ബിജെപിയുടെ സിഎഎ അനകൂല യോഗത്തില്‍ പങ്കെടുക്കുന്ന ബിന്ദു അമ്മിണിയുടെ ചിത്രമാണോ ഇത്?

രാഷ്ട്രീയം | Politics

വിവരണം

ബിന്ദു അമ്മിണി. ശബരിമലയിൽ കയറിയ. സംഘി. പുത്രി..C A A അനുകൂല യോഗത്തിൽ ബിജെപിയുടെ. പുണ്യാളത്തിയായി… ഇപ്പോൾ മനസിലായില്ലേ. ശബരിമലയിൽ ബിജെപി നടത്തിയ നാടകം…എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ബിന്ദു അമ്മിണി ചിലരോടൊപ്പം നില്‍ക്കുന്ന ഒരു വീഡിയോ സ്ക്രീന്‍ഷോട്ട് ബിജെപിയുടെ ഔദ്യോഗിക പേജിലെ ലൈവില്‍ നിന്നും പകര്‍ത്തിയെന്ന രീതിയിലാണ് പ്രചരണം. Lakshm Lakshm Ranni എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,400ല്‍ അധികം ഷെയറുകളും 28ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ ബിജെപിയുടെ സിഎഎ അനുകൂല യോഗത്തില്‍ ബിന്ദു അമ്മിണി പങ്കെടുക്കുന്നതിന്‍റെ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് തന്നെയാണോ യഥാര്‍ഥത്തില്‍ പ്രചരിക്കുന്നത്? ബിന്ദു അമ്മിണി പങ്കെടുത്ത ഏത് പരിപാടിയുടെ സ്ക്രീന്‍ഷോട്ടാണ് പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ശബരിമലയില്‍ ഹിന്ദുത്വ സംഘടനകള്‍ യുവതിപ്രവേശന പ്രക്ഷോഭം നടത്തിയപ്പോള്‍ അതിനെ എതിര്‍ക്കാനും ശബരിമലയില്‍ പ്രവേശിക്കാനും എത്തിയ ബിന്ദു അമ്മണി ബിജെപിയുടെ സിഎഎ അനുകൂല പരിപാടിയില്‍ പങ്കെടുത്തു എന്നത് വസ്‌തുതാപരമാണോ എന്ന ചോദ്യം ഉയരുന്നതിനാലാണ് പോസ്റ്റിനെ കുറിച്ചുള്ള വിശദമായ അന്വേഷണം നടത്തുന്നത്. ബിന്ദു അമ്മിണിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ ഫെബ്രുവരി മൂന്നിന് അവര്‍ ടൈംലൈനില്‍ പങ്കുവെച്ച ഒരു പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു. ഞാനാരാ എസ്‌ഡിപിഐ, സിപിഎം, ബെജിപി, ഇതിലേതാ.. എന്ന തലക്കെട്ട് നല്‍കി പല രാഷ്ട്രീയപാര്‍ട്ടികളും തനിക്കെതിരെ പ്രചരിപ്പിച്ചിരിക്കുന്ന ആരോപണങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റ്. ഫെയ്‌സ്ബുക്ക് പ്രചരണത്തെ കുറിച്ചുള്ള സ്ക്രീന്‍ഷോട്ടുകള്‍ തന്നെയാണ് ഒട്ടുമിക്കതും. 

എന്നാല്‍ ബിജെപി കേരളം എന്ന ഔദ്യോഗിക പേജില്‍ സിഎഎ അനുകൂല പരിപാടിയില്‍ ബിന്ദു അമ്മിണി പങ്കെടുക്കുന്ന വീഡിയോകള്‍ ഒന്നും തന്നെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴി‍ഞ്ഞില്ല. അതെസമയം എസ്‌ഡിപിഐ കേരളയുടെ ഔദ്യോഗിക പേജില്‍ ഫെബ്രുവരി ഒന്നിന് പങ്കുവെച്ചിരിക്കുന്ന 44 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബിന്ദു അമ്മിണിയുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞു. ഫെയ്‌സ്ബുക്കില്‍ ബിജെപിയുടെ സിഎഎ അനുകൂല പരിപാടിയില്‍ പങ്കെടുക്കുന്ന ബിന്ദു അമ്മിണി എന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്ന അതെ ചിത്രമാണ് എസ്‌ഡിപിഐയുടെ വീഡിയോയില്‍ നിന്നുമുള്ള സ്ക്രീന്‍ഷോട്ട്. ധരിച്ചിരിക്കുന്ന വസ്‌ത്രവും ഒപ്പമുള്ളവരും എന്ന് തുടങ്ങിയ എല്ലാം താരതമ്യം ചെയ്യുമ്പോള്‍ വ്യക്തമായി മനസിലാക്കാം എസ്‌ഡിപിഐയുടെ പരിപാടിയുടെ വീഡിയോയിലാണ് ബിന്ദു അമ്മിണിയുടെ വീഡിയോ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന്. SDPI സിറ്റിസൺസ് മാർച്ചിനെ

അഭിസംബോധനം ചെയ്യാനെത്തുന്ന ഭീം ആർമി നേതാവ്

ചന്ദ്രശേഖർ ആസാദിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കുന്നു തത്സമയം എന്ന വീഡിയോയുടെ 13 മിനിറ്റുകള്‍ക്ക് ശേഷമാണ് ബിന്ദു അമ്മിണിയെ കാണാന്‍ കഴിയുന്നത്. ഈ രംഗം സ്ക്രീന്‍ഷോട്ടാക്കി ബിജെപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്ന രീതിയില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് പ്രചരിപ്പിച്ചിരിക്കുന്നതെന്നും ഇതോടെ വ്യക്തം.

എസ്‌ഡിപിഐ ലൈവ് വീഡിയോയുടെ പ്രസക്ത ഭാഗം-

പൂര്‍ണ്ണമായ വീഡിയോ-

എസ്‌ഡിപിഐയുടെ പേജിലെ ലൈവ് വീഡിയോയുടെ സ്ക്രീന്‍ഷോട്ട്-

ബിന്ദു അമ്മിണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Archived VideoArchived FB Post

നിഗമനം

എസ്‌ഡിപിഐയുടെ സിഎഎ വിരുദ്ധ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ സ്വീകരിക്കാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന ബിന്ദു അമ്മിണിയുടെ ചിത്രമാണ് ബിജെപിയുടെ സിഎഎ അനകൂല പരിപാടിയില്‍ പങ്കെടുക്കുന്നു എന്ന പേരില്‍ പ്രചരിപ്പിച്ചതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ബിജെപിയുടെ സിഎഎ അനകൂല യോഗത്തില്‍ പങ്കെടുക്കുന്ന ബിന്ദു അമ്മിണിയുടെ ചിത്രമാണോ ഇത്?

Fact Check By: Dewin Carlos 

Result: False