പ്രധാനമന്ത്രി നരേന്ദ്രമോദി ഇടയ്ക്ക് യുഎഇ സന്ദർശിക്കുമ്പോൾ വളരെ സൗഹാർദ്ദപരമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിക്കാറുള്ളത് ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് നിരവധി പുതിയ കരാറുകൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് സൗദിയിൽ നരേന്ദ്രമോദിയുടെ അര്‍ദ്ധകായ സ്വർണ്ണപ്രതിമ സ്ഥാപിച്ചു എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

പ്രചരണം

ദൃശ്യങ്ങളിൽ നരേന്ദ്രമോദിയുടെ അര്‍ദ്ധകായ സ്വർണ്ണ പ്രതിമ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം, 156 എന്ന് അതിൽ എഴുതിയിട്ടുള്ളതും വ്യക്തമാണ്. സൗദിയിൽ നരേന്ദ്രമോദിയുടെ അര്‍ദ്ധകായ സ്വർണ്ണ പ്രതിമ സ്ഥാപിച്ചു എന്ന അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: എല്ലാരും മെഴുകു പ്രതിമകൾ സ്ഥാപിക്കുമ്പോൾ സൗദിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വർണ പ്രതിമ തന്നെ സ്ഥാപിച്ചിരിക്കുന്നു. കേരളത്തിൽ കുറച്ചു പേർക്ക് ദഹനക്കേട് 😂

archived linkFB post

എന്നാൽ ഈ ദൃശ്യങ്ങൾ സൗദിയിൽ നിന്നുള്ളതല്ല എന്നും ഇന്ത്യയിൽ തന്നെയുള്ളതാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങൾ നരേന്ദ്രമോദിയുടെ സ്വർണ്ണ പ്രതിമ എന്ന കീ വേർഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ പല ദേശീയ മാധ്യമങ്ങളും സ്വർണ്ണവിഗ്രഹവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്തകൾ ലഭ്യമായി. 2023 ജനുവരി 20ന് എ‌ന്‍ഡിടിവി പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം ഗുജറാത്തിലെ സൂറത്തിലെ ഒരു സ്വർണ്ണ വ്യാപാരി തയ്യാറാക്കിയതാണ് നരേന്ദ്രമോദിയുടെ ഈ അര്‍ദ്ധകായ സ്വർണപ്രതിമ.

ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള ഒരു ജ്വല്ലറി അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ വൻ വിജയത്തിന്‍റെ സ്മരണയ്ക്കായി 18 കാരറ്റ് സ്വർണ്ണത്തിൽ 156 ഗ്രാം ഭാരമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ കൊത്തിയെടുത്തു.

കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 182-ൽ 156 സീറ്റുകളും ബിജെപി നേടിയതിന്‍റെ സ്മരണാര്‍ത്ഥമാണ് പ്രധാനമന്ത്രിയുടെ സ്വർണമാലയുടെ ഭാരം 156 ഗ്രാമായി നിലനിർത്തിയെന്ന് ആഭരണ നിർമാണ സ്ഥാപനമായ രാധിക ചെയിൻസിന്‍റെ ഉടമ ബസന്ത് ബോറ പറഞ്ഞു. വിഗ്രഹം ജനങ്ങളിൽ തൽക്ഷണ ഹിറ്റായി മാറി. പലരും ഇത് വാങ്ങാൻ താൽപ്പര്യപ്പെടുന്നു, എന്നാൽ ഈ സൃഷ്ടി വിൽക്കാൻ ജ്വല്ലറി ഇതുവരെ തീരുമാനിച്ചിട്ടില്ല.

"ഞാൻ നരേന്ദ്ര മോദിയുടെ ആരാധകനാണ്, അദ്ദേഹത്തിന് സ്നേഹാഞ്ജലിയായി എന്തെങ്കിലും ഉണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചു. ഏകദേശം 20 ജോലിക്കാര്‍ ഞങ്ങളുടെ ഫാക്ടറിയിൽ ഇത് നിർമ്മിക്കാൻ ഏകദേശം മൂന്ന് മാസമെടുത്തു. അന്തിമ ഫലത്തിൽ ഞാൻ സംതൃപ്തനാണ്. ഇത് ഇപ്പോൾ വിൽപ്പനയ്‌ക്കില്ല, ”20 വർഷമായി സൂററ്റിൽ സ്ഥിരതാമസമാക്കിയ രാജസ്ഥാൻ സ്വദേശിയായ ബോഹ്‌റ പറഞ്ഞു.

വിഗ്രഹത്തെ കുറിച്ച് എ‌എന്‍‌ഐ ന്യൂസ് പ്രസിദ്ധീകരിച്ച ദൃശ്യങ്ങള്‍ കാണാം:

ബോംബെ ഗോള്‍ഡ് എക്സിബിഷന് പ്രദര്‍ശിപ്പിച്ചത് എന്ന വിവരണത്തോടെ 2023 ജനുവരി 11 ന് പോസ്റ്റു ചെയ്ത ട്വിറ്റര്‍ വീഡിയോ അന്വേഷണത്തില്‍ ലഭിച്ചു.

ഞങ്ങളുടെ ഗുജറാത്ത് പ്രതിനിധി വിഗ്രഹം നിർമ്മിച്ച രാധിക ചെയിൻ ഉടമയുമായി സംസാരിച്ചു അദ്ദേഹം അറിയിച്ചത് ഇങ്ങനെയാണ്: “ഈ വിഗ്രഹം ഞങ്ങള്‍ നിര്‍മ്മിച്ചതാണ്. ഇപ്പോള്‍ ഞങ്ങള്‍ ഇത് വിറ്റു. ഇന്ത്യയില്‍ തന്നെയുള്ള സ്വകാര്യ വ്യക്തിയാണ് വാങ്ങിയത്. ഒരിയ്ക്കലും സൌദിയിലേയ്ക്കല്ല വില്‍പ്പന നടത്തിയത്. ഇത് തെറ്റായ പ്രചരണമാണ്.”

പല മാധ്യമങ്ങളും മോദിയുടെ സ്വര്‍ണ്ണ വിഗ്രഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ സൌദിയില്‍ ഈ വിഗ്രഹം പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്ന് ഒരിടത്തും പരാമര്‍ശമില്ല.

പോസ്റ്റിലെ വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങളിലുള്ള മോദിയുടെ സ്വര്‍ണ്ണ വിഗ്രഹം സൌദിയില്‍ നിന്നുള്ളതല്ല. ഗുജറാത്തില്‍ ഒടുവില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബി‌ജെ‌പി വന്‍ ഭൂരിപക്ഷം നേടിയതിന്‍റെ ആഹ്ലാദം പ്രകടിപ്പിക്കാനായി സൂററ്റിലുള്ള സ്വര്‍ണ്ണ വ്യാപാരി 156 ഗ്രാം സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച മോദിയുടെ പ്രതിമയാണിത്. സൌദിയുമായി മോദിയുടെ ഈ വിഗ്രഹത്തിന് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സൌദിയില്‍ സ്ഥാപിച്ച നരേന്ദ്ര മോദിയുടെ അര്‍ദ്ധകായ സ്വര്‍ണ്ണ പ്രതിമ – വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്...

Written By: Vasuki S

Result: False