യുവാവ് രക്തസാക്ഷിത്വം വഹിച്ചപ്പോൾ, ഉയർന്നത് ഈ രാജ്യത്തിൻറെ ആത്മാവിൽ അലിഞ്ഞു ചേർന്ന മതേതരത്വത്തിന്റെ പതാകയാണ്.

കാശ്മീരിൽ ഉണ്ടായ ഭീകരാക്രമത്തിന്റെ മറവിൽ ഇന്ത്യൻ സമൂഹത്തിൽ മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കുക.

ഭീകരവാദികളെയും വിദ്വേഷ പ്രചാരകരെയും ഇന്ത്യൻ ജനത അതിജീവിക്കുക തന്നെ ചെയ്യും തീർച്ച!

FB postarchived link

എന്നാല്‍ പ്രചരിക്കുന്ന അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

പല പ്രമുഖ വ്യക്തികളും പെഹല്‍ഗാം തീവ്രവാദ ആക്രമണവുമായി ബന്ധപ്പെടുത്തി ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഏതാണ്ട് രണ്ടാഴ്ചയായി ചിത്രം അപ്‌ലോഡ് ചെയ്ത ചില സാമൂഹ്യ മാധ്യമ പോസ്റ്റുകൾ ഞങ്ങൾ കാണാന്‍ കഴിഞ്ഞു. ഗാസയിലേതെന്ന് പറഞ്ഞാണ് പലരും ചിത്രം പങ്കുവച്ചിട്ടുള്ളത്. ഏതാണ്ട് 2025 ഏപ്രില്‍ രണ്ടാംവാരം മുതല്‍ ഈ ചിത്രം ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. 

പ്രചരിക്കുന്ന ഫോട്ടോയ്ക്ക്  പഹൽഗാം ആക്രമണവുമായി യാതൊരു ബന്ധവുമില്ല. പഹല്‍ഗാം ആക്രമണം നടന്നത് 2025 ഏപ്രില്‍ 22 നായിരുന്നു. 

ഈ ഫോട്ടോ എപ്പോൾ, എവിടെയാണ് എടുത്തതെന്ന് വിശ്വസനീയമായ ഒരു രേഖകളും അന്വേഷണത്തില്‍ ലഭ്യമായില്ല.  കഴിഞ്ഞ 6 മാസമായി ഇതേ ചിത്രം ചില സാമൂഹ്യ മാധ്യമ പേജുകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്നാണ് റിവേഴ്സ് ഇമേജ് അന്വേഷത്തില്‍ ലഭിച്ച ഫലങ്ങളില്‍ നിന്നും അനുമാനിക്കാന്‍ സാധിക്കുന്നത്. 

നിഗമനം 

പഹൽഗാം അക്രമണത്തില്‍ തീവ്രവാദികളോട് എതിരിട്ട് വെടിയേറ്റ്‌ മരിച്ച കുതിരക്കാരന്‍  സെയ്ദ് ആദില്‍ ഹുസൈന്‍ ഷായ്ക്ക് മകന്‍ അന്ത്യ ചുംബനം നല്‍കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം പഴയതാണ്. ചിത്രം ഏപ്രില്‍ രണ്ടാംവാരം മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്, ചിത്രത്തിന് പഹല്‍ഗാം തീവ്രവാദ ആക്രമണവുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പെഹല്‍ഗാമില്‍ തീവ്രവാദികളോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട കുതിരക്കാരന് മകന്‍ അന്ത്യചുംബനം നല്‍കുന്നുവെന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

Fact Check By: Vasuki S 

Result: False

Leave a Reply

Your email address will not be published. Required fields are marked *