കുമരകത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയോ?

സാമൂഹികം

വിവരണം

കോട്ടയം കുമ്മനം, കുമരകം ഭാഗത്തു വെച്ചു കുട്ടികളെ തട്ടിയെടുക്കാൻ വന്ന കർണ്ണാടകക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പിടിച്ചപ്പോൾ..രണ്ടുപേർ ജീപ്പിൽനിന്നിറങ്ങി പരിസരം വീക്ഷിക്കുമ്പോൾ സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഇവർ ജീപ്പ് വിട്ടുപോയി.പക്ഷെ രണ്ടുപേർക്ക് കയറാൻ കഴിഞ്ഞില്ല. അങ്ങനെ പിടിച്ചു. രാവിലെ വാട്സ്ആപ്പ് ൽ വന്ന മെസ്സേജ് ആണിത്. പെട്ടെന്ന് ഷെയർ ചെയ്യുക.. എന്ന തലക്കെട്ട് നല്‍കി രണ്ട് പേരെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എം.ആര്‍.മുരളി ടിവിഎല്‍എ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഇതുവരെ 664ല്‍ അധികം ഷെയര്‍ ചെയ്യുകയും 36 പേര്‍ റിയാക്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ കോട്ടയത്ത് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെയാണോ? എന്താണ് വസ്‌‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

വിഷയത്തെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി കോട്ടയം ജില്ലയിലെ കുമരകം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. സ്റ്റേഷന്‍ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ സംഭവത്തെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്. വസ്ത്ര വില്‍പ്പനയ്ക്ക് വേണ്ടി വന്ന ഇതരസംസ്ഥാനക്കാരുടെ സംഘത്തെയാണ് ജനങ്ങള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഭാഷയറിയാതെ ഭയപ്പെട്ട് നിന്നവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നതാണെന്ന് തെറ്റ്ദ്ധരിച്ചാണ് ജനങ്ങള്‍ പിടികൂടിയത്. എന്നാല്‍ ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷം കുറ്റവാളികളല്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ അവരെ വിട്ടയച്ചെന്നും പോലീസ് വ്യക്തമാക്കി.

നിഗമനം

കുമരകത്ത് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തില്‍പ്പെട്ടവരല്ലെന്നും കേവലം വസ്ത്രവില്‍പ്പനയ്ക്ക് വേണ്ടി എത്തിയ ഇതരസംസ്ഥാനക്കാരാണെന്നും പോലീസ് തന്നെ വ്യക്തമാക്കി. അതുകൊണ്ട് പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കുമരകത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയോ?

Fact Check By: Dewin Carlos 

Result: False