
വിവരണം
*നാട്ടറിവ്*
പണ്ട് കാലത്ത് മുരിങ്ങ നട്ടിരുന്നത് കിണറിന്റെയോ കുളത്തിന്റെയോ കരയിലായിരുന്നു. അതിനൊരു കാരണമുണ്ടായിരുന്നു. നില്ക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശം മുഴുവൻ വലിച്ചെടുക്കാൻ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്റെ തടിയിൽ സൂക്ഷിച്ചു വക്കുകയും ചെയ്യും. എന്നാൽ കടുത്ത മഴയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാൻ തടിക്കു സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോൾ വിഷത്തെ ഇലയിൽ കൂടി പുറത്തേക്ക് കളയാൻ മുരിങ്ങ ശ്രമിക്കുന്നു. അങ്ങനെ ഇല മുഴുവൻ വിഷമയമായി മാറുന്നു. ഈ വിഷം ഇലയിൽ ഉള്ളത് കൊണ്ടാണ് കർക്കിടകത്തിൽ മുരിങ്ങയില കഴിക്കാൻ പാടില്ല എന്ന് പഴമക്കാർ പറയുന്നത്.
കിണറിലേക്ക് അല്ലെങ്കിൽ കുളത്തിലേക്ക് ഊറി വരുന്ന വിഷത്തെ വലിച്ചെടുത്ത് വെള്ളത്തെ ശുദ്ധീകരിക്കാൻ സാധിച്ചിരുന്നത് കൊണ്ടാണ് പണ്ട് കാലങ്ങളിൽ കുളത്തിനരികിലോ കിണറ്റിൻ കരയിലോ പണ്ട് മുരിങ്ങ വച്ചു പിടിപ്പിച്ചിരുന്നത്. അതോണ്ട് സാധിക്കുന്നവർ കിണറിനും കുളത്തിനും ചുറ്റുമൊക്കെ മുരിങ്ങ വച്ച് പിടിപ്പിക്കാൻ ശ്രമിക്കുക. ഗാർഹികാവശ്യത്തിനുള്ള ജലത്തെ പണച്ചിലവില്ലാതെ തന്നെ ശുദ്ധീകരിക്കുക…… എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ കുറെ നാളുകളായി ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നമ്മുടെ പത്തനംതിട്ട എന്ന പേരിലുള്ള ഒരു പേജില്‍ കഴിഞ്ഞ 2018 ജൂണ്‍ 23ന് പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 724 ഷെയറുകളും 516 ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോള്‍ കര്‍ക്കിടക മാസമായതോടെ ഈ പോസ്റ്റ് പല വ്യക്തികളും പല പേജുകളും വ്യാപകമായി വീണ്ടും ഷെയര്‍ ചെയ്യുന്നുണ്ട്.

Archived Link |
എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ കര്‍ക്കിടക മാസത്തില്‍ മുരിങ്ങയിലയില്‍ വിഷമുണ്ടാകാറുണ്ടോ? പഴമക്കാര്‍ അവകാശപ്പെടുന്നതാണെന്ന അവകാശവാദം ഉന്നയിച്ച് പ്രചരിക്കുന്ന ഈ പോസ്റ്റിനെ കുറിച്ചുള്ള വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഗൂഗിളില്‍ മുരിങ്ങയിലയുടെ വിഷാംശത്തെ കുറിച്ച് സെര്‍ച്ച് ചെയ്‌തപ്പോഴാണ് മുരങ്ങയെ കുറിച്ച് പ്രചരിക്കുന്ന ഈ കഥയെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് മാതൃഭൂമിയുടെ ഓണ്‍ലൈനില്‍ കണ്ടെത്താന്‍ കഴിയുന്നത്. കാലങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മുരിങ്ങമരം കര്‍ക്കിടകമാസത്തില്‍ വിഷലിപ്‌തമാകുമെന്നതിനെ കുറിച്ചുള്ള വിദഗ്ധ അഭിപ്രായം തേടിയാണ് മാതൃഭൂമിയുടെ റിപ്പോര്‍ട്ട്. ഡോ. സുനില്‍ പി.കെ.യാണ് വിഷയത്തെ കുറിച്ചുള്ള പ്രതികരണം റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത് ഇങ്ങനെയാണ്-

മുരിങ്ങയിലയും മുരിങ്ങക്കോലുമെല്ലാം പോഷസമൃദ്ധമായ ആഹാരസാധനങ്ങളാണെന്നും എന്നാല്‍ ഇവ കര്‍ക്കിടക മാസത്തില്‍ വിഷയം വലിച്ചെടുക്കുമെന്നും ആ സമയത്ത് ഭക്ഷിക്കാന്‍ പാടില്ലെന്നതുമൊക്കെയുള്ളത് കെട്ടുകഥകള്‍ മാത്രമാണെന്നുമാണ് ഡോ. സുനില്‍ പി.കെ വ്യക്തമാക്കുന്നത്.
മാതൃഭൂമിയുടെ റിപ്പോര്‍ട്ട്-

ഡോ.സുനില്‍ പി.കെ ആക്ഷേപഹാസ്യ രൂപേണ ഫെയ്‌സ്ബുക്കില്‍ മുരിങ്ങയില കെട്ടുകഥയാണെന്നതിനെ കുറിച്ചെഴുതിയ പോസ്റ്റ്-

Archived Link | Archived Link |
നിഗമനം
ശിശുരോഗ വിദഗ്ധനും മുതിര്‍ന്ന ഡോക്‌റുമായ സുനില്‍ പി.കെ തന്നെ മുരിങ്ങയെ കുറിച്ചുള്ള കഥകള്‍ വെറും കെട്ടുകഥകള്‍ മാത്രമാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവ പോഷകസമൃദ്ധമായ ആഹാരമാണെന്നും എല്ലാ സാഹചര്യത്തിലും ഭക്ഷിക്കാന്‍ കഴിയുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പ്രചരണങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

Title:കര്‍ക്കിടക മാസത്തില്‍ മുരിങ്ങയില കഴിക്കുന്നത് അപകടകരമോ?
Fact Check By: Dewin CarlosResult: False
