റോഡിലെ അഗാധ ഗര്‍ത്തത്തില്‍ ബൈക്ക് യാത്രികര്‍ വീഴുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, ശ്രിലങ്കയിലെതാണ്…
കേരളത്തിലെ റോഡുകൾ പലതും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും തെളിവുകൾ നിരത്തി പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്. അതോടൊപ്പം തന്നെ എതിർ പാർട്ടികൾ, കേരളത്തിലെ റോഡുകളുടെ ദയനീയ അവസ്ഥ അറിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമാന്തരമായി പങ്കുവെക്കുന്നുണ്ട്. കേരളത്തിലെ വെള്ളം നിറഞ്ഞ റോഡിലെ കുഴിയിലേക്ക് ഇരുചക്രവാഹനം കൂപ്പുകുത്തി വീഴുന്നു എന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.
പ്രചരണം
സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് കാണുന്നത്. ഇരുചക്ര വാഹനത്തിലേ യാത്രികരായ രണ്ടു പേർ വെള്ളം നിറഞ്ഞ റോഡിലേക്ക് മുന്നോട്ട് നീങ്ങുന്നതും പെട്ടെന്ന് വെള്ളത്തിനടിയിലെ ഗർത്തത്തിലേക്ക് താഴ്ന്നു പോകുന്നതും സമീപത്തു നിൽക്കുന്നവർ ഉടനടി രക്ഷാപ്രവർത്തനം നടത്തി അവരെ അപകടത്തിൽ നിന്നും രക്ഷിക്കുന്നതുമായ ദൃശ്യങ്ങളാണ് കാണുന്നത്.
കേരളത്തിലെ ഒരു റോഡിൽ നിന്നും ദൃശ്യങ്ങളാണിത് എന്ന് ആരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കേരളത്തിലെ ന്യൂയോർക്ക് മോഡൽ റോഡ്.”
ദൃശ്യങ്ങൾ കേരളത്തിലേതോ അല്ലെങ്കിൽ ഇന്ത്യയിലേതു പോലുമോ അല്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
വസ്തുത ഇതാണ്
ഈ അപകടം നടന്നത് കേരളത്തിലല്ല ശ്രീലങ്കയിലാണ് ശ്രീലങ്കയിലെ ഗോവഗോതതുവ എന്ന സ്ഥലത്താണ് ഈ അപകടം നടന്നത്. ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് അന്വേഷണം നടത്തി നോക്കിയപ്പോൾ അപകടവുമായി ബന്ധപ്പെട്ട ചില വാർത്തകൾ ലഭിച്ചു. ശ്രീലങ്കയിൽ നിന്നുമുള്ള ഡെയിലി മിറർ എന്ന മാധ്യമം സെപ്റ്റംബര്‍ 20 ന് പ്രസിദ്ധീകരിച്ച വാർത്തയുടെ ഉള്ളടക്കം ഇങ്ങനെ: കഴിഞ്ഞ ദിവസം ഗോതതുവ ഡ്രെയിനേജ് ബോർഡിന് സമീപം റോഡിലെ ആഴത്തിലുള്ള കുഴിയിൽ വീണ അച്ഛനും മകളും അപകടകരമായ അവസ്ഥയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. പ്രചരിക്കുന്ന വീഡിയോയില്‍ നിന്നുള്ള ചിത്രങ്ങള്‍ വാര്‍ത്താ റിപ്പോര്‍ട്ടില്‍ കാണാം:
മോട്ടോർ സൈക്കിളിൽ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. അച്ഛനും മകളും മോട്ടോർ സൈക്കിളുമായി വെള്ളം നിറഞ്ഞ ഗര്‍ത്തത്തിൽ മുങ്ങി. പെട്ടെന്നു നാട്ടുകാർ ഇടപെട്ട് ഇവരെ രക്ഷപ്പെടുത്തി. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ഗോതതുവയിൽ നിന്ന് കോസ്‌വാട്ടെയിലേക്കുള്ള റോഡിൽ ഭൂഗർഭ പൈപ്പ് പൊട്ടിയതിന്‍റെ ഫലമായി രൂപപ്പെട്ടതാണ് 16 അടി ആഴത്തിലുള്ള ഗര്‍ത്തം.”
ശ്രീലങ്കയിലെ ഗോദ ഗോദതുവ എന്ന സ്ഥലത്ത് ഭൂഗർഭ പൈപ്പ് പൊട്ടിയാണ് ഈ അപകടമുണ്ടായതെന്ന് മറ്റു ചില മാധ്യമങ്ങളിലും വാർത്ത നൽകിയിട്ടുണ്ട്. യുടിവി ലങ്ക എന്ന ഫേസ്ബുക്ക് പേജില്‍ ഇതേ വീഡിയോ നൽകിയിട്ടുണ്ട്.
ഇന്ന് (19) രാവിലെ ഗോതതുവയിലെ നാഷണൽ വാട്ടർ സപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർഡ് (NWSDB) ഓഫീസിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയിൽ മോട്ടോർ ബൈക്കിൽ മകളുടെ സ്കൂളിലേക്ക് പോവുകയായിരുന്ന ഒരാളും മകളും വീണു. 16 അടി താഴ്ചയുള്ള കുഴിയിൽ പൈപ്പ് പൊട്ടി വെള്ളം നിറഞ്ഞിരിക്കുകയാണ്. മറ്റുള്ളവരുടെ സഹായത്തോടെയാണ് പിതാവ് മകളെ രക്ഷപ്പെടുത്തിയത് എന്ന വിവരണത്തോടെ ശ്രീലങ്കയിൽ നിന്നുമുള്ള ഒരു യൂട്യൂബ് ചാനലിൽ ഇതേ വീഡിയോ നൽകിയിട്ടുണ്ട്.
ഈ അപകടം ശ്രീലങ്കയിൽ നടന്നതാണെന്നും ആർക്കും ഗുരുതരമായ പരിക്കില്ലെന്നും ഞങ്ങളുടെ ശ്രീലങ്കൻ ടീം സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ അപകടം ശ്രീലങ്കയിൽ നടന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. വെള്ളം നിറഞ്ഞ റോഡിലെ ഗർത്തത്തിലേക്ക് ഇരുചക്ര വാഹന യാത്രക്കാര്‍ തലകുത്തനെ വീഴുന്ന ദൃശ്യങ്ങൾ കേരളത്തിലെതല്ല. ശ്രീലങ്കയിലെ ഗോതതുവ എന്ന സ്ഥലത്ത് ഭൂഗർഭ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിൽ ബൈക്കുയാത്രക്കാരായ അച്ഛനും മകളും വീഴുന്ന ദൃശ്യങ്ങളാണിത്, ഈ അപകടത്തിന് കേരളവുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:റോഡിലെ അഗാധ ഗര്‍ത്തത്തില്‍ ബൈക്ക് യാത്രികര്‍ വീഴുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, ശ്രിലങ്കയിലെതാണ്...
Written By: Vasuki SResult: False