ഡിവൈഎഫ്ഐയുടെ പ്രതിഷേധം ഡൽഹിയിലേതല്ല, പശ്ചിമ ബംഗാളിലേതാണ്
വിവരണം
ഡൽഹിയിൽ കോൺഗ്രസിനും ആപ്പൻമ്മാർക്കും കഴിയാത്തതു.. #Dyfi കാണിച്ചു കൊടുത്തു.....#Red salute #comrades എന്ന വിവരണവുമായി ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൗരത്വ ബില്ലിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ സമരത്തിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സമരക്കാർ മുദ്രാവാക്യം വിളിച്ചു മുന്നോട്ട് നീങ്ങുന്നതും പോലീസ് വലയം ബലം പ്രയോഗിച്ച് മറികടക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒപ്പം വീഡിയോ ചിത്രീകരിച്ചയാൾ നൽകുന്ന വിവരണവും വീഡിയോയിലുണ്ട്.
archived link | FB post |
ഈ സമരം പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ ഡൽഹിയിൽ നടന്നതല്ല. മറിച്ച് പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ്. വാർത്തയുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്:
വസ്തുതാ വിശകലനം
ഈ വീഡിയോയിൽ നൽകിയിരിക്കുന്ന വിവരണം ബംഗാളി ഭാഷയിലാണ്. വിവരണത്തിന്റെ തുടക്കത്തിൽ സിലിഗുരി എന്ന് പറയുന്നത് വ്യക്തമായി കേൾക്കാൻ സാധിക്കും അതിനാൽ ഞങ്ങൾ ഞങ്ങളുടെ ബംഗാളി പ്രതിനിധിയോട് വീഡിയോയെ കുറിച്ച് ചോദിച്ചപ്പോൾ ഇത് പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നടന്നതാണ് എന്ന് വിശദമാക്കി.
വീഡിയോയിൽ പറയുന്നതിന്‍റെ ബംഗാളി പരിഭാഷ ഇങ്ങനെയാണ്
"ഡി.എഫ്.വൈ.ഐയുടെ സമരമായ ഉത്തർ കോന്യ അഭിയാനിൽ നിന്നും.. സിലിഗുരി കമ്മീഷണറുടെ ആളുകൾ ടീൻ ബട്ടിയിൽ മാർച്ച് തടഞ്ഞു. പ്രതിഷേധ മാർച്ച് തടയാനാണ് അവർ ശ്രമിക്കുന്നത്. മാർച്ച് ഇതിനകം ടീന്‍ബറ്റിയില്‍ എത്തിക്കഴിഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോകാൻ ശ്രമിക്കുകയാണ്. സ്ഥിതിഗതികൾ പിരിമുറുക്കത്തിലാണ്, ഇവിടെ 100ലധികം ഡി.വൈ.എഫ്‌ഐ. പ്രവര്‍ത്തകരാണുള്ളത്.
സിഎഎയ്ക്കും എൻആർസിക്കും എതിരായ സമരമാണിത്.
ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുമ്പോൾ ഒരു വശത്ത് പോലീസ് പ്രതിഷേധക്കാരെ തടയാൻ ശ്രമിക്കുന്നു"
തുടർന്ന് ഞങ്ങൾ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞപ്പോൾ ടൈംസ് ഓഫ് ഇന്ത്യ ഇതേപ്പറ്റി പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു.
വാർത്തയുടെ പരിഭാഷ ഇങ്ങനെയാണ് :
സിലിഗുരി: ബുധനാഴ്ച നടന്ന റാലിക്കിടെയുണ്ടായ പോരാട്ടത്തിൽ ആറ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും നേതാക്കൾക്കും മൂന്ന് പോലീസുകാർക്കും പരിക്കേറ്റു.
ഇടതുപക്ഷം ഭരിക്കുന്ന സിലിഗുരി മുനിസിപ്പൽ കോർപ്പറേഷനും സിലിഗുരി മഹുകുമ പരിഷത്തിനോടും സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തിനും പൌരത്വ ബില്ലിനെതിരെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉത്തര കന്യയിലേയ്ക്ക് നടത്തിയ റാലി അക്രമാസക്തമായി. തൊഴിലില്ലാത്ത യുവാക്കൾക്ക് ജോലി നൽകണമെന്നും തേയിലത്തോട്ടങ്ങൾ വീണ്ടും തുറക്കണമെന്നും റാലി പ്രവർത്തകർ ആവശ്യപ്പെട്ടു.
റാലിക്ക് നേതൃത്വം നൽകിയത് ഡി.വൈ.എഫ്.ഐ പ്രസിഡന്‍റ് മീനാക്ഷി മുഖർജി, സംസ്ഥാന സെക്രട്ടറി ശ്യന്ദീപ് മിത്ര, ഡാർജിലിംഗ് ജില്ലാ ഡി.വൈ.എഫ്.ഐ സെക്രട്ടറി സൗരഷിസ് റോയ് എന്നിവരാണ്.
ഉത്തരകന്യയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ടിൻബട്ടി മോറിൽ പോലീസ് സ്ഥാപിച്ച അലുമിനിയം മതിൽ പ്രതിഷേധക്കാര്‍ പൊളിച്ചു മാറ്റിയതായി ആരോപണം ഉയർന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസുകാർ ബലപ്രയോഗം നടത്തുകയും പോലീസുകാര്‍ക്ക് നേരെ കല്ലേറ് ഉണ്ടാകുകയും ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കലതൻ ദാസ് ഗുപ്ത, ആക്ടിവിസ്റ്റ് സദാത് ഹുസൈൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
“പ്രകോപനമില്ലാതെ പോലീസ് ലാത്തിച്ചാർജ് തുടങ്ങി.,” ഡിവൈഎഫ്‌ഐ വ്യാഴാഴ്ച സംസ്ഥാനത്തുടനീളം പ്രതിഷേധം ആചരിക്കുമെന്നും മുഖർജി പറഞ്ഞു.
റാലിക്ക് അനുമതി തേടിയിരുന്നില്ലെന്ന് സിലിഗുരി പോലീസ് മേധാവി ത്രിപുരാരി അതർവ് പറഞ്ഞു.”
ഡൽഹിയിൽ ഡിവൈഎഫ്ഐ എന്തെങ്കിലും പ്രതിഷേധ പ്രകടനം നടത്തിയോ എന്നറിയാനായി ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞപ്പോൾ 2019 ഡിസംബർ 19 ന് ഡൽഹിയിലെ മണ്ഡി ഹൌസ്സിൽ നിന്നും പാർലമെന്‍റുവരെ ഒരു പ്രതിഷേധറാലി സംഘടിപ്പിച്ച വാർത്ത ലഭിച്ചു. ഇതല്ലാതെ ഡൽഹിയിലെ സമരം അക്രമാസക്തമായ ശേഷം ഡിവൈഎഫ്ഐ എന്തെങ്കിലും അക്രമാസക്തമായ പ്രതിഷേധം നടത്തിയതായി വാർത്തകളില്ല.
ഡിവൈഎഫ്ഐയുടെ പശ്ചിമ ബംഗാൾ മേഖല യുണിറ്റ് അവരുടെ ഫേസ്‌ബുക്ക് പേജിൽ സിലിഗുരിയിൽ നടന്ന റാലിക്കിടെ ഉണ്ടായ സംഘർഷത്തിന്‍റെ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം തെറ്റാണ്. ഡിവൈഎഫ്‌ഐയുടെ ഈ പ്രതിഷേധം ഡെൽഹിൽ നടന്നതല്ല
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. ഡിവൈഎഫയുടെ ഈ പ്രതിഷേധം നടന്നത് ഡെൽഹിയിലല്ല. പാശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ്. ഡെൽഹിയുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.
Title:ഡിവൈഎഫ്ഐയുടെ പ്രതിഷേധം ഡൽഹിയിലേതല്ല, പശ്ചിമ ബംഗാളിലേതാണ്
Fact Check By: Vasuki SResult: False