പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ പക്ഷികള്‍ കാഷ്ടിക്കുന്നതിനാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനിലെ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ റെയില്‍വേ തീരുമാനിച്ചോ?

സാമൂഹികം

വിവരണം

പക്ഷികള്‍ കാഷ്ടിക്കുന്നു, കൊച്ചിക്കാര്‍ മരങ്ങള്‍ വെട്ടിമാറ്റാന്‍ ആവശ്യപ്പെടുന്നു. എന്ന തലക്കെട്ട് (ഇംഗ്ലിഷ്) നല്‍കി ഇന്ത്യ ടൈംസ് ജൂലൈ 15ന് അവരുടെ വെബ്‌സൈറ്റില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാക്ഷരതയില്‍ ഒന്നാമത് നില്‍ക്കുന്ന മലയാളികള്‍ പ്രകൃതിയെ നശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിനെതിരെ രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തിയാണ് ഇന്ത്യ ടൈംസിന്‍റെ റിപ്പോര്‍ട്ട്. എറണാകുളം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയിലെ മരത്തണലില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ അതില്‍ കൂടുകൂട്ടിയിരിക്കുന്ന പക്ഷികള്‍ കാഷ്ടിക്കുന്നത് ട്രെയിന്‍ യാത്രക്കാര്‍ക്ക് ശല്യമായി മാറിയിരിക്കുകയാണെന്നും ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാര്‍ നിരന്തരം റെയില്‍വേ അധികാരികള്‍ക്ക് പരാതി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. എന്നാല്‍ ആദ്യം റെയില്‍വേയുടെ ഭാഗത്ത് നിന്നും തണുപ്പന്‍ പ്രതികരണമായിരുന്നെങ്കിലും ജനങ്ങളുടെ നിരന്തരം ആവശ്യത്തെ തുടര്‍ന്നു പക്ഷികള്‍ കൂടുകൂട്ടിയിരിക്കുന്ന മരങ്ങള്‍ പൂര്‍ണമായും വെട്ടിമാറ്റാന്‍ റെയില്‍വേ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഇതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും ഇന്ത്യ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷികള്‍ കാഷ്ടിച്ച നിലയിലുള്ള വാഹനങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്ന വാര്‍ത്തയ്ക്ക്  ഇതുവരെ 578ല്‍ അധികം ഷെയറുകളും 2,700ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ എറണാകുളം റെയില്‍വേസ്റ്റേഷനിലെ തണല്‍മരങ്ങള്‍ പക്ഷി കാഷ്ടിക്കുന്നു എന്ന കാരണത്താല്‍ വെട്ടിമാറ്റാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ടോ? റെയില്‍വേ അധികൃതര്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അവര്‍ അതിന് നിര്‍ബന്ധിതരായിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ടോ? വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.

Archived Link

വസ്‌തുത വിശകലനം

എറണാകുളത്തെ പ്രധാന റെയില്‍വേ സ്റ്റേഷനായ എറണാകുളം ജംക്‌ഷന്‍ (സൗത്ത്) റെയില്‍വേ സ്റ്റേഷനിലെ വിഷയത്തെ കുറിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതെസമയം സംഭവത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സ്റ്റേഷന്‍ മാനേജര്‍ ബാലകൃഷ്‌ണ പണിക്കരുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി വാര്‍ത്ത വ്യാജമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ളതായിരുന്നു.

സ്റ്റേഷന്‍ മാനേജറുടെ മറുപടി ഇപ്രകാരമാണ്-

റെയില്‍വേ സ്റ്റേഷന് മുന്‍പിലെ പ്രധാന പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളിലാണ് മരത്തില്‍ കൂടുകൂട്ടിയിരിക്കുന്ന കിളികള്‍ കാഷ്ടിക്കുന്നത്. ഇതെകുറിച്ച് നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. ഒടുവില്‍ പ്രശ്നം പരിഹരിക്കാന്‍ റൂഫിങ് ഷീറ്റ് ഇടുകയെന്ന തീരുമാനത്തിലാണ് റെയില്‍വേ എത്തി നില്‍ക്കുന്നത്. ഏകദേശം 10 അടി ഉയരത്തിലെങ്കിലും ഷീറ്റ് ഇടേണ്ടിവരുന്നതിനാല്‍ അത്രയും ഉയരത്തില്‍ തടസമായി നില്‍ക്കുന്ന ഏതാനം മരച്ചില്ലകള്‍ മാത്രമാണ് വെട്ടിമാറ്റുക. അല്ലാതെ തണല്‍ മരങ്ങള്‍ പൂര്‍ണായി വെട്ടിമാറ്റുമെന്നൊന്നും റെയില്‍വേ തീരുമാനം എടുത്തിട്ടില്ല. വലിയ രണ്ടു മരങ്ങളുടെ ചുവട്ടില്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രശ്നമുള്ളത്. ഈ പ്രദേശത്താണ് മേല്‍ക്കൂര പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണെന്നും എറണാകുളം ജംക്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ബാലകൃഷ്‌ണ പണിക്കര്‍ പറഞ്ഞു.

ഇതോടെ വാര്‍ത്തയുടെ ഉള്ളടക്കം അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. കൂടാതെ പ്രതീകാത്മകമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും വാര്‍ത്തയിലെ ചിത്രങ്ങളും വ്യാജമാണ്. 2013ല്‍ റോമില്‍ നിന്നുള്ള ചിത്രങ്ങളാണ് വാര്‍ത്തയില്‍ കൊച്ചിയിലെ അവസ്ഥയെ കുറിച്ച് കാണിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ നിന്നും ലഭിച്ച ചിത്രങ്ങള്‍. 2010 മുതല്‍ ഈ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. റോമില്‍ ദേശാടനപക്ഷികള്‍ കൂട്ടത്തോടെ പലായനം ചെയ്‌തു വന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടിനൊപ്പമുള്ള ചിത്രങ്ങളാണിത്. (ഈ ചിത്രങ്ങള്‍ ഇപ്പോള്‍ പ്രതീകാത്മകമായി ഉപയോഗിച്ചാലും തെറ്റ്ദ്ധാരണ സൃഷ്ടിക്കാന്‍ ഇടായാക്കുന്നുണ്ട്.)

https://www.sadistic.pl/ptaki-paralizujace-rzym-vt30652.htm

https://abcnews.go.com/blogs/lifestyle/2013/11/starling-dung-rains-down-on-rome/

എന്നീ വെബ്‌സൈറ്റുകള്‍ പരിശോധിക്കാം.

Archived Link

നിഗമനം

അടിസ്ഥാന രഹിതമായി വിവരങ്ങളാണ് വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. റെയില്‍വേ അധികൃതര്‍ തന്നെ വാര്‍ത്ത വ്യജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വ്യാജ വാര്‍ത്തകള്‍ കൂടുതല്‍ ഷെയര്‍ ചെയ്യാതെ ജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

Avatar

Title:പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ പക്ഷികള്‍ കാഷ്ടിക്കുന്നതിനാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനിലെ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ റെയില്‍വേ തീരുമാനിച്ചോ?

Fact Check By: Dewin Carlos 

Result: False