1000 രൂപയുടെ പുതിയ നോട്ട് പുറത്തിറങ്ങിയോ…?

ദേശീയം | National

വിവരണം 

Kundara News

എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഒക്ടോബർ 15 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “വന്നല്ലോ ആയിരം രൂപ നോട്ട്….☝” എന്ന അടിക്കുറിപ്പോടെ 1000 രൂപാ നോട്ടിന്‍റെ ഇരു പുറങ്ങളുടെയും ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്. ഫേസ്‌ബുക്ക് പേജുകളിലും ട്വിറ്റർ അക്കൗണ്ടുകളിലും ഇതേ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. 

archived linkFB post

റിസർവ്  ബാങ്ക് 2000 രൂപയുടെ നോട്ടിന്‍റെ അച്ചടി നിർത്തുന്നുവെന്നും പുതിയ 500, 1000 രൂപ നോട്ടുകൾ വിനിമയത്തിനിറക്കുന്നുവെന്നും വാർത്തകൾ പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ഒരു വാർത്തയുടെ മുകളിൽ ഞങ്ങൾ വസ്തുതാ അന്വേഷണം നടത്തിയിരുന്നു. ലേഖനം താഴെയുള്ള ലിങ്ക് തുറന്നു വായിക്കാം.

2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചോ…?

ചിത്രത്തിൽ കാണിച്ചിരിക്കുന്ന പുതിയ 1000 രൂപ നോട്ടിന്‍റെ യാഥാർഥ്യം നമുക്ക് കൂടുതൽ അറിയാൻ ശ്രമിക്കാം. 

വസ്തുതാ വിശകലനം 

പോസ്റ്റിലെ 1000  രൂപ നോട്ടിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം ഞങ്ങൾ നടത്തി നോക്കി. ഈ നോട്ടുകൾ യഥാർത്ഥത്തിൽ 2016 ലെ നോട്ടു നിരോധനത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയതാണ്. 

1000 രൂപയുടെ പുതിയ നോട്ട് പുറത്തിറങ്ങുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ അവകാശപ്പെടുന്നു. 

twitterarchived link

വാർത്തയുടെ യാഥാർഥ്യം അറിയാൻ ഞങ്ങൾ കൊച്ചിയിലുള്ള റിസർവ് ബാങ്ക് ആസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. “ഇത് ഒരു വ്യാജ വാർത്തയാണ്. പുതിയ 1000 രൂപയുടെ നോട്ട് പുറത്തിറക്കുന്നു എന്ന് ഞങ്ങൾ ഇതുവരെ എവിടെയും അറിയിപ്പ് നൽകിയിട്ടില്ല.  അറിയിപ്പുകൾ ഞങ്ങളുടെ വെബ്‌സൈറ്റിൽ, നൽകുന്നതാണ്” ഇങ്ങനെയാണ് ആർബിഐ അധികൃതർ പ്രതികരിച്ചത്. 

പോസ്റ്റിൽ നൽകിയ നോട്ട് ഞങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ആർട്ടിസ്റ്റിക്ക് ഇമാജിനേഷൻ എന്ന് അതിൽ വലതു വശത്ത് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടു. 

ഇത് യഥാർത്ഥ നോട്ടല്ലെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. കൂടാതെ അതില്‍നല്‍കിയിരിക്കുന്ന ഒപ്പ് ശ്രദ്ധിയ്ക്കുക. ഗാന്ധിജിയുടെ ഒപ്പ് എന്ന പേരില്‍ പ്രസിദ്ധമായ ഒപ്പിനോട് ഇതിന് വളരെ സാദൃശ്യമുണ്ട്. 

പോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റായ വാർത്തയാണ്. പുതിയ 1000 രൂപ നോട്ട് പുറത്തിറക്കുന്നതായി ആർബിഐ അറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ല. പോസ്റ്റിലെ ചിത്രങ്ങൾ വ്യാജമായി സൃഷ്‌ടിച്ച 1000 രൂപയുടേതാണ്.

ഏതാനും മാധ്യമങ്ങളും വസ്തുത അന്വേഷണ വെബ്സൈറ്റുകളും വാര്‍ത്തയുടെ മുകളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ആർബിഐ 1000 രൂപാ നോട്ട് പുറത്തിറക്കിയിട്ടില്ല. ചിത്രത്തിൽ നൽകിയിരിക്കുന്നത് കൃത്രിമമായി ആരോ നിർമ്മിച്ച 1000 രൂപയുടെ നോട്ടാണ്. യഥാർത്ഥത്തിലുള്ളതല്ല. അതിനാൽ തെററിദ്ധാരണ സൃഷ്ടിക്കുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന്  മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Avatar

Title:1000 രൂപയുടെ പുതിയ നോട്ട് പുറത്തിറങ്ങിയോ…?

Fact Check By: Vasuki S 

Result: False