വിവരണം

പുതുവത്സരത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങി കഴിഞ്ഞു. ആഘോഷങ്ങളും ഒത്തുചേരലുകളുമെല്ലാമായി 2023ന് വേണ്ടി ജനങ്ങള്‍ കാത്തിരിക്കുകയാണ്. ഇതിനിടയാലാണ് കേരളത്തിലെ മദ്യപര്‍ക്ക് സന്തോഷമേകുന്ന ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുള്ളത്. പുതുവത്സരം പ്രമാണിച്ച് ബാറുകള്‍ പുലര്‍ച്ച 5 മണി വരെ പ്രവര്‍ത്തിക്കുമെന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഒരു പത്രവാര്‍ത്ത കട്ടിങ്ങിന്‍റെ അടിസ്ഥാനത്താലാണ് ഈ പ്രചരണം. ഒരു സർക്കാർ തന്നെ ജനതക്ക് മുന്നിൽ പുലരുവോളം ലഹരി തുറന്ന് വെച്ചിട്ട് ലഹരി വിമുക്ത കേരളത്തിന് ആഹ്വാനം ചെയ്യുമ്പോൾ ആ സർക്കാർ എന്ത് വലിയ ദുരന്തമായിരിക്കും എന്ന തലക്കെട്ട് നല്‍കി സക്കീര്‍ വിപി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 35ല്‍ അധികം റിയാക്ഷനുകളും 22ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുതുവത്സര ദിനത്തിന്‍റെ ഭാഗമായി കേരളത്തില്‍ ബാറുകള്‍ പുലര്‍ച്ച 5 മണിവരെ തുറക്കാന്‍ സര്‍ക്കാരോ എക്‌സൈസ് വകുപ്പോ തീരുമാനമെടുത്തിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

കേരള എക്‌സൈസ് വകുപ്പിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് എക്‌സൈസ് വകുപ്പ് പ്രതികരിച്ച് പോസ്റ്റ് പങ്കുവെച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന ബാറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതെ സമയം കേരളത്തില്‍ അനുവദിച്ചിരിക്കുന്ന നിയമപരമായ പ്രവര്‍ത്തി സമയമായ 11 മണിക്ക് തന്നെ ബാറുകള്‍ അടയ്ക്കുമെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

എക്‌സൈസ് വകുപ്പിന്‍റെ പ്രതികരണം (ഫെയ്‌സ്ബുക്ക് പോസ്റ്റ്)-

Kerala Excise FB Post

നിഗമനം

പുതുവത്സര ദിനത്തോട് അനുബന്ധിച്ച് കേരളത്തില്‍ ബാറുകള്‍ പുലര്‍ച്ച 5 മണിവരെ പ്രചരിക്കുമെന്ന പ്രചരണം വ്യാജമാണെന്ന് എക്‌സൈസ് വകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വസ്‌തുത വിരുദ്ധമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പുതുവത്സര രാവില്‍ കേരളത്തില്‍ ബാറിന്‍റെ സമയം പുലര്‍ച്ച 5 മണി വരെയാക്കി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos

Result: False